തിരിച്ചറിവിന്റെ തിരശീലകൾ
കാറിൽ വന്നിറങ്ങിയ സിസ്റ്റർ കാർമേൽ പുറത്തുനിന്ന് രണ്ട് വനിതാപോലീസുകാരുമായി സംസാരിക്കുന്ന നോറിനെ ഉറ്റുനോക്കി. പോലീസുകാരിൽ ഒരുവൾ കറുത്തനിറമുള്ളവളും മറ്റേത് ബ്രിട്ടീഷുകാരിയുമാണ്. കറുമ്പി അവിടെ കൂടി നിന്ന സ്ത്രീകളെ അടിമുടി നോക്കുന്നുണ്ടായിരുന്നു. അവളുടെ കറുത്ത തലമുടി കയറുപോലെ പിരിച്ച് കെട്ടിയിരിക്കുന്നു. സിസ്റ്റർ കാർമേലിന് പ്രത്യേകിച്ച് ഒരു സന്ദേഹവും തോന്നിയില്ല. ഫാത്തിമ സിസ്റ്റർ കർമേലിനോട് അവർ വന്നത് ഇങ്ങനെ വിവരിച്ചു.
“”ഇവിടെ ജനിച്ചു വളർന്ന ഒരു മുസ്ലീം പെൺകുട്ടിക്ക് അറേബ്യയിലെ ഏതോ ഒരു ഭീകരസംഘടനയുമായി ബന്ധമുണ്ട്. അവളെ തിരഞ്ഞു വന്നതാണ്”. അകത്ത് കയറി അവർ പരിശോധിച്ചു.
സിസ്റ്റർ ഇങ്ങനെ പറഞ്ഞു
“”ഞങ്ങൾ കുറ്റവാളികളെയും രാജ്യദ്രോഹികളെയും ഇവിടെ പാർപ്പിക്കില്ല. ദൈവത്തിന്റെ പേരിൽ ആണയിട്ട്, മാനസാന്തരപ്പെട്ട്, തികച്ചും നിർമ്മല ജീവിതം നയിക്കുന്നവരാണ് ഇവിടെയുള്ളവർ. അവർ വീണ്ടും തിന്മയിലേക്ക് വീഴാതിരിക്കാൻ ഞങ്ങൾ കരുതലും, പ്രാർത്ഥനയും, ധ്യാനവും, ത്യാഗവും നൽകുന്നു.
നിങ്ങൾ അന്വേഷിക്കുന്നതരത്തിൽ ആരും ഇവിടെയില്ല.
നിങ്ങൾ വിശ്വസിച്ചേ പറ്റു” സിസ്റ്റർ നോറിൻ കാര്യഗൗരവത്തോടെ പറഞ്ഞു.
കറുത്ത പോലീസുകാരി ആരുമായോ ഫോണിൽ സംസാരിച്ചു. ഇവിടെ തെരുവ് വേശ്യകളെ കണ്ടെത്തി പാർപ്പിക്കുമ്പോൾ ഇൗ യുവതികൾ തെരുവുനായ്ക്കളെ പോലെ മറ്റുള്ളവരെ കടിച്ചുകീറി കൊല്ലാൻ അനുവദിക്കില്ല. ഇൗ പേപ്പട്ടികളെ വെടിവച്ചുകൊല്ലുകതന്നെ വേണം. ആരോടോ പോലീസുകാരി ഫോണിലൂടെ ശൗര്യം പ്രകടമാക്കുന്നു. അകത്തേക്ക് പോയ പോലീസുകാർ പ്രതീക്ഷിച്ച യുവതിയെ കാണാതെ നിരാശരായി പുറത്തുവന്നു. അവർ സിസ്റ്റർ കാർമേലിനോടും നോറിനോടും ഒരു ക്ഷമാപണം നടത്തിയിട്ട് യാത്രയായി.
“” ദൈവ മക്കളും അറിവുള്ളവരും ജ്ഞാനികളും പാർക്കുന്ന പട്ടണങ്ങളിലാണ് സമാധാനമുള്ളത്. ദൈവത്തിന്റെ കണ്ണുകൾ എന്നും നീതിമാന്മാരുടെ മേൽ തന്നെയാണ്” സിസ്റ്ററ് കാർമേൽ പറഞ്ഞു.
മനുഷ്യർ വിദ്വോഷം വിട്ടകന്ന് സമാധാനം അന്വേഷിക്കാൻ ഇടവരട്ടെയെന്ന് മനസ്സിൽ പ്രാർത്ഥിച്ചു. അവർ സിസ്റ്റർ കാർമേലിന്റെ മുറിയിൽ വന്നിരുന്ന് അഭിസാരികയായ ജസീക്കയെപ്പറ്റി വിശദമായി സംസാരിച്ചു.
“” ജസീക്കയെ സഹായിക്കുവാൻ നമ്മൾ മുന്നോട്ട് തന്നെ വരണം. നമുക്ക് ഒഴിഞ്ഞുമാറാൻ പറ്റില്ല. ഇതുപോലെ എത്രയെത്ര രാജ്യങ്ങളിൽ സ്ത്രീകൾ പീഡിപ്പിക്കപ്പെടുന്നു. നമ്മൾ പോകുന്ന ഒാരൊ രാജ്യങ്ങളിലും നമ്മുടേതായ സഹോദര സ്ഥാപനങ്ങൾ സ്ഥാപിക്കണം. പാപത്തിൽ ജീവിക്കാൻ സ്ത്രീകളെ അനുവദിക്കരുത്. ഇന്ന് തന്നെ റോമിൽ നിന്നുള്ള പിതാവിന്റെ അനുവാദം ഞാൻ വാങ്ങും. സിസ്റ്റർ ധൈര്യമായി മുന്നോട്ട് പോകുക” സിസ്റ്റർ നോറിൻ അറിയിച്ചു.
“” ജസീക്ക മാനസാന്തരപ്പെട്ട് നന്മയുടെ വഴി തെരെഞ്ഞെടുത്തിരിക്കുന്നു. അവൾ ചെയ്തുകൂട്ടിയ തിന്മകൾക്ക് പകരമായി നന്മകൾ ചെയ്തിട്ട് മരിക്കാനാണ് അവളുടെ ആഗ്രഹം. അവിടുത്തെ ഭരണാധിപൻന്മാർക്കു പോലും അവളെ ഭയമാണ്.
അവളുടെ മനസുതുറന്നാൽ പലരുടെയും തൊപ്പികളും കസേരകളും തെറിക്കും. അതും അനൂകൂലമായ ഒരു ഘടകമാണ് ” സിസ്റ്റർ കാർമേൽ പറഞ്ഞു. “” അടുത്തമാസത്തെ ബോർഡ് ഒാഫ് ഡയറക്ടേഴ്സ് മീറ്റിംഗിൽ ഇതും അജണ്ടയിൽ ഉൾപ്പെടുത്തണം. വേശ്യകൾ പെരുകുന്ന രാജ്യങ്ങളിൽ നമ്മുടെ സ്ഥാപനം അനിവാര്യമാണ്”. നോറിൻ പറഞ്ഞതിനോട് സിസ്റ്റർ കാർമേൽ യോജിച്ചു. “” സിസ്റ്റർ നമ്മൾ ചോദിച്ച രണ്ട് സിസ്റ്റേഴ്സിന്റെ കാര്യം എന്തായി? കിട്ടുമോ? ” സിസ്റ്റർ കാർമേൽ ഒാർമിപ്പിച്ചു. “” ഞാനും പിതാവുമായുള്ള ബന്ധം സിസ്റ്റർക്കറിയില്ലെ? തന്റെ ആവശ്യം നിരസിക്കില്ല. നല്ല രണ്ട് സിസ്റ്റേഴ്സിനായി തിരച്ചിൽ തുടങ്ങിയെന്നാണ് എന്നോട് ഫോണിൽ പറഞ്ഞത്. നമുക്ക് പ്രാർത്ഥിക്കാം” അവിടേക്ക് ധൃതിയിൽ ഫാത്തിമ കടന്നുവന്നിട്ടറിയിച്ചു.
