സ്പിരിച്വൽ ഡെസ്ക്. മലയാളം യുകെ

ജന്മപാപം ഇല്ലാത്തപരിശുദ്ധ കന്യകയെ ദേവാലയത്തില്‍ സമര്‍പ്പിക്കുന്നതാണ്‌ വണക്കമാസത്തിലെ ഇന്നത്തെ ധ്യാനവിഷയം. ദൈവമാതാവ്‌ ആകുവാനുള്ള സ്ത്രീ എന്ന നിലയില്‍ മറിയത്തിന്‌ ദൈവം സമ്മാനിച്ച ഒരു സവിശേഷവരമാണ്‌ അമലോല്‍ഭവം. തന്റെ അമ്മയുടെ ഉദരത്തില്‍ ഉരുവാക്കപ്പെട്ട നിമിഷത്തില്‍ത്തന്നെ സര്‍വ്വശക്തനായ ദൈവം അവിടുത്തെ കൃപയാല്‍ മനുഷ്യകുലം മുഴുവന്റെയും രക്ഷകനായ ഈശോമിശിഹായുടെ യോഗ്യതകള്‍ പരിഗണിച്ച്‌ ജന്മപാപത്തിന്റെ സകല മാലിന്യങ്ങളില്‍ നിന്നും പരിശുദ്ധ
കന്യകാമറിയത്തെ പൂര്‍ണ്ണമായും വിമുക്തയാക്കിയിരുന്നു .

രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ‘തിരുസഭ’ എന്ന പ്രമാണരേഖയിലുടെ നമ്മെ പഠിപ്പിക്കുന്നു: ” ജന്മപാപം ഇല്ലാത്ത പരിശുദ്ധ കന്യകാമറിയം തന്റെ ഇഹലോകവാസം പൂര്‍ത്തിയാക്കിയപ്പോള്‍ , ആത്മശരീരങ്ങളോടെ സ്വര്‍ഗ്ഗീയ മഹിമയിലേക്ക്‌ സംവഹിക്കഷെടുകയും സകലത്തിന്റെയും രാഞ്ജിയായി ദൈവത്താല്‍ ഉയര്‍ത്തപ്പെടുകയും ചെയ്തു.. ‘” ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പാ പ്രസ്താവിക്കുന്നു: ” രക്ഷകനായ ക്രിസ്തുവിന്റെ കൃപ മറിയത്തില്‍ മുന്‍കൂട്ടി പ്രവര്‍ത്തിച്ചു. ഉത്ഭവപാപത്തില്‍ നിന്നും എല്ലാവിധ പാപങ്ങളില്‍നിന്നും അത്‌ അവളെ സംരക്ഷിച്ചു. അവള്‍, ഒന്‍പത്‌ മാസക്കാലം യേശു വസിക്കുന്ന വിശുദ്ധ സക്രാരിയും, യേശുവിന്‌ യോഗ്യമായ വാസസ്ഥാനവുമായി വര്‍ത്തിച്ചു”. കന്യക മറിയം പാപരഹിതയായതിനാലാണ്‌ ദൈവദൂതന്‍ “ദൈവകൃപ നിറഞ്ഞവളേ സ്വസ്തി, കര്‍ത്താവു നിന്നോടു കൂടെ” എന്ന്‌ അഭിസംബോധന ചെയ്തത്‌ .1824 ഡിസംബര്‍ എട്ടാം തീയതി ഒന്‍പതാം പീയൂസ്‌ മാര്‍ പാപ്പാ പരിശുദ്ധ മറിയത്തിന്റെ അമലോത്ഭവം ഒരു വിശ്വാസ സത്യമായി പ്രഖ്യാപിച്ചു.

