കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടിക സംബന്ധിച്ച് സ്ക്രീനിങ് കമ്മിറ്റിയില്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയായി. പട്ടിക സംബന്ധിച്ച് തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് മുകുള്‍ വാസ്നിക് പറഞ്ഞു. പട്ടിക കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയില്‍ സമര്‍പിക്കും. ഉമ്മന്‍ചാണ്ടി മല്‍സരിക്കുമോ എന്നതിന് മുകുള്‍ വാസ്നിക് മറുപടി പറഞ്ഞില്ല.

സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അതൃപ്തി പരസ്യമാക്കി ഉമ്മന്‍ചാണ്ടി ഇന്നത്തെ ചര്‍ച്ചകളില്‍ നിന്ന് വിട്ടുനിന്നിരുന്നു. വയനാട്ടില്‍ ടി.സിദ്ദിഖിന് സീറ്റ് നല്‍കുന്നതിനെ ഐ ഗ്രൂപ്പ് എതിര്‍ത്തതാണ് പ്രധാനമായും അദ്ദേഹത്തെ ചൊടിപ്പിച്ചത്.

പതിനാറുസീറ്റില്‍ ഏഴിലും അനിശ്ചിതത്വം തന്നെ നിലനില്‍ക്കുന്ന സാഹചര്യമാണ് ഉണ്ടായിരുന്നത്. ആലപ്പുഴ, കാസര്‍കോട്, വയനാട്, വടകര സീറ്റുകളില്‍ ആണ് ആശയക്കുഴപ്പം വന്നത്. എറണാകുളത്തെ സ്ഥാനാര്‍ഥിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കും.

സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തിറക്കിയേക്കും എന്ന് തന്നെയാണ് സൂചന. വയനാട് സീറ്റിൽ ഷാനി മോൾ ഉസ്മാൻ മൽസരിക്കുമോ എന്നതാണ് ഡൽഹിയിൽ ഉയരുന്ന പ്രധാനചോദ്യം. ഐ ഗ്രൂപ്പ് ഷാനിമോൾക്കു വേണ്ടി ഉറച്ചു നിൽക്കുമ്പോൾ ടി.സിദിഖാണ് എ യുടെ നോമിനി. ചാലക്കുടി ബെന്നി ബഹനാന് നൽകുന്നതിനാൽ വയനാട് കിട്ടിയേ മതിയാകൂ എന്ന് ഐ ഗ്രൂപ്പ്.

ആറ്റിങ്ങലിൽ അടൂർ പ്രകാശും തൃശൂരിൽ ടി.എൻ പ്രതാപനും ആലത്തൂരിൽ രമ്യ ഹരിദാസും പാലക്കാട് വി.കെ ശ്രീകണ്ഠനും സീറ്റുറപ്പിച്ചു. വടകരയിൽ മുല്ലപ്പള്ളി ഇല്ലെങ്കിൽ വിദ്യാ ബാലകൃഷ്ണന്റെ പേരിനാണ് മുൻതൂക്കം.

കാസർകോടും ആലപ്പുഴയിലും പത്തനംതിട്ടയിലും ചിത്രം തെളിഞ്ഞിട്ടില്ല. ഇടുക്കിയിൽ ഡീൻ കുര്യാക്കോസിന് തന്നെയാണ് പ്രഥമ പരിഗണന. എറണാകുളത്ത് ഗ്രൂപ്പിനതീതമായി ഹൈബി ഈഡന്റ പേര് നിർദേശിക്കപ്പെട്ടിട്ടുണ്ടെങ്കിലും അന്തിമ തീരുമാനം ഹൈക്കമാൻഡിന്‍റേതാകും.