“”സിസ്റ്റർ ഇവിടെ തിരച്ചിലിനെത്തിയ പോലീസ് ഭീകരസംഘടനയുമായി ബന്ധമുള്ള ഒരു പാകിസ്ഥാനി പെണ്ണിനെ പിടിച്ച വാർത്ത ഇപ്പോൾ ന്യൂസിൽ കണ്ടു ഇൗസ്റ്റ് ലണ്ടനിലെ ഏതോ മോസ്ക്കിന് മുന്നിൽ വെച്ചാണ് അറസ്റ്റുചെയ്തത്. അവൾ ഒറ്റക്കല്ല ഒരു സോമാലിയക്കാരിയുമുണ്ട്.”
ആ വാർത്ത അവർക്ക് ആശ്വാസകരമായിരുന്നു. സിസ്റ്റർ കാർമേൽ അതിനോട് പ്രതിവചിച്ചു.
“” മനുഷ്യൻ ഒരു അണു തൂക്കം തിന്മ ചെയ്താൽ അതും പടച്ചോൻ കാണുമെന്ന് ഇതിലൂടെ മനസ്സിലായില്ലേ? ഫാത്തിമ വന്നതുകാര്യമായി. അടുത്ത മീറ്റിംഗിനുള്ള കുറേ പേപ്പർ തയ്യാറാക്കാനുണ്ട്. ഞങ്ങളെ ഒന്നു ഹെൽപ്പ് ചെയ്യ്” തുടർന്നവൾ എഴുത്തിലും പേപ്പറുകളിലും മുഴികിയിരുന്നു.
ബ്രിട്ടനിലെങ്ങും മഴയും മഞ്ഞും പൂക്കളും പൊഴിഞ്ഞുതുടങ്ങി. പുതുവർഷത്തിന്റെ ആരംഭത്തിൽ ജസീക്കയുടെ നേതൃത്വത്തിൽ ആരംഭിച്ച ലേഡീസ് കെയർ ഹോമിന്റെ ഉദ്ഘാടനചടങ്ങിന് മെക്സിക്കോയിലും ബ്രസീലിലും സിസ്റ്റർ കാർമേലും നോറിനും റോമിൽ നിന്നും ആ രാജ്യങ്ങളിലെ ബിഷപ്പൻന്മാരും പങ്കെടുത്തു.
രണ്ട് രാജ്യങ്ങളിലെ മെഡിക്കൽ, ആതുരസേവനരംഗത്ത് ബിരുദം നേടിയ രണ്ട് കന്യാസ്ത്രീകളെ സ്ഥാപനത്തിന്റെ ഭരണചുമതലയേൽപ്പിച്ച് പ്രവർത്തനമാരംഭിച്ചു. അതിൽ കന്യാസ്ത്രീവസ്ത്രംപോയ വേശ്യകളുമുണ്ടായിരുന്നു. അവരുടെ പീഡനകദനകഥകൾ ആരംഭിക്കുന്നതും കന്യാസ്ത്രീകളുടെ മഠങ്ങളിൽ നിന്നായിരുന്നു. ജസീക്കയുടെ ജീവകാരുണ്യപ്രവർത്തനങ്ങൾകണ്ട് ഭരണത്തിലുള്ളവരും ആശ്ചര്യപ്പെട്ടു. സുന്ദരിമാരായ സ്ത്രീകളെ തങ്ങൾക്ക് കാഴച്വെച്ചുകൊണ്ടിരുന്നവൾ പുണ്യപ്രവർത്തനങ്ങളിൽ ഏർപ്പെട്ടത് അവർക്ക് വിശ്വസിക്കാനായില്ല. യേശുക്രിസ്തു ഇവൾക്ക് പ്രത്യക്ഷപ്പെട്ടോ? അതായിരുന്നു ചിലരുടെ സംശയം. സിസ്റ്റർ കാർമേലും നോറിനും അവിടെ സന്ദർശിച്ച് അവരുടെ പ്രവർത്തനങ്ങൾ വിലയിരുത്താറുണ്ടായിരുന്നു.
