ഡോ. ഐഷ വി

2019 ൽ കൊറോണ വൈറസ് ലോകം മുഴുവൻ വ്യാപിക്കാൻ തുടങ്ങിയതു മുതൽ അതിന്റെ വരവ് പ്രതീക്ഷിച്ചിരിയ്ക്കുന്നുണ്ടായിരുന്നു. കാരണം ജോലി സംബന്ധമായി മിക്കവാറും എല്ലാ പ്രവൃത്തി ദിവസവും 5 മണിക്കൂറോളം യാത്ര ചെയ്യേണ്ടി വരാറുണ്ട്. അതിനാൽ തന്നെ ബസ്സിൽ കയറി കഴിഞ്ഞാൽ, ടിക്കറ്റെടുത്തു കഴിഞ്ഞാൽ, ബസ്സിൽ നിന്നിറങ്ങിയാൽ , ഓട്ടോയിൽ കയറിയാൽ , ഓട്ടോയിൽ നിന്നിറങ്ങിയാൽ , ആരുടെയെങ്കിലും പക്കൽ നിന്നും ക്രയവിക്രയത്തിന്റെ ഭാഗമായി നോട്ടുകൾ വാങ്ങിയാൽ , നോട്ടുകൾ കൊടുത്താൽ വിദ്യാർത്ഥികളോ ഓഫീസ് സ്റ്റാഫോ കൊണ്ടുവരുന്ന ഫയലുകളോ പേപ്പറുകളോ ഒപ്പിട്ടു കഴിഞ്ഞാലുടൻ സാനിറ്റൈസർ ഇടുക എന്നത് എന്റെ പതിവായിരുന്നു. കഴിഞ്ഞ രണ്ട് വർഷം കൊറോണ വൈറസ് എന്നിൽ നിന്നും അകന്നു നിന്നതെന്തേ എന്നോർക്കുമ്പോൾ എനിക്ക് അതിശയം തോന്നിയിട്ടുണ്ട്. ഒരു പക്ഷേ കൃഷിപ്പണികൾ ചെയ്യുമ്പോൾ , നാമറിയാതെ നമുക്ക് ലഭിച്ച വൈറ്റമിൻ ഡി, വ്യായാമം പോഷകാഹാരം എന്നിവയാകാം വരാതിരിക്കാൻ ഒരു കാരണം.

വടക്കഞ്ചേരിയിലെ ഫ്ലാറ്റിൽ വന്നു കഴിഞ്ഞ് വ്യായാമവും വൈറ്റമിൻ ഡിയുടെ അളവും നന്നേ കുറഞ്ഞേക്കാം. സാമൂഹിക അകലവും സാറിറ്റൈസറും മാസ്കുമൊക്കെ പഴയ പോലെ തന്നെ ഉപയോഗിച്ചിരുന്നു. പിന്നെ എന്താകാം കാരണം എന്ന് ചിന്തിച്ചപ്പോഴാണ് ഫ്ലാറ്റിൽ കാറിറക്കാനായി ഗേറ്റ് തുറക്കാനും മറ്റും മാസ്ക്കിടാതെ മുറ്റത്തിറങ്ങിയ കാര്യം ഓർമ്മ വന്നത്. ജനുവരി 18 വരെ സ്മാർട്ടായി കോളേജിൽ പോയിരുന്ന എനിക്ക് 19-ാം തീയതി രാവിലെ പൊതിച്ചോർ തയ്യാറാക്കിയിട്ടും കോളേജിൽ പോകാനേ തോന്നുന്നില്ല. കിടന്നുറങ്ങാനാണ് തോന്നിയത്. നല്ല ദേഹം വേദനയുണ്ട്. വേഗം കോവിഡായിരിയ്ക്കും എന്നാണ് മനസ്സിൽ തോന്നിയത്.

