വിയ്യൂർ ജയിലിന് സ്വന്തമായി ടിവി ചാനൽ. വാർത്തകൾ വായിക്കാനും എഡിറ്റ് ചെയ്യാനും തടവുകാർ. ഫ്രീഡം ചാനലിലൂടെ ആഴ്ചയില്‍ രണ്ട് ദിവസം തടവുകാര്‍ക്ക് വാര്‍ത്തകളും വിശേഷങ്ങളും കാണാം. ഇന്ത്യയില്‍ ആദ്യമായാണ് ജയിലില്‍ ഇത്തരമൊരു സംരംഭം ഒരുക്കുന്നത്. ഒന്നരക്കോടി രൂപയുടെ ഹൈടെക് അടുക്കള ഒരുക്കിയും വിയ്യൂർ ജയിൽ ശ്രദ്ധ നേടിയിരുന്നു.

തടവുകാര്‍ നിര്‍മ്മിക്കുന്ന ഹ്രസ്വചിത്രങ്ങള്‍, കോമഡി ഷോ, മിമിക്രി എന്നിവയും ഇതോടൊപ്പമുണ്ട്. മൂന്ന് മാസം മുമ്പാണ് ഫ്രീഡം ചാനല്‍ സംപ്രേഷണം തുടങ്ങിയത്. ടിവി കാണുന്നതിന് തടവുകാര്‍ക്ക് പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ക്യാമറയ്ക്ക് പിന്നിലും സാങ്കേതിക വൈദഗ്ധ്യമുളള തടവുകാര്‍. എഡിറ്റിംഗിനായി പ്രത്യേക സംഘം വേറെ. തടവുകാരുടെ നിയമ സംബന്ധമായ സംശയങ്ങള്‍ക്ക് ജയില്‍ അധികൃതര്‍ മറുപടി നല്‍കുന്ന ലോ പോയൻറാണ് മറ്റൊരു ആകര്‍ഷണം. മൊത്തത്തിൽ പറഞ്ഞാൽ ജയിൽ വിഷയങ്ങളെല്ലാം ചാനലിൽ ച‍ർച്ചയാവുന്നുണ്ട്.

തടവുകാര്‍ക്ക് ഫ്രീഡം ചാനലില്‍ സംപ്രേഷണം ചെയ്യുന്ന പരിപാടികളെ പ്രതികരണം അറിയിക്കുന്നതിന് എല്ലാ ബ്ലോക്കുകളിലും ഫ്രീഡം ബോക്സുകളും സ്ഥാപിച്ചിട്ടുണ്ട്. ഫ്രീഡം ചാനലിന്‍റെ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകുന്നതോടെ ജയിലിന് പുറത്തിറങ്ങിയാലും നല്ലൊരു വരുമാനമാർഗം കണ്ടെത്താമെന്ന പ്രതീക്ഷയിലാണ് തടവുകാർ.