അടച്ചുറപ്പുള്ള സുരക്ഷിത ഭവനമാണ് എല്ലാവരുടെയും സ്വപ്‌നം. ടാര്‍പോളിന്‍ ഷീറ്റ് വലിച്ചു കെട്ടിയ വീട്ടില്‍ നിന്നും ഷോക്കേറ്റ് മരിച്ച അജ്ന ജോസെന്ന പതിനൊന്ന് വയസ്സുകാരി കോവിഡ് കാലത്തെ തീരാ നൊമ്പരമായിരുന്നു.

ഓണ്‍ലൈന്‍ പഠനത്തിനായി മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഷോക്കേറ്റാണ് ആറാം ക്ലാസ് വിദ്യാര്‍ഥിനിയായ അജ്ന ജോസ് മരിച്ചത്. ഓയൂര്‍ വാളിയോട് മറവന്‍കോട് മിച്ചഭൂമി കോളനിയില്‍ അജോ ഭവനില്‍ ജോസ് അനിത ദമ്പതികളുടെ മകളാണ്.

അടച്ചുറപ്പുള്ള വീട് എന്ന സ്വപ്നത്തിലേക്ക് എത്താന്‍ കൊതിച്ച കുടുംബത്തിന് വിശ്വശാന്തി ഫൗണ്ടേഷന്റെ ശാന്തി ഭവനം എന്ന പദ്ധതി ആ സ്വപ്‌നം യാഥാര്‍ഥ്യമാക്കിയിരിക്കുകയാണ്.

അജ്‌ന ജോസിന്റെ കുടുംബത്തിന് കൈത്താങ്ങായിരിക്കുകയാണ് മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷന്‍. ‘ശാന്തിഭവനം’ പദ്ധതിയുടെ ഭാഗമായി ആദ്യമായൊരുക്കിയ വീട് അജ്‌നയുടെ കുടുംബത്തിന് കൈമാറിയിരിക്കുകയാണ്. മോഹന്‍ലാല്‍ തന്നെയാണ് ഈ സന്തോഷം അറിയിച്ചത്.

അജ്നയെ തങ്ങളുടെ പ്രാര്‍ത്ഥനകളില്‍ എപ്പോഴും ഓര്‍ക്കുമെന്നും മോഹന്‍ലാല്‍ പറഞ്ഞു. സമൂഹത്തിലെ നിര്‍ദ്ധനരായവര്‍ക്ക് ഗുണമേന്മയുള്ള വീട് നല്‍കാനുള്ള വിശ്വശാന്തിയുടെ സംരംഭമാണ് ‘ശാന്തിഭവനം’. ഇത് സാധ്യമാക്കാന്‍ ഞങ്ങളോടൊപ്പം പ്രവര്‍ത്തിച്ചതിന് ‘ലാല്‍ കെയേഴ്സ് കുവൈറ്റി’ന് ഈ അവസരത്തില്‍ നന്ദി അറിയിക്കുന്നുവെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ഈ പദ്ധതിയിലൂടെ, ആവശ്യക്കാരായ കൂടുതല്‍ പേരെ സഹായിക്കാന്‍ ശ്രമിക്കുമെന്നും നടന്‍ പറഞ്ഞു.

2015ലാണ് സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി മോഹന്‍ലാല്‍ വിശ്വശാന്തി ഫൗണ്ടേഷന്‍ ആരംഭിക്കുന്നത്. മോഹന്‍ലാലിന്റെ മാതാപിതാക്കളുടെ പേരിലാണ് ഫൗണ്ടേഷന്‍ ആരംഭിച്ചത്. ഇതിനോടകം തന്നെ നിരവധി ആളുകള്‍ക്ക് സഹായ ഹസ്തവുമായി മോഹന്‍ലാലും സംഘടനയും രംഗത്തെത്തിയിരുന്നു.