കോളേജിൽ ഉദയകുമാറിനെ വിളിച്ച് ചാർജ്ജ് കൊടുത്ത ശേഷം ഓഫീസിലെ ഡാലിയെ വിളിച്ച് കോവിഡ് ടെസ്റ്റ് നടത്താൻ എവിടെ പോകണം എന്നന്വേഷിച്ചു. ഡാലി ഉടനേ പറഞ്ഞ മറുപടി രണ്ട് ദിവസം കൂടി കഴിഞ്ഞ് ടെസ്റ്റ് ചെയ്താൽ പോരേ എന്നാണ്. ഏതായാലും എനിക്ക് കിടന്നുറങ്ങാനാണ് തോന്നിയത്. ഒന്നെണിറ്റിരിയ്ക്കാനാവാത്ത തരത്തിൽ ദേഹം വേദനയും ക്ഷീണവും പനിയും . ചുമയോ ജലദോഷമോ തൊണ്ടവേദനയോ അപ്പോൾ എനിക്കുണ്ടായിരുന്നില്ല. ഇടയ്ക്ക് ഭക്ഷണം കഴിച്ച് കിടന്നുറങ്ങും . ഫോണെടുത്ത് ഒന്ന് തോണ്ടാനോ ഇരിക്കാനോ തോന്നാത്ത അവസ്ഥ. ദശമൂല കടുത്രയം കഷായം, താലീസപത്രാദി ചൂർണ്ണം , ദശമൂലാരിഷ്ടം എന്നിവ ഡാലി ജോസഫ് കുട്ടികളെ കൊണ്ട് മേടിപ്പിച്ച് തന്നു.

അധ്യാപകർക്ക് അങ്ങനെ ഒരു ഗുണമുണ്ട്. എവിടെ ചെന്നാലും വിദ്യാർത്ഥികളും സഹപ്രവർത്തകരുമൊക്കെയുണ്ടാകും സഹായിക്കാൻ. രാത്രി ഭർത്താവെത്തിയപ്പോൾ ഞാൻ പറഞ്ഞു നാളെ കോളേജിൽ പോകണ്ടെന്ന്. അന്ന് രണ്ടു പേരും കഷായമൊക്കെ കഴിച്ച് കിടന്നു. പിറ്റേന്ന് രണ്ടുപേരും നേരെ വടക്കഞ്ചേരി PHC യ്ക്ക് വിട്ടു. അവിടെ ടോക്കണെടുത്തു ഡോക്ടറെ കാണാനായി കാത്തിരുന്നു. ഞങ്ങളുടെ ഊഴം വന്നപ്പോൾ ഡോക്ടറെ കണ്ടു. മരുന്നു കുറിച്ച ശേഷം ഡോക്ടർ പറഞ്ഞു: കോവിഡാണ്. ആർടിപിസിആർ ടെസ്റ്റ് ചെയ്യണം. ടെസ്റ്റ് ചെയ്താലും ഇല്ലെങ്കിലും ക്വാറന്റെനിൽ ഇരിക്കണം. ആശാ വർക്കറെ വിളിച്ച് ചോദിച്ചിട്ട് ടെസ്റ്റ് ചെയ്യാൻ നാളെ കല്യാണ മണ്ഡപത്തിൽ പോയാൽ മതി. രണ്ടു പേരും തിരികെ ഫ്ലാറ്റിലെത്തി. ആശാവർക്കറുടെ നമ്പർ സംഘടിപ്പിച്ചു. പിറ്റേന്ന് ടെസ്റ്റ് നടത്തുന്നില്ലെന്ന് അവർ പറഞ്ഞു. അങ്ങനെ ഡാലി തന്ന ലാബുകാരുടെ നമ്പരിൽ വിളിച്ചു. അവർ പിറ്റേന്ന് ടെസ്റ്റു ചെയ്യാൻ വരാമെന്നേറ്റു . വീട്ടിൽ വന്ന് സ്വാബ് എടുക്കുന്നതിന് അധികത്തിൽ കാശ് കൊടുക്കണം. ഞാൻ ഓകെ പറഞ്ഞു.

