ഡോ. ഐഷ വി

ഫോൺ റിങ് ചെയ്തപ്പോൾ ഞാനതെടുത്തു ഹലോ പറഞ്ഞു. അങ്ങേ തലയ്ക്കൽ നിന്നും ചോദ്യം : “ഇത് ഐഷയാണോ?” ഞാൻ ” അതേ” എന്ന് പറഞ്ഞു .”തളിപ്പറമ്പ് എസ് ബി ഐയിൽ നിന്നാണ്. ഒരു അക്കൗണ്ട് ക്ലോസ്സ് ചെയ്യാനുള്ള അപേക്ഷ കൊടുത്തിരുന്നില്ലേ? അത് ക്ലോസ്സ് ചെയ്ത് തുക ജോമിഷയ്ക്ക് കൊടുക്കട്ടേ?” ഞാൻ “കൊടുത്തോളൂ ” എന്ന് പറഞ്ഞു. ” അത് കൺഫേം ചെയ്യാനാണ് വിളിച്ചത്” . അങ്ങേ തലയ്ക്കൽ നിന്നുമുള്ള മറുപടി. അല്പനേരം കഴിഞ്ഞ് വാട്ട് സാപിൽ മെസ്സേജ് വന്ന ശബ്ദം കേട്ടു: * ക്ലിങ്ങ്, ക്ലിങ്ങ്, ക്ലിങ്ങ്'” . ജോമിഷയാണെന്ന് ഫോണിലെ മെസ്സേജ് അലർട്ട് നോട്ടിഫിക്കേഷനിൽ നിന്നും മനസ്സിലായി. ഞാൻ വാട്സാപ് ഓപൺ ചെയ്തു. ജോ മിഷയുടെ മെസ്സേജ് നോക്കി.

‘കാശിന്റെ ഫോട്ടോ , തുകയെഴുതിയ ചെക്കിന്റെ ഫോട്ടോ . ₹35164/- തുക രാജീവേട്ടന്റെ കൈയിൽ പ്രിൻസിപ്പാളിന് കൊടുക്കാൻ കൊടുത്തു.
പിന്നെ പുഞ്ചിരിയ്ക്കുന്ന ഒരു സ്മൈലി .’ ഇത്രയുമാണ് ജോ മിഷയുടെ മെസ്സേജ്. എന്റെ മനസ്സ് വാട്സാപിൽ നിന്നും 2013-14 കാലഘട്ടത്തിലേക്ക് പറന്നു.

കൃഷ്ണേട്ടന്റെ വീടിന്റെ അറ്റകുറ്റപ്പണികൾ തീർക്കുന്നതിനും മക്കളില്ലാത്ത അന്ധ ദമ്പതികളായ കൃഷ്ണേട്ടനും ഭാര്യയ്ക്കുമായി ഒരു ശൗചാലയം പണിയുന്നതിനുമാട്ടാണ് ഞാനും ജോമിഷയും ഒരു ജോയിന്റ് അക്കൗണ്ട് തളിപ്പറമ്പ് എസ് ബി ഐയിൽ തുടങ്ങിയത്. അത് ക്ലോസ്സ് ചെയ്ത ദിവസമായിരുന്നു ഇന്ന്.

സഞ്ജീവനി പാലിയേറ്റീവ് കെയർ കാരോടൊപ്പം നടത്തിയ ഒരു യാത്രയിലാണ് ഞങ്ങൾ കൃഷ്ണേട്ടനും ഭാര്യ മറിയാമ്മേട്ടത്തിയ്ക്കും ശൗചാലയമില്ലെന്ന വിവരം അറിയുന്നത്. അവരെ സഹായിയ്ക്കാൻ മറ്റാരുമില്ല. പലരും വാഗ്ദാനങ്ങൾ പലതും നടത്തിയെങ്കിലും അതെല്ലാം വാഗ്ദാനങ്ങൾ മാത്രമായി തുടർന്ന സാഹചര്യത്തിലാണ് കോളേജിലെ എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കൂടിയ യോഗം ശൗചാലയം നിർമ്മിച്ചു നൽകാൻ തീരുമാനമെടുക്കുന്നത്. സ്വരൂപിയ്ക്കുന്ന പണം നിക്ഷേപിയ്ക്കാൻ എന്റെ വക ആദ്യ സംഭാവനയുമായി ഞാനും ജോമിഷയും കൂടി അക്കൗണ്ട് തുറന്നു. തീരുമാനമെടുത്തതു മുതൽ സ്റ്റാഫും കുട്ടികളും ഉത്സാഹിച്ചു നിന്നു.