സിസ്റ്റർ കാർമേലിന്റെ ഇന്ത്യാസന്ദർശനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ജനിച്ചു വളർന്ന നാടും നഗരങ്ങളും സഹോദരനെ കാണാനും മനസ്സാഗ്രഹിച്ചു.
സിസ്റ്റർ കാർമേലിന്റെ അവധിക്കാലത്ത് സേവനം ചെയ്യാനായി ജർമ്മനിയിൽ നിന്നുള്ള ഒരു കന്യാസ്ത്രീയെത്തി. അത് നോറിന് സഹായമായി.
കഴിഞ്ഞ മുപ്പത്തഞ്ച് വർഷങ്ങൾക്കിടയിൽ ആദ്യമായിട്ടാണ് ഇന്ത്യയിലേക്ക് പോകുന്നത്. മനസ്സ് തുള്ളിച്ചാടുന്നു. സഹോദരനെ നേരിൽ കാണാനും പരസ്പരം അറിയുവാനും പോകുന്നു. മറ്റോരു ആഗ്രഹം ബഹ്റനിൽ പോയപ്പോൾ മക്കയിൽ നന്നുള്ള സംസം എന്ന പരിശുദ്ധജലം കുടിച്ചിരുന്നു. ഗംഗയിലെ പരിശുദ്ധ ജലവും കൽക്കട്ട യാത്രയിൽ കുടിക്കണം. ഇൗ രണ്ട് ജലവും മറ്റ് ജലം പോലയല്ല. എത്രനാൾ വേണമെങ്കിലും സൂക്ഷിച്ചുവെക്കാം. ഹിമപ്രപഞ്ചത്തിൽ നിന്നുവരുന്ന പരിശുദ്ധിയുള്ളതാണ് ഗംഗാജലം. നാടൊക്കെ നഗരങ്ങളായി വളർന്നുകാണും. പിതാവിന്റെ ശവകുടീരം കാണുക എന്നത് മനസ്സിനുള്ളിലെ വലിയ ആഗ്രഹമാണ്. ഏകാഗ്രതയോടെ ഇരുന്ന് നിമിഷങ്ങളിൽ മൊബൈൽ ശബ്ദിച്ചു.
ലണ്ടനിലെ ഹീദ്രു വിമാനത്താവളത്തിലേക്ക് ഇറങ്ങുന്ന ദിവസം ജസീക്കയുടെ ഫോൺ വന്നു. സംസ്സാരത്തിനിടയിൽ ധൈര്യമായി മുന്നേറാൻ അവൾക്ക് പ്രചോദനം കൊടുത്തു. സുന്ദരദേശമായ കേരളവും ഇന്ത്യയുമൊക്കെ കാണാൻ ആഗ്രഹമുണ്ടെന്നും സിസ്റ്റർ മടങ്ങിവരുന്നതിന് മുൻമ്പ് താൻ വരുമെന്നുമറിയിച്ചപ്പോൾ സിസ്റ്റർക്ക് അതിരറ്റ സന്തോഷം തോന്നി. ദൈവത്തിന്റെ സ്വന്തം നാട്ടിലേക്കവളെ സ്വാഗതം ചെയ്തു. ബ്രിട്ടീഷ് ഇന്ത്യയുടെ ആദ്യത്തെ തലസ്ഥാനമായ കൽക്കട്ടയും മദർ തെരേസയുടെ ആതുര സ്ഥാപനവും കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ സിസ്റ്റർ കൊടുത്ത മറുപടി. ആദ്യം ഞാൻ കൽക്കട്ടയിൽ ചെന്നിട്ട് അറിയിക്കാമെന്നാണ്.
കാറിൽ കയറുന്നതിന് മുൻപ് കൂട്ടമായി നിന്ന അവിടുത്തെ അന്തേവാസികളോട് കൈയ്യുയർത്തി സ്നേഹപുരസ്സരം വിട പറഞ്ഞു. സിസ്റ്റർ നോറിനെ കെട്ടിപ്പിടിച്ച് ചുംബിച്ചു. മെർളിനും ഫാത്തിമയും സിസ്റ്റർക്കൊപ്പം കാറിൽ യാത്രയായി. വിമാനത്താവളത്തിലെത്തി രണ്ടുപേരും കെട്ടിപ്പുണർന്ന് വിട പറയുമ്പോൾ അവരുടെ മുഖം ശോകമൂഖമായിരുന്നു. ഇനിയും സിസ്റ്ററെ കാണണമെങ്കിൽ മാസങ്ങൾ കഴിയണം. എന്തോ നഷ്ടപ്പെട്ടവരെപോലെ സിസ്റ്റർ കൺമുന്നിൽ നിന്നും മായുന്നതുവരെ അവരവിടെ നിന്നു . അനാഥാലയങ്ങളിലെ കുട്ടികളെ പരിചരിക്കുന്നതുപോലെ അഴുക്കുചാലുകളിൽ നിന്ന് എത്രയെത്ര സ്ത്രീകൾക്കാണ് മാനസികവും ആത്മീയവും ശാരീരികവുമായ പരിശീലനങ്ങൾ കൊടുത്ത് അവരെ ജീവതത്തിലേക്ക് സിസ്റ്റർ കൊണ്ടുവന്നത്. സ്വന്തം ജീവിതവും ജീവനും നൽകാൻ ഇതുപോല ലോകത്ത് എത്ര പേരുണ്ടാകുമോ?
ആകാശ ഗംഗയിൽ വിമാനമൊരു പക്ഷിയെപ്പോലെ പറന്നു. പ്രഭാ കിരണങ്ങളിൽ വിമാനം ഇളകിയാടി.
അതാ! തിരുവനന്തപുരം വിമാനത്താവളം. ആകാശത്ത് നിന്നും നോക്കുമ്പോൾപോലും സ്വന്തം ജന്മദേശം എത്ര മനോഹരം. എത്ര ചേതോഹരം. കണ്ണുകൾ സന്തോഷത്താൽ വിടർന്നു.
വിമാനമിറങ്ങി. പുഞ്ചിരിപൊഴിച്ചുകൊണ്ട് ദൈവത്തിന്റെ സ്വന്തം നാട്ടിൽ കാലുകുത്തി. ലോകത്തിന്റെ മാറ്റങ്ങൾ ഇവിടെയും പ്രകടമാകുന്നുണ്ട്. അകത്തേക്ക് പ്രവേശിച്ചു പതിവ് പരിശോധനകൾ കഴിഞ്ഞ് പെട്ടിയുമായി പുറത്തെത്തി.
“” ആനന്ദാശ്രുക്കൾ നിറഞ്ഞ മിഴികളോടെ അവിടെ നില്ക്കുന്നവരിലേക്ക് നോക്കി. അവരുടെ കണ്ണുകൾ ഉടക്കി. രക്തം രക്തത്തെ തിരിച്ചറിഞ്ഞു. ആ നില്ക്കുന്നത് കോശിയല്ലേ? അതേ…… എന്റെ……സഹോദരൻ കോശി…….അടുത്തു നില്ക്കുന്ന സുന്ദരിക്കുട്ടി……..ങ്ഹാ…….അതെ………ഷാരോൺ തന്നെ.
തനിക്ക് അവളുടെ പേരറിയാം.
ങ്ഹാ! അതെ.. തന്നെ മനസ്സിലാക്കി കൈവീശി കാണിക്കുന്നു.താനണിഞ്ഞിരിക്കുന്ന ശ്രേഷ്ടവസ്ത്രം…സഭാ വസ്ത്രം….എവിടെയും എപ്പോഴും ഒരടയാള വസ്ത്രമാണല്ലോ. ഇൗ രംഗത്ത് പ്രലോഭനങ്ങൾ ധാരാളമുണ്ടെങ്കിലും ഇന്നുവരെ താനതിന് കളങ്കം വരുത്തിയിട്ടില്ല. ക്രിസ്തുവിന്റെ മണവാട്ടിയായി എല്ലാ തിന്മകളെയും അതിജീവിച്ച് വീണ്ടും ജന്മനാട്ടിലെത്തിയിരിക്കുന്നു.
