ന്യൂസ് ഡെസ്ക്, മലയാളം യുകെ
യോർക്ക്ഷയർ: ബ്രിട്ടനിൽ മൃഗശാലയിലെ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട യുവാവിന്റെ ചികിത്സാ രേഖകൾ അനുമതിയില്ലാതെ പരിശോധിക്കാൻ ശ്രമിച്ചെന്ന സംശയത്തിൽ രണ്ട് ആരോഗ്യപ്രവർത്തകർക്കെതിരെ അന്വേഷണം. യോർക്ക്ഷയർ ആംബുലൻസ് സർവീസ് എൻഎച്ച്എസ് ട്രസ്റ്റിലെ രണ്ട് ജീവനക്കാരാണ് അന്വേഷണ പരിധിയിലുള്ളത്. യോർക്ക്ഷയർ വൈൽഡ്ലൈഫ് പാർക്കിൽ ശനിയാഴ്ച നടന്ന അപകടത്തെ തുടർന്ന് അടിയന്തര സേവനത്തിനായി എത്തിയ സംഘത്തിലെ ജീവനക്കാരാണിവർ. സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങളോ ചികിത്സാ രേഖകളോ ഔദ്യോഗികമായ കാരണമില്ലാതെ പരിശോധിക്കുകയോ പരിശോധിക്കാൻ ശ്രമിക്കുകയോ ചെയ്തതായി സംശയിക്കുന്നുവെന്ന് ട്രസ്റ്റ് അറിയിച്ചു. വിവരങ്ങളുടെ രഹസ്യസ്വഭാവം ലംഘിക്കപ്പെട്ടിരിക്കാമെന്ന പരാതി ഇൻഫർമേഷൻ കമ്മീഷണറുടെ ഓഫീസിനും കൈമാറിയിട്ടുണ്ട്.

ഡോൺകാസ്റ്റർ സ്വദേശിയായ വില്യം ചാപ്മാൻ (23) ആണ് കടുവയുടെ ആക്രമണത്തിൽ മരിച്ചത്. 200 കിലോഗ്രാം ഭാരമുള്ള അൾട്ടായ് എന്ന സൈബീരിയൻ കടുവയുടെ കൂട്ടിലേക്ക് യുവാവ് കയറിയതിനെ തുടർന്നായിരുന്നു ആക്രമണം. കടുവയുടെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ചാപ്മാൻ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. പ്രാഥമിക പോസ്റ്റ്മോർട്ടത്തിൽ ഒന്നിലധികം ഗുരുതരമായ പരുക്കുകളാണ് മരണകാരണമെന്ന് കണ്ടെത്തി. യുവാവിന് സ്കീസോഫ്രീനിയ ഉണ്ടായിരുന്നെന്നും ഇടയ്ക്കിടെ മാനസിക വിഭ്രാന്തി അനുഭവപ്പെട്ടിരുന്നെന്നും മരണവുമായി ബന്ധപ്പെട്ട പ്രാഥമിക കോടതി നടപടികളിൽ വ്യക്തമായി. എന്നാൽ സ്വതന്ത്രമായി ജീവിച്ചിരുന്ന അദ്ദേഹത്തിന് പരിചരണത്തിന്റെ ആവശ്യമുണ്ടായിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. മാനസികാരോഗ്യ സേവനങ്ങളുമായുള്ള യുവാവിന്റെ ബന്ധത്തെ കുറിച്ച് കുടുംബം ആശങ്കകൾ ഉന്നയിച്ചിട്ടുണ്ട്.

യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട് മാനസികാരോഗ്യ സേവനങ്ങളുടെ ഇടപെടലുകളെ കുറിച്ച് റോതർഹാം, ഡോൺകാസ്റ്റർ, സൗത്ത് ഹംബർ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റും അന്വേഷണം ആരംഭിച്ചു. മരണത്തെക്കുറിച്ചുള്ള പൂർണമായ വിചാരണ അടുത്ത മാർച്ച് 18ന് നടക്കും. അപകടത്തെ തുടർന്ന് അടച്ചിട്ടിരുന്ന യോർക്ക്ഷയർ വൈൽഡ്ലൈഫ് പാർക്ക് വെള്ളിയാഴ്ച വീണ്ടും തുറന്നു. സന്ദർശകരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് ഏറ്റവും പ്രാധാന്യമെന്ന് പാർക്ക് അധികൃതർ അറിയിച്ചു. അതേസമയം, ചികിത്സാ രേഖകളുടെ രഹസ്യസ്വഭാവം ലംഘിക്കപ്പെട്ടിട്ടുണ്ടോയെന്ന കാര്യത്തിൽ അന്വേഷണം തുടരുകയാണ്.











Leave a Reply