ഡോ. ഐഷ വി

സാധാരണ ട്യൂട്ടോറിയൽ/ പാരലൽ കോളേജുകൾക്ക് ഗ്രീക്ക്/ റോമൻ ദേവതമാരുടെ പേരായിരുന്നു ഇട്ടിരുന്നത്. മിനർവാ , അഥീന എന്നിങ്ങനെ. പിന്നെ ചില ചിന്തകരുടേയും പേരിടാറുണ്ട്. ഉദാ: അരിസ്ടോ. ഇതിൽ നിന്നും വ്യത്യസ്ഥമായൊരു പേരായിരുന്നു ഗോപാലകൃഷ്ണപിള്ള സർ ഒരു ട്യൂഷൺ സെന്റർ ഊന്നിൻ മൂട്ടിൽ പ്രവർത്തനമാരംഭിച്ചപ്പോൾ ഇട്ടത്. പേര് ” ലതിക” : തന്റെ സീമന്തപുത്രിയുടെ പേരാണ് അദ്ദേഹം സ്ഥാപനത്തിനിട്ടത്. അതിന്റെ ഒരു ബ്രാഞ്ച് പൂതക്കുളത്തും തുടങ്ങി. ലതിക , കലിത , തിലകൻ , തകിലൻ എന്നിങ്ങനെയാണ് അദ്ദേഹത്തിന്റെ മക്കളുടെ പേരുകൾ . ട്യൂഷൻ സെന്റർ അദ്ദേഹം നന്നായി നടത്തിക്കൊണ്ടു പോന്നു. ലതിക കൂടാതെ പെറ്റ്( പൂതക്കളം എഡ്യൂക്കേഷണൽ ട്രസ്റ്റ്,) , ലേണേഴ്സ് എന്നീ ട്യൂട്ടോറിയൽ കോളേജുകൾ കൂടി പൂതക്കുളത്ത് ഉണ്ടായിരുന്നു. ലതികയുടെ പൂതക്കുളം ബ്രാഞ്ചിലായിരുന്നു ഞാൻ 9 , 10 ക്ലാസ്സുകളിൽ ട്യൂഷന് പോയിരുന്നത്. ശ്രീദേവി അപ്പച്ചിയുടെ മൂത്ത മകൾ ബീന ചേച്ചി ലേണേഴ്സിലാണ് ട്യൂഷന് പോയിരുന്നത്. ഞങ്ങളുടെ സ്കൂളിലെ ശ്രീനിവാസൻ സാറിന്റെ ജ്യേഷ്ഠൻ വാസു സാറിന്റേതായിരുന്നു ലേണേഴ്സ്. ബീന ചേച്ചി പഠിച്ച് കഴിഞ്ഞ് അധികം താമസിയാതെ ലേണേഴ്സ് നിർത്തി. പിന്നെ , പെറ്റ് മാത്രമായി ലതികയുടെ എതിരാളി.

ഇരുകൂട്ടർക്കും അവരവരുടെ കുട്ടികൾക്ക് നല്ല മാർക്ക് കിട്ടണം . ഫസ്റ്റ് . എണ്ണം കൂടണം ഇത്തരത്തിലുള്ള മാത്സര്യബുദ്ധി കാരണം രണ്ടിടത്തും നന്നായി പഠിപ്പിച്ചിരുന്നു. ചില തല്ലിപ്പൊളി പിള്ളേർ പൂതക്കുളം ഗവ. ഹൈസ്കൂളിൽ നിരന്തരം സമരമുണ്ടാക്കിയിരുന്നു. അങ്ങനെ ഒന്നു രണ്ട് ദിവസം കഴിഞ്ഞപ്പോൾ സമരക്കാർ എത്തിയാലുടൻ പെറ്റിലെ കുട്ടികൾ വേഗം സ്കൂളിൽ നിന്നിറങ്ങും. നേരെ പെറ്റിലേയ്ക്ക് . അവിടെ ക്ലാസ്സുകൾ തകൃതിയായി നടക്കും. ഇങ്ങനെ കുറേ ദിവസം ആവർത്തിച്ചപ്പോൾ സ്കൂൾ അധികൃതർ പിറ്റിഎ യോഗം ചേർന്നു. അടുത്ത അധ്യയന ദിവസം ധാരാളം രക്ഷിതാക്കൾ ചെത്തിമിനുക്കിയ മരച്ചീനികമ്പുമായി(കപ്പ കമ്പ്) സ്കൂളിന് പുറത്ത് നിലയുറപ്പിച്ചു. സമരക്കാരെ അധികമൊന്നും തല്ലിയോടിക്കേണ്ടി വന്നില്ല. അവർ സമരം നിർത്തി, സുല്ലിട്ടു.

ധാരാളം നല്ല അധ്യാപകർ ഉണ്ടായിരുന്നെങ്കിലും സ്കൂളിലെ പ്രധാന പ്രശ്നം ഗ്രാമപ്രദേശമായതിനാൽ ദൂരെ നിന്നും വരുന്ന അധ്യാപകർ വേഗം സ്ഥലം മാറ്റം വാങ്ങി പോവുക എന്നതായിരുന്നു. അപ്പോൾ 8 , 9 സ്റ്റാൻഡേർഡിൽ പല വിഷയങ്ങൾക്കും അധ്യാപകർ കാണില്ല. 10-ാം ക്ലാസ്സിൽ ആവശ്യത്തിന് അധ്യാപകരെ ഇടാൻ എച്ച് എം പ്രത്യേകം ശ്രദ്ധിക്കും. കതിരിൽ വളം വയ്ക്കുന്നതു പോലൊരു പരിപാടി. സ്വാഭാവികമായും ട്യൂട്ടോറിയൽ കോളേജുകൾക്ക് പ്രാധാന്യം കൈവന്നു. കൂട്ടികൾ ട്യൂഷന് പോയി പഠിച്ചു തുടങ്ങി.

