ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- മനുഷ്യന്റെ അടിമവേലയിലൂടെ നിർമ്മിക്കപ്പെടുന്ന എല്ലാവിധ ഉൽപ്പന്നങ്ങളുടെയും ഉപയോഗത്തിൽ നിന്ന് എൻ എച്ച് എസിനെ വിലക്കുവാൻ പുതിയ നിയമം കൊണ്ടുവരുവാൻ തീരുമാനിച്ചിരിക്കുകയാണ് ബ്രിട്ടീഷ് ഗവൺമെന്റ്. ഇതോടെ ചൈനയുടെ വിവിധ ഭാഗങ്ങളിൽ നിന്നും കോടികൾ വിലവരുന്ന മെഷീനുകളും മറ്റും വാങ്ങുവാൻ എൻഎച്ച് എസിനു സാധിക്കുകയില്ല. ചൈനയിൽ ഭൂരിഭാഗം സ്ഥലങ്ങളിലും നിർബന്ധിത അടിമവേല നടക്കുന്നുണ്ടെന്നുള്ളതിന്റെ വ്യക്തമായ റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുള്ളതാണ്. ആധുനിക കാലത്ത് നടക്കുന്ന അടിമത്തം പൂർണമായും നീക്കം ചെയ്യുക എന്നുള്ള ഉദ്ദേശത്തോടെയാണ് പുതിയ തീരുമാനം നടപ്പിലാക്കുന്നത് എന്നാണ് ഗവൺമെന്റ് വൃത്തങ്ങൾ അറിയിച്ചത്. ഈ തീരുമാനം അടുത്തയാഴ്ച വോട്ടെടുപ്പിലൂടെ എംപിമാർ പാസാക്കും എന്നാണ് വ്യക്തമാകുന്നത്. ആരോഗ്യ സെക്രട്ടറി സാജിദ് ജാവേദ് പുതിയ നിയമം വെള്ളിയാഴ്ച പാർലമെന്റിൽ അവതരിപ്പിക്കും. നിലവിലുള്ള ഹെൽത്ത് ആൻഡ് സോഷ്യൽ ബില്ലിന്റെ ഭേദഗതി ആയിട്ടാകും പുതിയ നിയമം അവതരിപ്പിക്കുക.

ഇതോടെ എൻഎച്ച്എസിൽ മനുഷ്യന്റെ നിർബന്ധിത അടിമവേലയിലൂടെ നിർമ്മിക്കപ്പെട്ട യാതൊരുവിധ ഉപകരണങ്ങളും ഉപയോഗിക്കുകയില്ല എന്ന തീരുമാനം ആണ് കൈക്കൊണ്ടിരിക്കുന്നത്. കോവിഡ് സമയത്ത് ബ്രിട്ടൻ നിരവധി ബില്യൺ പൗണ്ടിന്റെ ആരോഗ്യ ഉപകരണങ്ങൾ ചൈനയിൽ നിന്നും ഇറക്കുമതി ചെയ്തിരുന്നു. എന്നാൽ ഇവയിൽ ഭൂരിഭാഗവും അടിമവേല യിലൂടെ നിർമിക്കപ്പെതാണെന്ന ആരോപണത്തെ തുടർന്നാണ് പുതിയ നിയമം പാസാക്കാൻ തീരുമാനിച്ചിരിക്കുന്നത്. ബ്രിട്ടീഷ് ഗവൺമെന്റ് ഫെബ്രുവരിയിൽ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ കോവിഡ് കാലത്ത് ചൈനയിൽ നിന്ന് 5.8 ബില്യൺ പൗണ്ടിന്റെ ലാറ്ററൽ ഫ്ലോ ടെസ്റ്റ്‌ കിറ്റുകൾ മാത്രം വാങ്ങിയതായി വിശദീകരിച്ചിരുന്നു. വെസ്റ്റേൺ ചൈനയിലെ സിൻജിയാങ് പ്രവിശ്യയിൽ നിർബന്ധിത അടിമവേല നടക്കുന്നുണ്ടെന്ന് വ്യക്തമായ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഗവൺമെന്റിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി നിരവധിപേർ തങ്ങളുടെ മറുപടികളിൽ വ്യക്തമാക്കി.