ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ തിരുവാതുക്കൽ ശ്രീവത്സം വീട്ടിൽ ടി.കെ. വിജയകുമാറിന്റെ മകൻ ഗൗതമിനെ (28) ട്രെയിൻതട്ടി മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത മാറുന്നില്ല. കാരിത്താസ് റെയിൽവേ ക്രോസിനു സമീപം ശനിയാഴ്ച പുലർച്ചെയാണ് ഗൗതമിന്റെ മൃതദേഹം കണ്ടെത്തിയത്.

വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പൊലീസിനു ലഭിച്ചിട്ടില്ല. മുതിർന്ന ഫൊറൻസിക് വിദഗ്ധരുടെ നിരീക്ഷണം കൂടി പരിശോധിച്ചതിനുശേഷം വിശദമായ റിപ്പോർട്ട് നൽകാമെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നതെന്നു പൊലീസ് പറയുന്നു. ഗൗതമിന്റെ സംസ്കാരം ഇന്നു 12ന്.

മൃതദേഹം കണ്ടെത്തിയ റെയിൽവേ ക്രോസിന്റെ സമീപത്തുനിന്നു നൂറുമീറ്റർ മാറി ഗൗതമിന്റെ കാർ കണ്ടെത്തിയിരുന്നു. കാറിൽ രക്തം ചിതറിത്തെറിച്ച നിലയിലും കഴുത്തു മുറിക്കാൻ ഉപയോഗിച്ച കത്തി രക്തം പുരണ്ട നിലയിലും കാണപ്പെട്ടു. കഴുത്തുമുറിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു പരാജയപ്പെട്ടപ്പോൾ ട്രെയിനിനു മുന്നിൽച്ചാടി ആത്മഹത്യ ചെയ്തതാകാമെന്നും പൊലീസ് പറയുന്നു.

കഴുത്തിലെ മുറിവ് ഒഴികെ മൃതദേഹത്തിൽ കണ്ടെത്തിയ പരുക്കുകൾ മുഴുവൻ ട്രെയിൻ ഇടിച്ചാൽ ഉണ്ടാകാവുന്ന പരുക്കുകളാണെന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിരീക്ഷണം.കഴുത്തിലെ മുറിവ് കാറിൽ കണ്ടെത്തിയ പേപ്പർ മുറിക്കാൻ ഉപയോഗിക്കുന്ന കത്തികൊണ്ടുള്ളതാണെന്നു വ്യക്തമായിട്ടുണ്ട്.

ഈ കത്തി കൊണ്ട് ആഴത്തിൽ കഴുത്തു സ്വയം മുറിക്കാൻ കഴിയുമോ എന്നതിനും ഉത്തരം ലഭിക്കേണ്ടതുണ്ട്. കഴുത്തിന്റെ ഇരുവശങ്ങളിലും ആഴത്തിൽ മുറിച്ചപ്പോൾ പ്രധാന ഞരമ്പുകൾ അറ്റുപോയിരുന്നു. ഇത്തരത്തിൽ ആഴത്തിൽ മുറിവേറ്റ ഒരാൾ ബോധത്തോടെ 100 മീറ്റർ ദൂരം നടന്നു റെയിൽവേ ട്രാക്ക് വരെ എങ്ങനെ എത്തിയെന്നുള്ളതിനും ട്രെയിൻ വരുന്നതുവരെ കാത്തുനിന്നു മുന്നിലേക്കു ചാടിയെന്നുള്ളതിനും ഉത്തരം കണ്ടെത്തേണ്ടതുണ്ട്.

അച്ഛൻ വിജയകുമാറുമായി രാത്രി എട്ടിനും ഫോണിൽ സ്വഭാവികമായി സംസാരിക്കുകയും വൈകിട്ടു കഴിക്കുവാൻ ഭക്ഷണം വാങ്ങി കൊണ്ടുവരണോയെന്നു ചോദിക്കുകയും ചെയ്ത ഗൗതം മണിക്കൂറുകൾക്കുള്ളിൽ ആത്മഹത്യ ചെയ്തു എന്നതിലെ അസ്വഭാവികതയും സംശയത്തിന് ഇടനൽകുന്നുവെന്നു ബന്ധുക്കൾ പറയുന്നു.

ഗൗതമിന്റെ കാർ നിർത്തിയിട്ടിരുന്നതിനോടു ചേർന്നുള്ള വീട്ടിൽ പരിസരങ്ങൾ മുഴുവൻ വ്യക്തമാകുന്ന വിധമുള്ള സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരുന്നു. എന്നാൽ ഏതാനും മാസം മുൻപു മതിൽ പെളിച്ചുപണിതപ്പോൾ ഇതു മാറ്റി.

പകരം പുതിയത് എത്തിക്കുകയും വെള്ളിയാഴ്ച സ്ഥാപിക്കാൻ വേണ്ടി ടെക്നീഷ്യന്മാർ എത്തുകയും ചെയ്തിരുന്നു.എന്നാൽ മഴ മൂലം ശനിയാഴ്ച വന്ന് ഇവ സ്ഥാപിക്കാമെന്നു പറഞ്ഞ് ഇവർ തിരിച്ചുപോകുകയായിരുന്നു.