രണ്ടു പേരും ഹോം ക്വാറന്റൈൻ ആയതിനാൽ രണ്ടു പേരും കൂടി ഭക്ഷണം ഉണ്ടാക്കി കഴിച്ചു സുഖമായി കിടന്നുറങ്ങി. കൊറോണയുടെ ആദ്യ തരംഗത്തിലെങ്ങാനുമായിരുന്നു ഞങ്ങൾ അസുഖ ബാധിതർ ആയിരുന്നതെങ്കിൽ രണ്ടു പേരേയും ദൂരെയെവിടെയെങ്കിലുമുള്ള ക്വാറന്റെൻ സെന്ററിൽ ആക്കിയേനെ. മൂന്നാം വരവിൽ ഭാഗ്യം . സ്വന്തം വാസസ്ഥലത്തിരിക്കാമല്ലോ? അത്രയും ആശ്വാസം. ഡാലി പൊരിച്ച മീനും മീൻ കറിയുമായി എത്തി. ദൂരെ നിന്ന് കണ്ടു. പോയി. ഞങ്ങൾക്ക് ഭക്ഷണം കുശാലായി. നാട്ടിൽ ഇതിനിടയ്ക്ക് സഹോദരന്റെ ഭാര്യയ്ക്കും മക്കൾക്കും എന്റെ അമ്മയ്ക്കും കോവിഡ് ബാധിച്ചിരുന്നു. ദിവസവും അമ്മയെ വിളിച്ച് എല്ലാവരുടേയും വിവരങ്ങൾ അന്വേഷിച്ചു.

ഒരു ദിവസം ഞങ്ങൾ രണ്ടു പേരും കാലിക്കറ്റ് യൂണിവേഴ്സിറ്റി യു ജി ഓൺലൈൻ ക്വസ്റ്റ്യൻ പേപ്പറുമായി ബന്ധപ്പെട്ട ഓൺലൈൻ മീറ്റിംഗ് നടത്തിയത് അറ്റന്റു ചെയ്തു. നേരത്തേ പിജിയുടേത് ഓൺ ലൈൻ ആക്കിയിരുന്നു. അത് ഞങ്ങളെല്ലാവരും വിജയകരമായി പ്രാവർത്തികമാക്കിയിരുന്നു. മീറ്റിംഗിൽ മിക്കവാറും എല്ലാ പ്രിൻസിപ്പൽമാരും അവരവരുടെ അഭിപ്രായങ്ങൾ പങ്കു വച്ചിരുന്നു. അങ്ങനെ ആ ദിനം സാർത്ഥകമായി തോന്നി. ഇതിനിടയ്ക്ക് വിവരമറിഞ്ഞ സഹപ്രവർത്തകരും ബന്ധുമിത്രാദികളും വിദ്യാർത്ഥികളും എന്തെങ്കിലും സഹായം വേണമോ എന്ന് ചോദിച്ച് വിളിച്ചിരുന്നു.

ഓർമ്മചെപ്പിന്റെ “ബൈ സ്റ്റാന്റർ ” എന്ന അധ്യായം പനി കിടക്കയിലാണെഴുതിയത്. ആദ്യം ഈ ആഴ്ച എഴുതേണ്ട എന്ന് വിചാരിച്ചെങ്കിലും എഴുതി പൂർത്തിയാക്കുകയായിരുന്നു. ഒരോ രചനയും മനസ്സ് മറ്റൊരു തലത്തിലേയ് ക്കെത്തി മനസ്സ് ചേർത്തു വച്ചെഴുതുമ്പോഴാണ് നന്നാവുന്നത്. ധൃതിയിൽ എഴുതുമ്പോൾ അത് നന്നാവണമെന്നില്ല. അങ്ങനെ ബൈസ്റ്റാന്റർ എഴുതി കഴിഞ്ഞപ്പോൾ ആ ക്വാറൻറ്റൈൻ ദിനവും അർത്ഥമുള്ളതായി തോന്നി.

അടുത്ത ദിവസം ലാബുകാരെത്തി . മൂക്കിൽ നിന്നും തൊണ്ടയിൽ നിന്നും സ്രവമെടുത്ത് ടെസ്റ്റ് ചെയ്യാനായി തൃശ്ശൂർക്ക് അയച്ചു. പിറ്റേന്ന് റിസൾട്ട് വന്നു. ഞങ്ങൾ രണ്ടു പേരും കോവിഡ് പോസിറ്റീവ്. പിറ്റേന്നും ഡാലിയുടെ വക പൊരിച്ച മീനും മീൻ കറിയുമെത്തിയിരുന്നു. ഉച്ചകഴിഞ്ഞപ്പോൾ സനത്, അനിൽ എന്നീ അധ്യാപകർ കാണാനെത്തി. അവരുടെ വക പഴങ്ങൾ . അടുത്ത ദിവസം സനത് കരിഞ്ചീരകം, ചുക്ക്, തുളസിയില . കറിവേപ്പില എന്നിവ എത്തിച്ചു തന്നു. ചുക്കു കാപ്പി, നാരങ്ങ വെള്ളം, മുട്ട പുഴുങ്ങിയത്, ഏത്തപ്പഴം പുഴുങ്ങിയത് എന്നിവ ഇടനേരങ്ങളിൽ ഞങ്ങൾ കഴിച്ചു.

