ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ഇംഗ്ലണ്ടിലെ നാഷണൽ ഹെൽത്ത് സർവീസിൽ (എൻഎച്ച്എസ്) നേഴ്സുമാരുടെ കടുത്ത ക്ഷാമം രോഗികളുടെ സുരക്ഷയെ ബാധിക്കുന്നതായി റിപ്പോർട്ട്. റോയൽ കോളജ് ഓഫ് നേഴ്സിങ് (ആർസിഎൻ) നടത്തിയ പഠനമനുസരിച്ച് ആവശ്യത്തിന് അനുസരിച്ച് നേഴ്സുമാരുടെ എണ്ണം വർധിച്ചിരുന്നെങ്കിൽ നിലവിലുള്ളതിനെക്കാൾ 55,000 രജിസ്റ്റേഡ് നേഴ്സുമാർ അധികമായി വേണ്ടിയിരുന്നുവെന്നാണ് കണക്ക്. നിലവിൽ 23,046 നേഴ്സിങ് ഒഴിവുകളാണ് ഔദ്യോഗികമായി പരസ്യപ്പെടുത്തിയിട്ടുള്ളത്. നേഴ്സുമാരുടെ കുറവ് മൂലം രോഗികൾക്ക് വേദനസംഹാരികളും ജീവൻരക്ഷാ മരുന്നുകളും നൽകുന്നതിൽ മണിക്കൂറുകൾ വൈകുന്നതായും രോഗികളുടെ നില വഷളാകുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നേഴ്സുമാരുടെ കുറവുമായി ബന്ധപ്പെട്ട് വീഴ്ചകൾ, എല്ലൊടിവുകൾ, മസ്തിഷ്ക രക്തസ്രാവം, മരുന്ന് നൽകുന്നതിലെ പിഴവുകൾ, രോഗികളുടെ പരിശോധനകൾ മുടങ്ങൽ തുടങ്ങിയ നിരവധി സുരക്ഷാ സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എൻഎച്ച്എസ് ട്രസ്റ്റുകളിൽ ‘ നേഴ്സിങ് റെഡ് ഫ്ലാഗ്’ എന്ന വിഭാഗത്തിൽ ഇത്തരം സംഭവങ്ങൾ രേഖപ്പെടുത്തുന്നുണ്ട്. മിഡ് ആൻഡ് സൗത്ത് എസെക്സ് എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിൽ ഒരു മാസത്തിനിടെ 573 സംഭവങ്ങളാണ് രേഖപ്പെടുത്തിയത്. ഹാർലോയിലെ പ്രിൻസസ് അലക്സാണ്ട്ര ആശുപത്രിയിൽ ജൂണിൽ 159 സംഭവങ്ങളും ഡെർബി ആൻഡ് ബർട്ടൺ ട്രസ്റ്റിൽ 100 സംഭവങ്ങളും റിപ്പോർട്ട് ചെയ്തു. സതാംപ്ടൺ യൂണിവേഴ്സിറ്റി ആശുപത്രിയിൽ ജൂലൈയിൽ ജീവനക്കാരുടെ കുറവുമായി ബന്ധപ്പെട്ട 126 റിപ്പോർട്ടുകളും അഞ്ച് ഗുരുതരമോ മിതമായതോ ആയ മരുന്ന് പിഴവുകളും ആണ് രേഖപ്പെടുത്തിയത് .

രോഗികളുടെ എണ്ണവും ആശുപത്രി പ്രവർത്തനവും വർധിച്ചിട്ടും അതിന് അനുസരിച്ച് നേഴ്സുമാരുടെ എണ്ണം കൂടിയില്ലന്നാണ് ആർസിഎൻ പറയുന്നത്. 2009 മുതൽ ആശുപത്രി പ്രവേശനങ്ങളും ചികിത്സകളും വർധിച്ച തോതിൽ നേഴ്സുമാരുടെ എണ്ണം വർധിച്ചിരുന്നെങ്കിൽ 55,000 പേർ കൂടി വേണ്ടിവരുമായിരുന്നു. ഡോക്ടർമാരുടെ എണ്ണത്തിനൊപ്പമാണ് നേഴ്സുമാരുടെ എണ്ണവും വർധിച്ചിരുന്നതെങ്കിൽ അധികമായി 77,000 നേഴ്സുമാർ ഉണ്ടാകുമായിരുന്നുവെന്നും ആർസിഎൻ ചൂണ്ടിക്കാട്ടുന്നു. നേഴ്സുമാരുടെ എണ്ണം വർധിപ്പിക്കുന്നതിനും രോഗികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും വരാനിരിക്കുന്ന എൻഎച്ച്എസ് 10 വർഷത്തെ വർക്ക്‌ഫോഴ്സ് പദ്ധതിയിൽ വ്യക്തമായ നടപടികൾ ഉൾപ്പെടുത്തണമെന്നും സംഘടന ആവശ്യപ്പെട്ടു.