കുട്ടികൾ കൃഷ്ണേട്ടന്റെ വീട്ടിൽ പണി ചെയ്യാൻ പോകുമ്പോൾ അധ്യാപകരും ഊഴം വച്ച് കുട്ടികളെ അനുഗമിച്ചിരുന്നു. നാഷണൽ സർവ്വീസ് സ്കീമിന്റെ ഉപദേശക സമിതി യോഗത്തിലെടുത്ത തീരുമാന പ്രകാരമായിരുന്നു അത്. അങ്ങനെ ഒരു ദിവസം പണി തുടങ്ങി. കുട്ടികൾ ചെയ്യുന്ന പണി കൂടാതെ വൈദഗ്ദ്ധ്യം വേണ്ട പണികളിൽ ജോമിഷയുടെ പരിചയക്കാർ സഹായിച്ചു. ശൗചാലയത്തിന്റെ പണി നടക്കുമ്പോഴാണ് ആ വീട്ടിലെ പല പല പ്രശ്നങ്ങൾ കുട്ടികൾ മനസ്സിലാക്കുന്നത്. വീടിന്റെ ചോർച്ച, ദ്രവിച്ച ജനാലകൾ , വാതിലുകൾ , അടുക്കളയിലെ ചില പ്രശ്നങ്ങൾ . ഫണ്ട് സ്വരൂപിക്കുന്നതുമായി ബന്ധപ്പെട്ട് ജോമിഷ എന്നെയും കൂട്ടി തളിപറമ്പിലെ ഒരു പള്ളിയിൽ പോയിരുന്നു. ഒരിക്കൽ ഫാ. സുക്കോൾ ഈ ദമ്പതികൾക്ക് ഒന്നരയേക്കർ സ്ഥലം നൽകിയതല്ലേ, അവർ അത് പ്രയോജനപ്പെടുത്തിയില്ലല്ലോ എന്ന് പറഞ്ഞ് അവർ ഞങ്ങളെ കൈയ്യൊഴിഞ്ഞു. ക്ലോസറ്റ് , സിമന്റ്, വാതിലുകൾ , ജന്നലുകൾ എന്നിവ പല കടയുടമകൾ സ്പോൺസർ ചെയ്തു. മണൽ, കല്ല് തുടങ്ങിയവ ജോമിഷയും മറ്റ് കുട്ടികളും ചേർന്ന് അയൽ പക്കങ്ങളിൽ നിന്നും അവരുടെ പണി കഴിഞ്ഞ് മിച്ചം കിടന്നവ സംഘടിപ്പിച്ചു. ചിലർ നൽകി. ചിലർ വിമുഖത പ്രകടിപ്പിച്ചു .

കൃഷ്ണൻ മറിയാമ്മ ദമ്പതികളുടെ വീട്ടിലേയ്ക്ക് നേരേ ചൊവ്വേ വഴിയില്ലാത്തതിനാൽ സാധന സാമഗ്രികൾ എത്തിയ്ക്കാനും പ്രയാസമായിരുന്നു. പിന്നെ ജോമിഷയുടെ നേതൃത്വത്തിൽ ബസ്സിൽ പോകേണ്ടിടത്ത് നടന്നും , മിഠായി കമ്പനിയിൽ നിന്ന് മിഠായി വാങ്ങി വിറ്റും , കുട്ടികളിൽ നിന്നും അധ്യാപകരിൽ നിന്നും പിരിച്ചും അവർ തുക സ്വരൂപിച്ചു. സ്വരൂപിച്ച തുകകൾ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചു. കുട്ടികൾ കൃഷ്ണേട്ടന്റെ വീടിന്റെ എല്ലാ അറ്റകുറ്റ പണികളും തീർത്ത് വീട് പെയിന്റടിച്ച് മോടി പിടിപ്പിച്ചു. ദമ്പതികൾക്ക് സന്തോഷമായി. അങ്ങനെ ഉത്ഘാടന ദിവസമെത്തി. നാഷണൽ സർവ്വീസ് സ്കീം അംഗങ്ങളുo സഞ്ജീവനി പാലിയേറ്റീവ് കെയർ അംഗങ്ങളും മറ്റ് പൗര പ്രമുഖരും പങ്കെടുത്ത യോഗത്തിൽ കണ്ണൂർ യൂണിവേഴ്സിറ്റിയുടെ ഡയറക്ടർ ഓഫ് സ്റ്റുഡന്റ് സർവ്വീസസ് , ശ്രീ അനിൽകുമാർ സർ(പരേതനായ പ്രൊഫ. എം എൻ വിജയന്റെ മകൻ) ഉത്ഘാടനം നിർവ്വഹിച്ചു.

ജോമിഷ കോഴ്സ് കഴിഞ്ഞ് പോകുന്നതു വരെ കുട്ടികൾ ദമ്പതികൾക്ക് വേണ്ട സഹായങ്ങൾ ചെയ്യുവാനായി അവിടെ പോയിരുന്നു.