ഒരു ദിവസം K-DISC ന്റെ YIP പ്രോഗ്രാമിന്റെ ഓൺലൈൻ റോഡ് ഷോയിൽ പങ്കെടുത്തു. അതു കഴിഞ്ഞ് മാന്നാർ UIT യുടെ എൻ.എസ്.എസ് വിദ്യാർത്ഥികൾക്ക് ജൈവ കൃഷി സംബന്ധിച്ച ഒരു ക്ലാസ്സെടുത്തു കൊടുത്തു. ദേഹം വേദന കടുത്തതായതിനാൽ നന്നായി ഉറങ്ങാൻ പോലും പ്രയാസമായിരുന്നു. അതിനാൽ ഞാൻ ശ്വസനക്രിയയും കൈകൾക്കും കാലുകൾക്കുമുള്ള വ്യായാമങ്ങളും നന്നായി ചെയ്തു. രക്തയോട്ടം കൂടിയതുമൂലമാകണം ശരീര വേദന കുറഞ്ഞു. സുഖ ഉറക്കം ലഭിച്ചു. ഭർത്താവിന് അപ്പർ റസ്പിറ്റേറി ലക്ഷണങ്ങളും പനിയും നന്നായുണ്ടായിരുന്നു. ഞാൻ വ്യായാമം ചെയ്തതു മൂലമാകണം എനിക്കായിരുന്നു വേഗത്തിൽ റിക്കവറി. ഇത്തിരി ശുദ്ധവായുവും കാറ്റും വെളിച്ചും ലഭിക്കാൻ ഞാൻ അടുക്കള ഭാഗത്തുള്ള വാതിൽ തുറന്നിട്ട് അവിടെ പടിയിൽ ഇരിക്കുന്നത് പതിവാക്കി. നല്ല കാറ്റ് ലഭിക്കുന്ന സ്ഥലമായതിനാൽ അവിടിരിക്കുമ്പോൾ നല്ല ഉന്മേഷം തോന്നി.

കിടക്കുന്ന മുറിയിൽ മൊബൈലിനിന് റേഞ്ച് കുറവായതിനാൽ ഫോൺ കാളുകളോ വാട്സാപ് മെസ്സേജുകളോ ആ മുറിയിൽ വച്ച് ലഭിച്ചിരുന്നില്ല. വാതിൽ പടിയിൽ എത്തുമ്പോഴാണ് മെസ്സേജുകൾ ചറപറായെന്നെത്തുക. പ്രധാനപ്പെട്ടവയൊക്കെ നോക്കും. എല്ലാ ദിവസവും 4 AM ക്ലബ്ബിലെ റോബിൻ തിരുമല, മോഹൻജി , ബീന, സുഷ ചന്ദ്രൻ തുടങ്ങിയവരുടെ വിവിധ വിഷയങ്ങളെ കുറിച്ചുള്ള സന്ദേശങ്ങൾ രാവിലെ നാലു മണിയ്ക്കല്ലെങ്കിലും കേൾക്കുകയും വായിക്കുകയും ചെയ്തു. പിന്നെ ഹരിപ്പാട് റോട്ടറി ക്ലബ്ബുനടത്തിയ “മെൻ സുറൽ ഹൈജീനെ ” കുറിച്ചുള്ള ഒരു ഇന്റർനാഷണൽ സെമിനാറിൽ പങ്കെടുത്തു. മെൻ സുറൽ കപ്പ് ഉപയോഗിയ് ക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും അത് ഒഴിവാക്കുന്ന മെൻ സുറൽ വേയ്സ്റ്റിന്റെ അളവിനെ കുറിച്ചും അത് ഉപയോഗിയ്ക്കുന്നതു മൂലമുള്ള സാമ്പത്തിക ലാഭത്തെ കുറിച്ചും മറ്റും വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഡോക്ടർമാർ ഉൾപ്പെടെയുള്ള വ്യക്തികൾ സംസാരിച്ചു.

