ഗ്ലാസ്ഗോ : ഗ്ലാസ്ഗോയിലെ സൂരജ് ആലനാലും OK മലയാളീസ് എന്ന ഫെയ് സ്ബുക്ക് കൂട്ടായ് മയിലൂടെ പരിചയപ്പെട്ട 14 രാജ്യങ്ങളിൽ നിന്നുള്ള പ്രവാസി മലയാളികളും തോളോട് തോൾ ചേർന്ന് പുറത്തിറക്കിയ
‘OK മലയാളീസ് ഒരു കൂട്ടം മലയാളീസ് ഒരുമിച്ചൊരു പോക്കാണെന്നേ…പലദേശത്താണേലും പലനേരമുണർന്നാലും തനി നാടൻ മലയാളി തന്നാണെന്നേ…’ എന്നു തുടങ്ങുന്ന ഈ ഗാന ശിബരം മലയാള ചലച്ചിത്ര താരങ്ങളായ കുഞ്ചാക്കോ ബോബൻ, സുരാജ് വെഞ്ഞാറുമൂട്, അജു വര്‍ഗ്ഗീസ്, രമേഷ് പിഷാരടി, ടിനി ടോം, ഗിന്നസ് പക്രു, റിമി ടോമി, നാദിര്‍ഷ, കോട്ടയം നസീര്‍, മിഥുൻ രമേഷ്, കലാഭവൻ പ്രജോദ്, ലീന നായര്‍, വിദ്യ പ്രദീപ്, ദീപ തോമസ്, സംവിധായകരായ രാജസേനൻ, ഒമർലുലു, സംഗീത സംവിധായകൻ ശരത്, ഗാനരചയിതാവ് അജീഷ് ദാസൻ തുടങ്ങിയവര്‍ ചേര്‍ന്നാണ് ഈ ഗാനം ഒക്ടോബർ 8 ന് സോഷ്യൽമീഡിയയിലൂടെ പ്രകാശനം ചെയ് തിരിക്കുന്നത്.

ലോകമെമ്പാടുമുള്ള മലയാളികളുടെ സൗഹൃദത്തേയും ഒരുമയേയും അതിലുപരി പിറന്ന മണ്ണിൻ ഗൃഹതുരത്വത്തേയും സമന്വയിപ്പിച്ച് അവതരിപ്പിച്ചിരിക്കുന്ന ഗാനം ‘OK മലയാളീസ്’ യൂട്യൂബിൽ ജന ശ്രദ്ധ നേടി മുന്നേറുന്നു. ഗായകനും സംവിധായകനും നടനും നിര്‍മ്മാതാവുമായ വിനീത് ശ്രീനിവാസന്‍ ആലപിച്ച ഈ ഗാനം നിരവധി മലയാളികള്‍ അംഗമായ ഫേസ്ബുക്ക് കൂട്ടായ്മയായ ‘ OK മലയാളീസ്’ ഗ്രൂപ്പ് അംഗങ്ങള്‍ ചേർന്ന് രൂപീകരിച്ച OKM മ്യൂസിക്ക് വഴിയാണ് പുറത്തിറക്കിയിരിക്കുന്നത്. ശ്രീകുമാര്‍ ശശിധരന്‍, അരുണ്‍ ഗോപിനാഥ്, ജോമൈറ്റ് ഗോപാല്‍ എന്നിവരുടെ വരികള്‍ക്ക് ശ്രീകുമാര്‍ ശശിധരന്‍, ജിന്‍സ് ഗോപിനാഥ് എന്നിവര്‍ ചേര്‍ന്നാണ് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. എഡിറ്റര്‍ സൂര്യ ദേവ്, മിക്സിംഗ് ശ്രീജിത്ത് എടവന, ഓടക്കുഴല്‍ രാജേഷ് ചേര്‍ത്തല, വാര്‍ത്ത പ്രചരണം എ എസ് ദിനേശ് . നിർമ്മാണം OK മലയാളീസ് മ്യൂസിക് സ് .

“നദികളൊത്തുടലാർന്നൊരു
അലയുണർത്തും കടലാവാൻ
ഒരുമയോടൊത്തു മുന്നേറാൻ
നീയും ഞാനുമൊന്നെന്നോതി
നമുക്കൊരുമിക്കാനൊരിടം ”

ഒരേ മനസ്സോടെ ഒരുകൂട്ടം പേർ ചേർന്ന് വിടർത്തിയ ഒരുമയുടെ ഈ കുടക്കീഴിൽ നമ്മെ കാത്തിരിക്കുന്നത് പലദിക്കിലെങ്കിലും പിറന്ന മണ്ണിൻ മണം നെഞ്ചോടു ചേർത്ത ഒരു കൂട്ടം പിരിയാത്ത സൗഹൃദങ്ങളാണ്.

ഈ ചക്കര മാവിൻ ചുവട്ടിൽ സൊറ പറഞ്ഞു നമുക്കും കൂടാം ഒരു നാലുമണി ചായയും കുടുംബവിശേഷങ്ങളുമായി. കല വിടരും അരങ്ങായി, പുതു തലമുറയുടെ നേർകാഴ്ചകളുമായി, പറയുവാൻ ഏറെയുള്ളവർക്കൊരു നിറഞ്ഞ സദസ്സായി. നിങ്ങളുടെ വിശേഷങ്ങൾ എന്ത് തന്നെ ആയാലും പങ്കു വയ്ക്കാനൊരു നാട്ടു മാവിൻ ചുവട്…. അതാണ് OK മലയാളീസ്… വരൂ നമുക്കീ തണലിൽ ഒരുമിക്കാം ഒരേ മനസ്സായി. OK മലയാളി മ്യൂസിക്കിന്റെ ആദ്യ ആൽബത്തിന് നല്കിയ വമ്പിച്ച സ്വീകാര്യതയ്ക്ക് നന്ദി പ്രകാശിപ്പിക്കുന്നതായി OKM മ്യൂസിക്കിനും , OK മലയാളി ഒരുമിച്ചൊരു പോക്കാണേ എന്ന ഫെയ് സ്ബുക്ക് കൂട്ടായ് മയ്ക്കും വേണ്ടി സൂരജ് ആലാൽ ഗ്ലാസ്ഗോ നന്ദി അറിയിച്ചു.