ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിൽ എലിസബത്ത് രാജ്ഞിയുടെ ജന്മശതാബ്ദി ആചരിക്കുന്ന വേളയിൽ, അവരുടെ ജീവിതവും പൊതുസേവന പ്രതിബദ്ധതയും അനുസ്മരിച്ച് പുതിയ ചാരിറ്റി സ്ഥാപിക്കും . 1926 ഏപ്രിൽ 21ന് ജനിച്ച എലിസബത്ത് രാജ്ഞി, ഏഴ് പതിറ്റാണ്ടിലേറെ നീണ്ട ഭരണകാലത്ത് ജനങ്ങളോടുള്ള അടുപ്പവും സേവനമനോഭാവവും കൊണ്ടാണ് ശ്രദ്ധേയയായത്. ഈ പശ്ചാത്തലത്തിലാണ് “ക്വീൻ എലിസബത്ത് ട്രസ്റ്റ്” എന്ന പേരിൽ പുതിയ സംരംഭം ആരംഭിക്കുന്നത്. സർക്കാർ £40 മില്യൺ രൂപയുടെ ഒറ്റത്തവണ ധനസഹായം നൽകുന്നതോടൊപ്പം, ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കത്തിൽ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും പിന്തുണയും ഉറപ്പാക്കും. ഈ ട്രസ്റ്റിന് ചാൾസ് രാജാവ് രക്ഷാധികാരിയായി പ്രവർത്തിക്കുന്നത് പദ്ധതിക്ക് കൂടുതൽ പ്രാധാന്യം നൽകുന്നുവെന്ന് വിലയിരുത്തപ്പെടുന്നു.

സമൂഹത്തിലെ പൊതുസ്ഥലങ്ങൾ നവീകരിക്കുകയും ആളുകൾക്ക് ഒരുമിച്ചു കൂടാനും ബന്ധപ്പെടാനും കഴിയുന്ന ഇടങ്ങൾ സൃഷ്ടിക്കുകയുമാണ് ട്രസ്റ്റിന്റെ പ്രധാന ലക്ഷ്യം. നഗരങ്ങളിലും ഗ്രാമങ്ങളിലും ഉപയോഗശൂന്യമായി കിടക്കുന്ന കെട്ടിടങ്ങൾ, പാർക്കുകൾ, ലൈബ്രറികൾ, കമ്മ്യൂണിറ്റി ഹാളുകൾ തുടങ്ങിയവ പുതുക്കി സമൂഹജീവിതത്തിന്റെ കേന്ദ്രങ്ങളാക്കാനുള്ള പദ്ധതികളാണ് പ്രധാനമായും തയ്യാറാക്കുന്നത്. “എല്ലാവരും നമ്മുടെ അയൽക്കാരാണ്” എന്ന രാജ്ഞിയുടെ വിശ്വാസത്തെ അടിസ്ഥാനം ചെയ്ത് സമൂഹ ഐക്യം ശക്തിപ്പെടുത്തുന്നതിനും വിവിധ പ്രായത്തിലുള്ളവർക്കും പശ്ചാത്തലങ്ങളിലുള്ളവർക്കും ഒരുപോലെ പങ്കാളിത്തം ഉറപ്പാക്കുന്നതിനും പ്രത്യേക ശ്രദ്ധ നൽകും. ട്രസ്റ്റിന്റെ ചെയർമാനായി നിയമിതനായ സിർ ഡാമൺ ബഫിനി, ഈ സംരംഭം രാജ്യത്തെ സമൂഹങ്ങൾക്കിടയിൽ പുതിയ ബന്ധങ്ങളും സഹകരണവും വളർത്തുമെന്ന് വ്യക്തമാക്കി. കൂടാതെ, പ്രാദേശിക പരിപാടികൾ സംഘടിപ്പിക്കാൻ ആവശ്യമായ പരിശീലനവും കഴിവുകളും സമൂഹങ്ങൾക്ക് നൽകുന്നതും ട്രസ്റ്റിന്റെ പ്രധാന ഭാഗമാകും.

2022ൽ 96-ാം വയസ്സിൽ അന്തരിച്ച രാജ്ഞി ഏപ്രിൽ 21ന് 100 -ാം ജന്മദിനം ആഘോഷിക്കേണ്ടതായിരുന്നു. അവരുടെ സ്മരണയ്ക്കായി ജനജീവിതത്തെ നേരിട്ട് സ്വാധീനിക്കുന്ന “ലൈവിംഗ് മെമ്മോറിയൽസ്” സൃഷ്ടിക്കുന്നതിന് ആയിരിക്കും ട്രസ്റ്റ് മുൻഗണന നൽകുക . ഈ പുതിയ ട്രസ്റ്റ് അതിന്റെ തുടർച്ചയായി സമൂഹത്തിന്റെ ദൈനംദിന ജീവിതത്തിൽ സ്ഥിരമായ മാറ്റങ്ങൾ കൊണ്ടുവരുന്ന പദ്ധതികൾ നടപ്പാക്കുമെന്നാണ് പുറത്തുവരുന്ന റിപോർട്ടുകൾ സൂചിപ്പിക്കുന്നത് . രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചെറിയതും വലുതുമായ നിരവധി പദ്ധതികൾ വഴി ആളുകൾക്ക് ഒന്നിച്ചു കൂടാനും പങ്കിടാനും കഴിയുന്ന ഇടങ്ങൾ വർധിപ്പിക്കുക എന്നതാണ് ലക്ഷ്യം. ഇതിലൂടെ റാണിയുടെ പൈതൃകം ഭാവിതലമുറകളിലും നിലനിൽക്കുമെന്നും, അവരുടെ സേവനമൂല്യങ്ങൾ സമൂഹത്തിൽ കൂടുതൽ ശക്തമായി പകരുമെന്നും അധികൃതർ അഭിപ്രായപ്പെട്ടു.











Leave a Reply