കേരളത്തിലെ കുമ്പളങ്ങി എന്ന ഗ്രാമമാണ് ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണമായും മെൻസുറൽ കപ്പുപയോഗിയ്ക്കുന്ന ഗ്രാമമെന്നത് എനിക്ക് പുതിയ അറിവായിരുന്നു. വെള്ളപ്പൊക്കമുണ്ടാകുന്ന കുട്ടനാടുപോലുള്ള പ്രദേശക്കാർക്കും മെൻസുറൽ കപ്പിന്റെ ഉപയോഗം ആശ്വാസദായകമായിരിയ്ക്കും എന്നാണ് എന്റെ അഭിപ്രായം.

അടുത്ത ദിവസം ഡാലി വീട്ടാവശ്യത്തിനുള്ള സാധനങ്ങൾ വീട്ടിലെത്തിച്ചു. കോളേജിലെ സെക്യൂരിറ്റി സ്റ്റാഫ് ബാലേട്ടനും ഇലക്ട്രോണിക്സ് ലക്ചറർ സുബിയും . ആവശ്യമുള്ള സാധനങ്ങൾ പൾസ് ഓക്സിമീറ്റർ , തെർമോമീറ്റർ , ഇൻഹലേറ്റർ ഉൾപ്പടെയുള്ളവ സമയാസമയം എത്തിച്ചിരുന്നു. ഫ്ലാറ്റിലെ താമസക്കാരും അവരാൽ കഴിയുന്ന സഹായങ്ങൾ ഞങ്ങൾക്കെത്തിച്ചു തരുവാൻ തയ്യാറായിരുന്നു. ഇടയ്ക്ക് ഞാൻ ക്യാൻസർ ബാധിച്ച് കീമോ ചെയ്തു കൊണ്ടിരിയ്ക്കുന്ന കാർത്തിക പള്ളി കോളേജിലെ ഒരധ്യാപികയെയും വിളിച്ച് സംസാരിച്ചിരുന്നു.

അല്പം ആശ്വാസം തോന്നിയ ദിവസം മുറിയൊക്കെ അടിച്ച് തുടച്ച് വൃത്തിയാക്കി പുതപ്പൊക്കെ കഴുകിയിട്ടു. പിന്നെ ഓർമ്മചെപ്പ് പുസ്തകമായി പ്രസിദ്ധീകരിക്കാനായി ശ്രീ ഒ.സി രാജുമോനെ ഏർപ്പാടാക്കിയിരുന്നു. അങ്ങനെ ഓർമ്മചെപ്പിന്റെ 98 അധ്യായങ്ങൾ ഒന്നുകൂടി എഡിറ്റ് ചെയ്ത് അദ്ദേഹത്തിന് അയച്ചു കൊടുത്തു . കഴിഞ്ഞ ദിവസം ക്വാറന്റൈൻ സർട്ടിഫിക്കറ്റ് വാങ്ങാൻ ആശുപത്രിയിൽ ചെന്നപ്പോഴാണറിയുന്നത് ഒരാഴ്ച ഡോക്ടറും ക്വാറന്റൈനിൽ ആയിരുന്നെന്ന്. ആർടിപിസിആർ റിസൾട്ട് ആധാറുമായി ലിങ്ക് ചെയ്തിരുന്നതിനാൽ ഞങ്ങളെ വിളിച്ചത് കൊല്ലം ജില്ലയിലെ പാരിപ്പള്ളിയിലെ കോവിഡ് സെന്ററിൽ നിന്നുമായിരുന്നു. പാലക്കാടു കഴിയുന്ന ഞങ്ങൾക്ക് അവരെന്തു സഹായമെത്തിക്കാൻ. നാളെ വീണ്ടും ജോലിക്ക് കയറാനൊരുങ്ങുന്ന എന്നോട് ദൈവം തമ്പുരാൻ ” നീയൊന്ന് വിശ്രമിച്ചോ” എന്ന് പറഞ്ഞനുവദിച്ചു തന്ന ദിനങ്ങളായിരുന്നു ഈ ക്വാറന്റൈൻ ദിനങ്ങളെന്ന് എനിക്ക് തോന്നി.

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.