നമ്മുടെ മുന്‍പില്‍ ദൈവം വയ്ക്കുന്ന വിശുദ്ധിയുടെ അദാത്തമായ മാതൃകയാണ്‌ ജന്മപാപം ഇല്ലാതെ ജന്മംകൊണ്ട പരിശുദ്ധ മറിയം. പാപത്തിന്റെ സ്പർശനമേല്‍ക്കാത്ത മറിയത്തിന്‌ ജനനത്തിന്റെ ആദ്യ നിമിഷത്തില്‍ കിട്ടിയ നൈര്‍മല്യവും, ആത്മാവിലുള്ള ജീവിതവും നമുക്ക്‌ ഇന്ന്‌ ജഞാനസ്നാനത്തിലൂടെ ലഭിക്കുന്നു. അതിലുടെ നാം ഉത്ഭവപാപത്തില്‍ നിന്നും മോചിതരാക്കപ്പെടുന്നു. പരിശുദ്ധാരൂപിയാല്‍ ഉത്ഭവം മുതല്‍ മറിയം ജീവിച്ചിരുന്നതു പോലെ, ജ്ഞാനസ്സാനം മുതല്‍ യേശുവില്‍ ജീവിച്ചുകൊണ്ട്‌ അവിടുത്തെ സ്നേഹത്തിലും കൃപയോടുള്ള നമ്മുടെ സഹകരണത്തിലും നാം വ്യാപരിക്കുമ്പോള്‍, മറിയത്തിന്‌ യേശുവിനോട്‌ ഉണ്ടായിരുന്ന ഐക്യത്തിലേയ്ക്കാണ്‌ നാമും വളരുന്നത്‌. വിശുദ്ധിയുടെ പൂര്‍ണ്ണതയിലേക്കുള്ള ഒരു പ്രയാണമാണ്‌ മറിയത്തിന്റെ ജീവിതം വെളിപ്പെടുത്തുന്നത്‌. പരിശുദ്ധാത്മാവിൻ്റെ പ്രവര്‍ത്തനത്തിന്റെ ശക്തിയാല്‍ ദൈവമാണ്‌ തനിക്കെല്ലാം എന്നും ,താന്‍ സ്വയം ഒന്നുമല്ല എന്നുമുള്ള ബോധ്യത്തിലേക്ക്‌ മറിയം ബോധപൂര്‍വ്വം മുന്നേറിക്കൊണ്ടിരുന്നു. തല്‍ഫലമായി ദൈവസ്നേഹത്താല്‍ മറിയം നിരന്തരം നിറഞ്ഞുകൊണ്ടിരുന്നു.

സാഹചര്യങ്ങള്‍ ആയിരുന്നില്ല മറിയത്തിന്റെ ആനന്ദ നിര്‍വൃതിയുടെ നിദാനം. ദൈവത്തിന്റെ സ്നേഹശക്തിയുടെ അനുഭവമായിരുന്നു. മറിയം പഠിപ്പിക്കുന്നത്‌ ഇതുതന്നെയാണ്‌. വേദനയുടെയും പീഡനങ്ങളുടെയും ചുറ്റുപാടുകളില്‍ നിന്നും ഓടി അകലുക അല്ല , മറിച്ച്‌ ദൈവസ്നേഹത്തിന്റെ ശക്തിയില്‍ ഉറച്ചുവിശ്വസിച്ചു അതില്‍ സംതൃപ്തി കണ്ടെത്തുകയാണ്‌ വേണ്ടത്‌ എന്ന്‌ നമുക്ക്‌ കാണിച്ചു തരുന്നു. നമ്മുടെ ജീവിതത്തിലും മറിയത്തെ പോലെ ദൈവത്തിന്റെ മുന്‍പില്‍ നാം വിനീതരായാല്‍ ജീവിത യാഥാര്‍ത്ഥ്യങ്ങളുമായി പൊരുത്തപ്പെടാനും സമചിത്തതയോടെ പ്രവര്‍ത്തിക്കുവാനും നമുക്കും സാധിക്കും.

ദൈവ കൃപ നിറഞ്ഞ പരിശുദ്ധ മറിയം, ദൈവകൃപ നിറഞ്ഞവളേ സ്വസ്തി കര്‍ത്താവ്‌ നിന്നോടുകൂടെ എന്ന ദൈവദൂതന്റെ മംഗളസന്ദേശമാണ്‌ കേട്ടത്‌ എങ്കിലും, കന്യാത്വത്തിന്റെ കരുത്തും വിവാഹ വിശ്വസ്തതയുടെ നിശ്ചയദാര്‍ഡ്യവും ഉണ്ടായിരുന്ന അവള്‍, സ്വന്തം ജീവിതത്തിന്റെ ഉത്തരവാദിത്വം കയ്യിലെടുത്ത്‌ ദൂതനോട്‌ പോലും ധീരതയോടെ സംസാരിച്ചു . വിശ്വാസത്തിലും വിനയത്തിലും ദൈവസ്നേഹത്തിലും നിറഞ്ഞവള്‍ ആയ അവളുടെ മുമ്പില്‍ ദൂതന്‍ ദൈവീക രഹസ്യങ്ങളുടെ കലവറ മുഴുവന്‍ തുറന്നുകാട്ടി. ഭൂമിയിലെ ദൈവങ്ങള്‍ക്കായി ജീവിച്ചും , ഭൂമിയുടെ അനുമോദനാശംസകള്‍ ഏറ്റുവാങ്ങിയും ആനന്ദലഹരിയിൽ ജീവിക്കാന്‍ ഞാന്‍ മോഹിക്കുന്നുവെങ്കില്‍ എങ്കില്‍, സ്വര്‍ഗ്ഗീയ ആശംസ എനിക്ക്‌ ഒരു സ്വപ്നം മാത്രമായിരിക്കും സമ്മാനിക്കുക. സ്വര്‍ഗ്ഗത്തില്‍ നിന്നുള്ള ആശംസകള്‍ പോലും വിവേചിച്ച്‌ അറിയുന്നതു വരെ മുഖഭാവം കൊണ്ടും വാക്കുകൊണ്ടും മറുതലിച്ചു നിന്ന പരിശുദ്ധ മറിയം നമുക്ക്‌ മുമ്പില്‍ ജീവിക്കുന്ന മാതൃകയാണ്‌.

