അരീക്കോട് ഊർങ്ങാട്ടിരി വെറ്റിലപ്പാറയിൽ കാട്ടിലേക്ക് കയറിപ്പോയ മുഹമ്മദ് സൗഹാന് വേണ്ടിയുളള തെരച്ചിൽ നാട്ടുകാർ താൽക്കാലികമായി അവസാനിപ്പിച്ചു. കുട്ടിയെ കാണാതായി ഒരാഴ്ച പിന്നിട്ടിട്ടും ഇതുവരെ ഒരു വിവരവും ലഭിക്കാതെ വന്നതോടെ സംഭവത്തിൽ ദുരൂഹത ഉറപ്പിക്കുകയാണ് പോലീസ്.

ഏഴ് ദിവസങ്ങളിലായി നൂറ് കണക്കിനാളുകളാണ് കുട്ടിക്ക് വേണ്ടി തിരച്ചിൽ നടത്താൻ ഊർക്കടവിലെത്തിയത്. ഡോഗ് സ്‌ക്വാഡും തെരച്ചിലിനെത്തിയെങ്കിലും ഫലമുണ്ടായില്ല. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടി വീടിന്റെ പരിസരത്ത് തന്നെ ഉണ്ടാകുമെന്നാണ് പോലീസ് ആദ്യം കരുതിയിരുന്നത്. എന്നാൽ വനത്തിൽ മുഴുവൻ തിരച്ചിൽ നടത്തിയെങ്കിലും ഒരു തുമ്പും ലഭിക്കാതായതോടെയാണ് സൗഹാന്റെ തിരോധാനത്തിൽ ദുരൂഹത ഉറപ്പിക്കുന്നത്.

തുടർച്ചയായ ഏഴ് ദിവസം സൗഹാന് വേണ്ടിയുളള തെരച്ചിൽ വീടിന്റെ പരിസരത്തും വീടിനോട് ചേർന്ന വനപ്രദേശത്തും നടത്തിയിരുന്ന നാട്ടുകാർ ഒടുവിൽ ഒരു തുമ്പും ലഭിക്കാതെയായതോടെയാണ് തെരച്ചിൽ അവസാനിപ്പിച്ചത്. കാടിറങ്ങി വന്ന കുരങ്ങിന് പിന്നാലെ കഴിഞ്ഞ ശനിയാഴ്ചയാണ് കുട്ടി കാട്ടിലേക്ക് കയറി പോയത്.

അന്നേദിവസം രാവിലെ വീടിനോട് ചേർന്ന വനത്തിന് സമീപത്ത് നിന്നാണ് കുട്ടിയെ അവസാനമായി നാട്ടുകാരിലൊരാൾ കണ്ടത്. പിന്നീടിതുവരെ ഒരു വിവരവും കുട്ടിയെ സംബന്ധിച്ച് ലഭിച്ചിട്ടില്ല. സംഭവ ദിവസം വീടിന് പരിസരത്ത് നിർത്തിയിടുകയും രാത്രിയിൽ ഓടിച്ച് പോകുകയും ചെയ്ത വാഹനം കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം.