ഗതാഗതമന്ത്രിയായി തോമസ് ചാണ്ടിയെ അവരോധിച്ചതില്‍ പ്രതിഷേധം രേഖപ്പെടുത്തി എഴുത്തുകാരനും സാമൂഹ്യ പ്രവര്‍ത്തകനുമായ എന്‍.എസ് മാധവന്‍. വിദേശത്ത് ശിക്ഷിക്കപ്പെട്ട ഒരാള്‍ ഗതാഗതമന്ത്രിയാവുന്നത് അധാര്‍മ്മികമാണെന്ന് എന്‍.എസ് മാധവന്‍ പറയുന്നു. സ്കൂളില്‍ നിന്ന് പണം തട്ടിയ കേസില്‍ കുവൈറ്റ് കോടതി തോമസ് ചാണ്ടിക്ക് എട്ട് വര്‍ഷം തടവ്ശിക്ഷ വിധിച്ച സംഭവം ചൂണ്ടിക്കാണിയാണ് എന്‍ എസ് മാധവന്റെ ആരോപണം.

ഇലക്ഷന്‍ നിയമം വിദേശത്ത് ശിക്ഷിക്കപ്പെട്ടവരെപ്പറ്റി നിശ്ശബ്ദമാണ്. നൈതികത അങ്ങനെ അല്ല. തോമസ് ചാണ്ടിയുടെ നിയമനം പുന:പരിശോധിക്കണമെന്നും എന്‍ എസ് മാധവന്‍ പറഞ്ഞു. ട്വീറ്റിറിലൂടെയാണ് എന്‍ എസ് മാധവന്‍ ഗതാഗതമന്ത്രിയായ തോമസ് ചാണ്ടിക്കെതിരെ ആഞ്ഞടിച്ചത്. ശിക്ഷ വിധിച്ച വാര്‍ത്തയും ട്വീറ്റിനോടൊപ്പമുണ്ട്.

 സാല്‍മിയയിലെ ഇന്ത്യന്‍ സ്‌കൂളില്‍ നിന്നും തോമസ് ചാണ്ടിയും മറ്റു രണ്ടുപേരും ചേര്‍ന്ന് 42 കോടി തട്ടിയെടുത്തെന്ന കേസില്‍ 2002ല്‍ കുവൈറ്റ് കോടതി തോമസ് ചാണ്ടിക്കും മറ്റ് മൂന്നുപേര്‍ക്കും എട്ടുവര്‍ഷത്തെ ജയില്‍ ശിക്ഷയും 500 കുവൈറ്റ് ദിനാര്‍ പിഴയും ചുത്തിയിരുന്നു.കുവൈറ്റ് ടൈംസ് ലേഖകനായിരുന്ന കെ.പി മോഹനന്‍, കുവൈറ്റില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്ന മാത്യു ഫിലിപ്പ് എന്നിവരായിരുന്നു മറ്റ് പ്രതികള്‍.തുടര്‍ന്ന് തോമസ് ചാണ്ടി 85,000 കുവൈറ്റ് ദിനാര്‍(ഒരു കോടി രൂപയോളം) കെട്ടിവെച്ച് ജാമ്യത്തില്‍ ഇറങ്ങുകയും മാത്യു ഫിലിപ്പിന് രണ്ട് വര്‍ഷം ജയില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്തിരുന്നു.