സിസ്റ്റർ കാർമേലിന്റെ മനസ്സിൽ കുളിരിന്റെ നിലാവിന്റെ തിളക്കം. തന്റെ യാത്ര സഫലമായിരിക്കുന്നു.
അതാ! അവനും ധൃതിയിൽ മുന്നോട്ട് നടന്നുവരുന്നു. ആ ദിവ്യമായ സഹോദര സ്നേഹത്തിൽ ആത്മനൊമ്പരം കലർന്നൊരു വിളി.
“”പെങ്ങളെ. കോശി വിളിച്ചു.
ആ സഹോദരന്റെ അധരങ്ങളിൽ നേരിയ വിറയലും മിഴികളിൽ നനവിന്റെ ചലനങ്ങളും. സ്നേഹത്തിന്റെ പവിത്രതയിൽ അവരുടെ മിഴികൾ നിറഞ്ഞു.
“”കോശി” സിസ്റ്റർ കാർമേൽ വിളിച്ചു.
പരിസരബോധം മറന്നവർ കെട്ടിപ്പുണർന്നു. ഗൃഹാത്വരത്വത്തിന്റെ വൈകിവന്ന താളലയങ്ങൾ.
“” ബന്ധങ്ങളുടെ കടലാഴങ്ങൾ അളന്നുതീർത്ത നിമിഷങ്ങൾ” ഇരുവരിലും രക്തബന്ധത്തിന്റെ ജൈവചോദനകൾ.
മുന്നോട്ട് നടന്ന് ഷാരോണിനെ മാറോടമർത്തി നെറ്റിയിൽ ചുംബിച്ചു. ഇരുവരും പരസ്പരം കൈകൾ കോർത്തു.
“”പെങ്ങളെ……..പെങ്ങളെ…….സന്തോഷമായി…………..
എനിക്ക് സന്തോഷമായി……”
കോശിയുടെ കണ്ണുകൾ നനഞ്ഞുതുളുമ്പി അത് കണ്ടപ്പോൾ……..
“” കോശീ…..എടാ കോശീ എന്താണിത് ……..?
അത് സന്തോഷത്തിന്റെ കണ്ണീരാണെന്ന് സിസ്റ്റർ കാർമേലിനറിയാം തന്റെയും കണ്ണുകൾ നനഞ്ഞില്ലേ? ആദ്യമായിട്ടാണ് പപ്പായുടെ കണ്ണുനീർതുള്ളികൾ ഷാരോൺ കാണുന്നത്. എത്ര നാളുകൾ നിശബ്ദ നോമ്പരങ്ങളായി ഇവർ കഴിഞ്ഞു. ആ കണ്ണുനീരിൽ നിറഞ്ഞുനിക്കുന്നത് സ്നേഹവും വിശുദ്ധിയുമാണ്. സ്നേഹമുള്ളടത്തേ സന്തോഷവും സമാധാനവുമുള്ളത്. ഇനിയുള്ള കാലം അവർ സന്തോഷമായിരിക്കട്ടെ.
“” മോളെ ! ഷാരോൺ ! നീ എന്നെ അറിയുമോ?…………”
സിസ്റ്റർ കാർമേൽ വാത്സല്യത്തോടെ ചോദിച്ചു. പെട്ടന്നൊരു മറുപടി ഷാരോണിൽ നന്നുണ്ടായി.
“” അറിയാം….അറിയാം….എനിക്കറിയാം ആന്റി………
“” ങേ!”
ഇപ്പോൾ തികച്ചും അമ്പരന്നുപോയത് സഭയിലെ ശ്രോഷ്ട സന്യാസിനി സിസ്റ്റർ കാർമേലാണ്.
സിസ്റ്റർ കാർമേൽ ദയനീയമായി കോശിയെ തുറിച്ചു നോക്കി.
