നാല് ഇന്ത്യക്കാരടക്കം 22 പേരുമായി നേപ്പാളില്‍ നിന്ന് പുറപ്പെട്ട വിമാനം കാണാതായി. പോഖ്‌റയില്‍ നിന്നും ജോംസോമിലേക്ക് പുറപ്പെട്ട ടാര എയര്‍ലൈന്‍സിന്റെ വിമാനമാണ് കാണാതായത്.

ലാന്‍ഡ് ചെയ്യുന്നതിന് തൊട്ടുമുമ്പ് വിമാനത്തില്‍ നിന്നുള്ള സന്ദേശം നിലച്ചു. രാവിലെ 9.50നാണ് അവസാന സന്ദേശം ലഭിച്ചത്. വിമാനത്തിനുള്ള തിരച്ചിലിനായി മസ്താങ്ങില്‍ നിന്നും പോഖ്‌റയില്‍ നിന്നും രണ്ട് സ്വകാര്യ ഹെലികോപ്റ്ററുകള്‍ ആഭ്യന്തര മന്ത്രാലയം വിന്യസിച്ചിട്ടുണ്ട്.

ഇത് കൂടാതെ നേപ്പാള്‍ ആര്‍മി ഹെലികോപ്റ്ററും തിരച്ചിലിന് തയ്യാറെടുക്കുകയാണെന്ന് മന്ത്രാലയ വക്താവ് ഫദീന്ദ്ര മനി പൊഖാരെല്‍ അറിയിച്ചു.

ഇന്ത്യക്കാര്‍ കൂടാതെ രണ്ട് ജര്‍മന്‍ സ്വദേശികളും 13 നേപ്പാള്‍ സ്വദേശികളും വിമാനത്തിലുണ്ടായിരുന്നു. ജോംസണിലെ ഘാസയില്‍ നടുക്കുന്ന ശബ്ദം കേട്ടതായി ജോംസണ്‍ വിമാനത്താവളത്തിലെ എയര്‍ ട്രാഫിക് കണ്‍ട്രോളറുടെ സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.