ശ്രീനഗറില്‍ നിന്ന് ഷാര്‍ജയിലേക്കുള്ള വിമാനത്തിന് തങ്ങളുടെ വ്യോമപാത നിഷേധിച്ച് പാകിസ്താന്‍. ഇതോടെ ഒരു മണിക്കൂര്‍ അധികദൂരം പറക്കേണ്ടി വരുന്ന വിമാനയാത്രയ്ക്ക് ചിലവുമേറും.

ഒക്ടോബര്‍ 23ന് കേന്ദ്രമന്ത്രി അമിത് ഷായാണ് ശ്രീനര്‍-ഷാര്‍ജ സര്‍വീസ് ഫ്‌ളാഗ് ഓഫ് ചെയ്തത്. ആഴ്ചയില്‍ നാല് ദിവസം സര്‍വീസ് എന്ന രീതിയിലായിരുന്നു തീരുമാനം. എന്നാലിപ്പോള്‍ പാക് വ്യോമപാതയിലൂടെ സര്‍വീസ് സാധ്യമല്ലെന്ന അവസ്ഥയായതിനാല്‍ വിമാനത്തിന് ഉദയ്പൂര്‍, അഹമ്മദാബാദ്, ഒമാന്‍ വഴി ഷാര്‍ജയിലേക്ക് പറക്കേണ്ടി വരും. ഇത് ഒരു മണിക്കൂറോളം അധിക യാത്രയാണ്.

പാകിസ്താന്റെ നടപടി ദൗര്‍ഭാഗ്യകരമാണെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ള വിശേഷിപ്പിച്ചു. 2009-10 കാലയളവില്‍ ശ്രീനഗര്‍-ദുബായ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസിനോടും പാകിസ്താന്‍ ഇതേ രീതിയിലാണ് പെരുമാറിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം പാകിസ്താനോട് അനുമതി തേടാതെ കൊട്ടിഘോഷിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തതെന്ന് പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി വിമര്‍ശിച്ചു. വ്യോമാര്‍ത്തി ഉപയോഗിക്കുന്നതിന് പാകിസ്താനോട് അനുമതി തേടാത്തത് അമ്പരപ്പിക്കുന്നുവെന്നും വെറും പിആര്‍ പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ നടത്തിയതെന്നും അവര്‍ പറഞ്ഞു.

പതിനൊന്ന് വര്‍ഷത്തിന് ശേഷമാണ് ശ്രീനഗറില്‍ നിന്നുള്ള അന്താരാഷ്ട്ര വിമാനസര്‍വീസ് പുനരാരംഭിച്ചത്. അടുത്തിടെ ജി20 ഉച്ചകോടിയ്ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇറ്റലിയിലേക്ക് പോയതും തിരിച്ചെത്തിയതും പാക് വ്യോമപാതയിലൂടെയായിരുന്നു. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് ശ്രീലങ്ക സന്ദര്‍ശിക്കുന്നതിന് ഇന്ത്യയും വ്യോമാതിര്‍ത്തി തുറന്ന് നല്‍കിയിരുന്നു.