വൈ. ഷെറിൻ , മലയാളം യുകെ ന്യൂസ് ടീം 

കോട്ടയം : ജനസാഗരത്തെ സാക്ഷിയാക്കി കേരളത്തിന്റെ ജനനായകൻ മണ്ണിലേക്ക് മടങ്ങി. “ഇല്ല ഇല്ല മരിക്കുന്നില്ല.. ഉമ്മൻ ചാണ്ടി മരിക്കുന്നില്ല..ഉമ്മൻ ചാണ്ടിക്ക് ആയിരം ഉമ്മ” എന്ന് ആയിരങ്ങൾ ഏറ്റുചൊല്ലി. ഔദ്യോഗിക ബഹുമതികൾ ഏതുമില്ലാതെ ജനകീയ ബഹുമതികൾ ഏറ്റുവാങ്ങി ഉമ്മൻ ചാണ്ടി യാത്രയാകുമ്പോൾ കേരള രാഷ്ട്രീയ ചരിത്രത്തിലെ ഒരദ്ധ്യായം കൂടി അടയുകയാണ്. അടരുവാൻ വയ്യാതെ ജനലക്ഷങ്ങളാണ് പുതുപ്പള്ളി പള്ളിയിൽ തടിച്ചുകൂടിയത്. അതേ, ഉമ്മൻ ചാണ്ടി ഇനി ദീപ്തസ്മരണ.

അതിവൈകാരിക യാത്രയയപ്പ്

രാത്രി 12 ഓടെ പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ സംസ്കാര ശുശ്രൂഷകൾ പൂർത്തിയാക്കി. പ്രത്യേക കല്ലറയിൽ മൃതദേഹം സംസ്കരിച്ചു. പള്ളിയിലെ അന്ത്യ ശുശ്രൂഷകൾക്കു ശേഷം ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ എല്ലാവർക്കും നന്ദിയറിയിച്ചു. വിലാപഗാനങ്ങളും മുദ്രാവാക്യങ്ങളും തളംകെട്ടി നിന്ന അന്തരീക്ഷത്തിൽ ആയിരങ്ങളാണ് തങ്ങളുടെ ഉമ്മൻ ചാണ്ടിയെ ഒരു നോക്ക് കാണാൻ, ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയത്.

എത്ര തിരക്കുണ്ടെങ്കിലും എല്ലാ ഞായറാഴ്ചയും മുടങ്ങാതെ എത്തിയിരുന്ന പുതുപ്പള്ളി പള്ളിയിലേക്കുള്ള ഉമ്മൻ ചാണ്ടിയുടെ അവസാന യാത്രയിൽ പതിനായിരങ്ങൾ നിറകണ്ണുകളോടെ അനുഗമിച്ചു. 20 മെത്രാപ്പോലീത്തമാരും നൂറോളം വൈദികരും പങ്കെടുത്ത സംസ്കാര ശുശ്രൂഷയിൽ ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ മുഖ്യകാർമികത്വം വഹിച്ചു. കർദിനാൾ മാർ ആലഞ്ചേരി ഉൾപ്പെടെയുള്ളവർ ശുശ്രൂഷയിൽ പങ്കെടുത്തു.

അശ്രുപൂജയർപ്പിച്ച് ആയിരങ്ങൾ

വിലാപയാത്ര തുടങ്ങി 35 മണിക്കൂറിനുശേഷം, വൈകിട്ട് ആറേകാലോടെ ഭൗതികശരീരം കുടുംബവീടായ കരോട്ട് വള്ളക്കാലിൽ വീട്ടിലെത്തി. രാപകലില്ലാതെ കാത്തുകാത്തുനിന്ന പ്രിയപ്പെട്ടവർ കണ്ണീർ പൊഴിച്ചു. ആയിരക്കണക്കിന് ആളുകളുടെ പരാതികൾക്ക് പരിഹാരം കണ്ട തറവാട്ടു വീട്ടിലും നിർമാണത്തിലിരിക്കുന്ന പുതിയ വീട്ടിലും പൊതുദർശനവും പ്രാർഥനയും കഴിഞ്ഞശേഷമാണ് പള്ളിയിലേക്കുള്ള വിലാപ യാത്ര ആരംഭിച്ചത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെ ഉള്ളവർ വിലാപ യാത്രയിൽ പങ്കെടുത്തു. രാഹുലിനെ കൂടാതെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി, എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍, മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാരായ സജി ചെറിയാന്‍, കെ.എന്‍. ബാലഗോപാല്‍, വി.എന്‍. വാസവന്‍, പി. പ്രസാദ്, റോഷി അഗസ്റ്റിന്‍ തുടങ്ങിയവരുമടക്കം പ്രമുഖരുടെ നീണ്ടനിര അന്ത്യോപചാരം അര്‍പ്പിക്കാന്‍ പള്ളിയിലെത്തി.

ഒ.സി ഇനി ഉറങ്ങട്ടെ

ഒരു മനുഷ്യനെ ഇത്രമേൽ സ്നേഹിക്കാൻ എങ്ങനെ കഴിയും? വെയിലും മഴയും ഏറ്റ് ഒരാൾക്ക് വേണ്ടി സമയം നോക്കാതെ കാത്തു നിൽക്കാൻ മലയാളി പഠിച്ചത് എന്നാണ്.. അത് ഉമ്മൻ ചാണ്ടിക്ക് വേണ്ടി ആവുമ്പോൾ സമയം അപ്രസക്തം ആവും. മലയാളക്കര ഇന്നേവരെ കണ്ടിട്ടില്ലാത്ത അന്ത്യാഞ്ജലി ഏറ്റുവാങ്ങിയാണ് ഒ.സി മടങ്ങുന്നത്. കാലം രണ്ടായി പിരിയും; ഉമ്മൻ ചാണ്ടിക്ക് മുമ്പും ശേഷവുമെന്ന നിലയിൽ. പുതുപ്പള്ളിയിൽ തുടങ്ങി പുതുപ്പള്ളിയിൽ ഒടുങ്ങി ജനലക്ഷങ്ങളിലേക്ക് പടർന്നു കയറിയ ഉമ്മൻ ചാണ്ടിയുടെ കല്ലറ സ്നേഹപൂക്കളാൽ നിറഞ്ഞു. വിശ്രമിച്ചാൽ ക്ഷീണിച്ചുപോകുന്ന മനുഷ്യൻ ഇനി ഉറങ്ങട്ടെ.

ആരോ എഴുതി വെച്ച പോലെ “ഉമ്മൻ ചാണ്ടി സ്വർഗ്ഗത്തിലെത്തുമ്പോൾ കർത്താവ് അവിടെ കാത്തുനിൽക്കുന്നുണ്ടാവും; ഉമ്മൻ ചാണ്ടിയെ കണ്ട് ഒരു പരാതി പരിഹരിക്കാൻ…” വിട… മനുഷ്യസ്നേഹിയായ മഹാമനുഷ്യന്.