2014 -ൽ കേരളത്തിലെ മികച്ച എൻ എസ് എസ് വോളന്റിയർ മാർക്കുള്ള അവാർഡ് ജോമിഷയ്ക്ക് ലഭിച്ചു. അപ്പോഴേയ്ക്കും എനിയക്ക് കാർത്തികപള്ളിയ്ക്ക് ട്രാൻസ്ഫർ ആയിരുന്നു. ഞാൻ ട്രാൻസ്ഫർ ആയി പോകുമ്പോൾ നിയുക്ത പ്രിൻസിപ്പാളിന് ബാങ്ക് അക്കൗണ്ട് ട്രാൻസ്ഫർ ചെയ്ത് കൊടുക്കാൻ ജോമിഷ സ്ഥലത്തില്ലാതിരുന്നതിനാൽ സാധിച്ചില്ല. ഞാനൊപ്പിട്ട അപേക്ഷ ജോമിഷയെ കൊണ്ട് ഒപ്പിടീച്ച് ബാങ്കിൽ കൊടുക്കാനായി കോളേജ് ഓഫ് അപ്ലൈഡ് സയൻസ് പട്ടുവത്തെ ലാസ്റ്റ് ഗ്രേഡ് സെർവന്റായിരുന്ന ശ്രീ ബാബു അഗസ്റ്റിനെ ഏൽപ്പിച്ചിരുന്നു. എന്നാൽ ബാബു അഗസ്റ്റിന് ഹൃദായാഘാതം വന്ന് അകാല നിര്യാണം സംഭവിച്ചതിനാൽ അക്കൗണ്ട് ട്രാൻസ്ഫർ നടന്നില്ല. ഈ വിവരം ഞാൻ വളരെ വൈകിയാണ് അറിയുന്നത്. ഇത് സംബന്ധിച്ച് ഞാൻ രണ്ട് മൂന്ന് എഴുത്തുകുത്തുകൾ നടത്തിയിരുന്നു. അവാർഡ് ദാന ചടങ്ങ് തിരുവനന്തപുരം വിമൺസ് കോളേജിൽ വച്ചായിരുന്നു. കോളേജ് ഓഫ് അപ്ലൈഡ് സയൻസ് പട്ടുവത്ത് നിന്നും സംസ്ഥാന തല അവാർഡ് ഏറ്റ് വാങ്ങു വാൻ എൻ എസ് എസ് പ്രോഗ്രാം ഓഫീസറായ ബീന പയ്യനാട്ടും ജോമിഷയും കൂട്ടരും എത്തിയിരുന്നു. അന്ന് ഞാനും അവിടെ പോയി. യൂണിവേഴ്സിറ്റിയിൽ നിന്നും അനിൽകുമാർ സാറും ഭാര്യയും പങ്കെടുത്തു.

ഇക്കാലമത്രയും ബാങ്കക്കൗണ്ട് നിർജ്ജീവമായി തുടർന്നു. ഞാൻ ജോമിഷയെ വിളിച്ചു സംസാരിച്ചപ്പോൾ ജോമിഷ ഒപ്പിട്ട് കൊടുക്കാൻ തയ്യാറായി. ഞാൻ പട്ടുവത്തെ പ്രിൻസിപ്പാൾ അയച്ചു തന്ന ചെക്കൊപ്പിട്ട് കൊടുത്തു. അങ്ങനെ കഴിഞ്ഞ ദിവസം ആ അക്കൗണ്ട് ക്ലോസ്സ് ചെയ്ത് അടുത്ത പ്രവർത്തനങ്ങൾക്കായി തുക പ്രിൻസിപ്പാളിന് കൈമാറി.

വാൽക്കഷണം: ജോമി ഷ കൃഷ്ണേട്ടനേയും ഭാര്യയേയും കുറിച്ച് വീണ്ടും അന്വേഷിച്ചു. കോളേജ് ഓഫ് അപ്ലൈഡ് സയൻസിലെ കുട്ടികൾ കൃഷ്ണേട്ടന്റെ വീട് മോടി പിടിപ്പിച്ച് നൽകിയതറിഞ്ഞപ്പോൾ അതുവരെ നിഷ്ക്രിയരായിരുന്ന സന്നദ്ധ സംഘടനക്കാർ കുറച്ച് കാലം കഴിഞ്ഞ് നല്ല വാർത്ത വീട് പണിഞ്ഞ് കൊടുക്കാമെന്ന് പറഞ്ഞ് ദമ്പതികളെ വ്യാമോഹിപ്പിച്ചു. അവർ ദമ്പതികളെ സ്ത്രീകൾക്കുo പുരുഷന്മാർക്കും വെവ്വേറെയുള്ള ആശ്രയ കേന്ദ്രങ്ങളിലാക്കി. അന്ധതയും പരിചിതമല്ലാത്ത സാഹചര്യവും സഹധർമ്മിണിയിൽ നിന്നും അകന്നു കഴിയേണ്ടി വന്നതും സന്നദ്ധ സംഘടനക്കാർ പൊളിച്ചിട്ട വീട് പണിയാഞ്ഞതും കൃഷ്ണേട്ടനിൽ ഹൃദയ വേദനയുണ്ടാക്കി. കൃഷ്ണേട്ടൻ വേഗം മരണത്തിന് കീഴടങ്ങി. മറിയാമ്മേടത്തി മറ്റൊരാശ്രയ കേന്ദ്രത്തിൽ തുടരുന്നു. സന്നദ്ധ സംഘടനക്കാർ വീടിന് ഒരു കല്ലു പോലും ഇതുവരെ വച്ചിട്ടില്ല. പാലിക്കാൻ പറ്റാത്ത വാഗ്ദാനങ്ങൾ ആരും ആർക്കും നൽകാതിരിയ്ക്കുന്നതാണ് നല്ലത്.

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്