ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിലേയ്ക്ക് എത്തുന്നവരെ ഏജൻസികൾ കബളിപ്പിക്കുന്ന വാർത്തകൾക്കിടയിൽ നേഴ്സുമാർക്ക് സന്തോഷം നൽകുന്ന ഒരു വാർത്തയാണ് ഞങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നോർക്കയും എൻഎച്ച്എസും കൈകോർത്തതിന്റെ ഫലമായി കേരളത്തിൽനിന്ന് നേരിട്ട് നേഴ്സുമാരെ എൻഎച്ച്എസ് തെരഞ്ഞെടുത്തിരുന്നു. യുകെയിലെത്തിയ ഇവർക്ക് എൻഎച്ച്എസ് ഹംബർ ആൻഡ് നോർത്ത് യോർക്ക് ഷെയർ റീജിയന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി.

നോർക്കയും എൻഎച്ച്എസും സംയുക്തമായി സംഘടിപ്പിച്ച റിക്രൂട്ട്മെന്റിലൂടെ വന്നവരിൽ നേഴ്സുമാരെ കൂടാതെ ഡോക്ടർമാർ , ഫിസിയോതെറാപ്പിസ്റ്റുകൾ, ഡെന്റിസ്റ്റുകൾ ഡയറ്റീഷ്യന്മാർ എന്നിവരും ഉൾപ്പെട്ടിട്ടുണ്ട്. കൊച്ചിയിൽ വച്ചാണ് റിക്രൂട്ട്മെൻറ് ഫെസ്റ്റ് നടത്തിയത്. കേരളത്തിൽ നേഴ്സിങ് മേഖലയിൽ ജോലിയുള്ളവരുടെ സ്വപ്നഭൂമിയാണ് എൻഎച്ച്എസ്. പക്ഷേ അടുത്തകാലത്ത് യുകെയിൽ നേഴ്സിങ് ,കെയർ മേഖലയിൽ ജോലിക്കായി ഏജൻസികൾ വഴി എത്തുന്നവർ കബളിക്കപ്പെടുന്ന വാർത്തകൾ പതിവായിരിക്കുകയാണ്. ഏജൻസികൾക്ക് പണം നൽകാതെ നേരിട്ട് എൻഎച്ച്എസിൽ ജോലി സമ്പാദിക്കാമെന്നതാണ് നോർക്ക വഴിയുള്ള റിക്രൂട്ട്മെന്റിന്റെ ഏറ്റവും വലിയ മെച്ചം.

തൊഴിൽപരമായ ഉയർച്ച ആഗ്രഹിക്കുന്ന കേരളത്തിൽ നിന്നുള്ള നേഴ്സുമാരെ എൻഎച്ച്എസ് എപ്പോഴും സ്വാഗതം ചെയ്യുമെന്ന് നോർക്കയുമായി കൈകോർക്കുന്നതിൽ നേതൃത്വം വഹിച്ച മൈക്ക് റീവ് പറഞ്ഞു.
യുകെയിലുള്ള മലയാളികൾ ഭൂരിഭാഗവും ജോലി ചെയ്യുന്നത് ആരോഗ്യ മേഖലയിലാണ്. ഈ വർഷത്തെ മികച്ച നേഴ്സിനുള്ള അവാർഡിന് അപേക്ഷ ക്ഷണിച്ചപ്പോൾ വളരെ മികച്ച പ്രതികരണമാണ് യുകെയിൽ എമ്പാടുമുള്ള നേഴ്സിംഗ് കമ്മ്യൂണിറ്റിയിൽ നിന്ന് ലഭിച്ചത്. ഒക്ടോബർ 28-ാം തീയതി ഗ്ലാസ്കോയിൽ വച്ച് നടന്ന മലയാളം യുകെ അവാർഡ് നൈറ്റിൽ യുകെയിൽ നിന്നുള്ള മികച്ച നേഴ്സിനുള്ള അവാർഡ് നോർഫോക്കിലെ ക്യൂൻ എലിസബത്ത് ഹോസ്പിറ്റൽ അക്യൂട്ട് മെഡിക്കൽ യൂണിറ്റിൽ നേഴ്സ് ആയ റ്റിൻസി ജോസാണ് അർഹയായത്.