ധ്യാനത്തിലെന്നവണ്ണം മിഴികളടച്ച് കോശി ശിരസ്സ് കുനിച്ചു.
“”ശരി” എന്നതിന്റെ അർത്ഥഭാവം പ്രശസ്തനായ ആ വക്കീൽ സഹോദരന്റെ മുഖത്ത് തെളിഞ്ഞു.
“” അതെ പെങ്ങളെ !
ആ രഹസ്യം എന്റെ മകൾക്കറിയാം……
ഏലിയാമ്മക്കും. പെങ്ങള് ഞങ്ങളെ കാണാനെത്തുവെനന്നറിയിച്ചപ്പോൾ ഞാനെല്ലാം മറന്നു.
അപ്പച്ചന് കൊടുത്ത വാക്കുപോലും. എന്റെ സന്തോഷം
പങ്കുവെക്കുന്നതിൽ എനിക്കാ രഹസ്യം സൂക്ഷിച്ചുവെക്കാനായില്ല….
ഇല്ല…..ഇല്ല……. എന്നിൽ അപകർഷതയില്ല. അഭിമാനം മാത്രം…. എന്റെ രക്തം………
എന്റെ രക്തം……. ഞാനെങ്ങനെ മറച്ചുവെക്കും പെങ്ങളെ….”
കോശി ഷാരോണിനെ ചേർത്തുപിടിച്ചു പറഞ്ഞു.
“” ഇവളാണ് അതിൽ ഏറ്റവും സന്തോഷിച്ചത്”
കോശി അതീവ സന്തോഷത്തോടെ സിസ്റ്റർ കാർമേലിന്റെ മുഖത്തേക്ക് നോക്കി.
“” എനിക്ക് അഭിമാനമുണ്ട് പെങ്ങളെ…. നമ്മുടെ ലോകസഭയിലെ ശ്രഷ്ടപദവിയുള്ള, പാപികളുടെ രക്ഷക എന്റെ പെങ്ങളാണെന്ന് പറയുന്നതിൽ……. ഞാനതിൽ അഭിമാനിക്കുന്നു പെങ്ങളെ…”
കോശിയുടെ കണ്ണുകൾ നിറഞ്ഞുതുളുമ്പി. സിസ്റ്റർ കാർമേൽ ഷാരോണിനെ ഗാഡമായി ആലിംഗനം ചെയ്തുകൊണ്ട് പറഞ്ഞു.
“” മോളെ….സിസ്റ്റർ ആന്റിക്ക് തൃപ്തിയായി…സന്തോഷമായി….”
ഇത്രയും നേരം വീർപ്പടക്കിപ്പിടിച്ചു നിന്നതു വിതമ്പലുകളായി മാറി. കന്യാസ്ത്രീ കാർമേൽ വിങ്ങി പൊട്ടികരഞ്ഞു.
പെട്ടന്ന് വീർപ്പുമുട്ടലുകൾ ഒതുക്കി, കണ്ണുകൾ തുടച്ചു ഷാരോണിന്റെ ഇരു കരങ്ങളുമെടുത്ത് സിസ്റ്റർ പറഞ്ഞു.
“” എന്റെ സുന്ദരികുട്ടി………ദൈവം….ദൈവം……
എന്റെ പ്രാർത്ഥന കേട്ടു….. ആ ദൈവമാണ്
നിങ്ങളെ കാണിച്ചു തന്നത്. ജാക്കി അതിനൊരു
നിമിത്തമായി…… ഇവൾക്ക് ആരുടെ ഛായയാ കോശി”
“” ഇവൾക്ക് ഏലീയാമ്മയുടെ ഛായയാണ്” കോശി പറഞ്ഞു.
“” എനിക്ക് അവളേയും കാണാൻ തിടുക്കമായി….
വാ…..വേഗം പോകാം…… നീ കാറെടുക്ക്….”
ഇനിയും പറഞ്ഞു തീരാത്ത ഒരു കടങ്കഥ പോലെ മൂവരും കാർപാർക്കിലേക്ക് വേഗത്തിൽ നടന്നു. അവർ പുറപ്പെട്ടു.