ഞാന് എട്ടാം ക്ലാസ്റ്റ് കഴിയുന്നതുവരെ ട്യൂഷന് പോയിരുന്നില്ല. ശ്രീദേവി അപ്പച്ചിയുടെ രണ്ടാമത്തെ മകളും മൂന്നാമത്തെ മകളും നേരത്തേ തന്നെ ലതികയിൽ ട്യൂഷന് പോയിരുന്നു. ഞാൻ ലതികയിൽ ചെന്നപ്പോൾ ഉദയകുമാർ സാറായിരുന്നു അവിടത്തെ പ്രിൻസിപ്പാൾ . ചിരിച്ചു കൊണ്ട് കാർക്കശ്യ ബുദ്ധിയോടെ കുട്ടികളെ നിലയ്ക്ക് നിർത്തിയിരുന്നു അദ്ദേഹം. പഠിക്കാൻ പ്രേരിപ്പിച്ചിരുന്നു. ലതികയ്ക്ക് പെറ്റിനേക്കാൾ പ്രായം കൂടുതലാണ്. പഠിച്ച് കഴിഞ്ഞ് ജോലി കിട്ടുന്നതിന് മുമ്പുള്ള ഇടവേള ട്യൂഷനെടുക്കാനായി ഉപയോഗപ്പെടുത്തിയിരുന്നവരാണ് ഇരു ട്യൂഷൻ സെന്ററിലേയും ഭൂരിഭാഗം അധ്യാപകരും. പെറ്റിൽ പ്രസാദ് സാറിനായിരുന്നു നേതൃത്വം.

ഉദയകുമാർ സർ ലതിക ആ കാലഘട്ടത്തിൽ നന്നായി ഭരിച്ചു. കാലം 1982. ലതിക അപ്പോഴേയ്ക്കും നീണ്ട 20 വർഷങ്ങൾ താണ്ടിയിരുന്നു.. ലതികയ്ക്ക് 20 വയസ്സ് പൂർത്തിയായതിനാൽ വിംശതി ആഘോഷിക്കാൻ തീരുമാനിച്ചു. രണ്ട് ദിവസത്തെ ആഘോഷം. ഊന്നിൻ മൂട്ടിലും ഭൂതക്കുളത്തുമായി നടന്ന കലാ കായിക, ബൗദ്ധിക മത്സരങ്ങളിൽ വിദ്യാർത്ഥികൾ മാറ്റുരച്ചു. ക്വിസ്സ് ലെമൺ ആന്റ് സ്പൂൺ, കാന്റിൽ റേസ് എന്നീ മത്സരങ്ങളിൽ ഞാൻ പങ്കെടുത്തു. വിംശതിയുടെ അർത്ഥം 20 എന്നാണെന്ന് മലയാളം പഠിപ്പിച്ച ശാസ്ത്രി സാർ പറഞ്ഞു തന്നു. ഉദയകുമാർ സാറിനും ലതിക ട്യൂട്ടോറിയലിനും ഒരേ പ്രായമാണെന്ന് സാറ് തങ്ങളുടെ ക്ലാസ്സിൽ വന്നപ്പോൾ പറഞ്ഞു തന്നു. സാറ് ഞങ്ങൾക്ക് കെമിസ്ട്രിയായിരുന്നു പഠിപ്പിച്ചു തന്നത്. എല്ലാ കുട്ടികളേയും കെമിസ്ട്രി അരച്ചു കലക്കി കുടിപ്പിച്ചിട്ടേ സാറ് അടങ്ങുമായിരുന്നുള്ളൂ.

ആ വർഷം ശ്രീദേവി അപ്പച്ചിയുടെ രണ്ടാമത്തെ മകൾ മീന ചേച്ചിയ്ക്ക് എസ്എസ്എൽസി യ്ക്ക് ഫസ്റ്റ് ക്ലാസ്സുണ്ടായിരുന്നു. ഫസ്റ്റ് ക്ലാസുകാരുടെ ഫോട്ടോ വച്ച നോട്ടീസ് വിതരണത്തിനായി ഉച്ചഭാഷിണിയുമായി അധ്യാപകർ വന്ന കാർ അത്തവണ ഞങ്ങളുടെ വീട്ടു പഠിക്കൽ വരെ എത്തി. അധ്യാപകർ വീട്ടിൽ കയറി മീന ചേച്ചിയെ അഭിനന്ദിച്ചിട്ടാണ് തിരികെ പോയത്.

ലതിക വളർന്നു. 60 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. ലതികയുടെ ഓല ഷെഡ് മാറി ബഹുനില കെട്ടിടമായി. സ്ഥാപകൻ ഗോപാലകൃഷ്ണപിള്ള സാർ ഓർമ്മയായി.

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.