ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : എൻഎച്ച്എസിൽ ജീവനക്കാരുടെ ക്ഷാമം അതിരൂക്ഷമെന്ന് മന്ത്രിമാർ. ഈ ഒഴിവുകൾ രോഗികളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്നുവെന്നും അവർ മുന്നറിയിപ്പ് നൽകി. ഇംഗ്ലണ്ടിൽ 12,000 ആശുപത്രി ഡോക്ടർമാരുടെയും 50,000-ലധികം നഴ്‌സുമാരുടെയും മിഡ്‌വൈഫുമാരുടെയും കുറവുണ്ട്. എൻ എച്ച് എസ് ചരിത്രത്തിലെ ഏറ്റവും വലിയ തൊഴിൽ പ്രതിസന്ധിയാണ്. പുതിയ പ്രധാനമന്ത്രി അധികാരമേൽക്കുമ്പോൾ ജീവനക്കാരുടെ ക്ഷാമം പരിഹരിക്കുകയെന്നതിന് പ്രഥമ പരിഗണന നൽകണമെന്ന് എംപിമാർ പറയുന്നു.

കോമൺസ് ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ സെലക്ട് കമ്മിറ്റിയുടെ അധ്യക്ഷനായ മുൻ ആരോഗ്യ സെക്രട്ടറി ജെറമി ഹണ്ട് തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഈ പ്രതിസന്ധിയെപ്പറ്റി പറയുന്നത്. എൻ എച്ച് എസിൽ സ്ഥിരമായി ജീവനക്കാരില്ലാത്തത് രോഗികളുടെ സുരക്ഷയ്ക്ക് ഗുരുതരമായ അപകടസാധ്യത സൃഷ്ടിക്കുന്നു. സർക്കാരിന്റെ ദീർഘകാല പദ്ധതിയുടെ അഭാവമാണ് ഇതിന് കാരണം. സ്‌കോട്ട്‌ലൻഡ് , വെയിൽസ് , നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിലെ ആരോഗ്യ സേവനങ്ങൾ സമാനമായ സമ്മർദ്ദങ്ങൾ നേരിടുന്നുണ്ട്.

2021 മാർച്ചിനും 2022 മാർച്ചിനും ഇടയിൽ 500-ലധികം മിഡ്‌വൈഫുകൾ ജോലി ഉപേക്ഷിച്ചിട്ടുണ്ട്.കൂടുതൽ ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നതിനും നിലനിർത്തുന്നതിനുമുള്ള ഒരു ദീർഘകാല പദ്ധതി വികസിപ്പിക്കാൻ എൻഎച്ച്എസ് ഇംഗ്ലണ്ടിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ വക്താവ് പറഞ്ഞു. 2024 ഓടെ 50,000 നഴ്സുമാരെ കൂടി റിക്രൂട്ട് ചെയ്യുമെന്ന് സർക്കാർ പറയുമ്പോഴും ആരോഗ്യ മേഖല ഇപ്പോൾ വലിയ പ്രതിസന്ധിയിലൂടെയാണ് നീങ്ങുന്നത്.