നാം വിചിന്തനം ചെയ്യേണ്ടിയിരിക്കുന്നു. പരിശുദ്ധ അമ്മയുടെ ജീവിതത്തോട്‌ ഒത്തു പോകുന്നതാണോ ആണോ എന്റെ ജീവിതം ? വീഴ്ച്ചകള്‍ വന്നാല്‍, അതില്‍ അനുതപിച്ച്‌ ഏറ്റുപറഞ്ഞ്‌ പാപമോചനം നേടാനുള്ള എന്റെ ഉത്സാഹം എത്രമാത്രം? പാപത്തില്‍ നിന്നും പാപസാഹചര്യങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാനുള്ള ഉള്ള ഓത്സുക്യം എനിക്കുണ്ടോ? ദൈവകൃപ നിറഞ്ഞവര്‍ക്കു മാത്രമേ, ഉന്നതത്തില്‍ നിന്നുള്ള ആശംസ ലഭിക്കുകയുള്ളൂ. ഇതിനു യോജിച്ച ജീവിതമാണോ ഇന്നോളം ഞാന്‍ നയിച്ചിരിക്കുന്നത്‌. ദൈവകൃപ എന്നിലേക്ക്‌ ഒഴുകാന്‍ മാത്രം കര്‍ത്താവിനോടൊത്തും, കര്‍ത്താവിന്റെ കൂടെയും ആണോ ഞാന്‍ ജീവിക്കുന്നത്‌? ദൈവത്തോടൊത്ത്‌ ജീവിക്കാന്‍ എന്നിലുള്ള തടസ്സങ്ങള്‍ എന്തൊക്കെയാണ്‌? സ്നേഹത്തിന്റെ, അംഗീകാരത്തിന്റെ , സമാധാനത്തിന്റെ , സന്തോഷത്തിന്റെ സംബോധനകളും ആശംസകളും അനുഭവങ്ങളും എവിടെ നിന്നു വന്നാലും, ആരില്‍ നിന്നും സ്വീകരിക്കാന്‍ തയ്യാറായി, മനസ്സിന്റെ പടിവാതില്‍ തുറന്നു , കാതോര്‍ത്ത്‌ കാത്തിരിക്കുന്നതാണോ എന്റെ ജീവിതം? അങ്ങനെ എങ്കില്‍ എന്റെ ജീവിതത്തെ മേരി നിശബ്ദമായി തിരുത്തുന്നില്ലേ?
ആശംസകള്‍, നന്മയോ തിന്മയോ, മാനുഷികമോ ദൈവികമോ എന്ന വിവേചനം എനിക്കു സാധിതമാകാറുണ്ടോ?
ദൈവാത്മാവ്‌ നിറഞ്ഞ വ്യക്തിയുടെ ഗണത്തിലാണോ ഞാന്‍? ആത്മാവിന്റെ സ്പര്‍ശനവും അഭിഷേകവും ലഭിച്ചവരുടെ പ്രത്യേകതകള്‍ ആയ സന്തോഷം നിറഞ്ഞ ഹൃദയവും, ശാന്തത നിറഞ്ഞ മനസ്സും, സ്തുതിപ്പു നിറഞ്ഞ അധരവും , സ്നേഹം നിറഞ്ഞ ജീവിതവും എന്നില്‍ പ്രതിഫലിക്കുന്നുണ്ടോ.?

സ്വന്തം ജീവിതത്തിലും സഹജരിലും ദൈവം വര്‍ഷിച്ചിട്ടുള്ള നന്മകള്‍ കാണാനും, അതില്‍ കറ കൂടാതെ സന്തോഷിക്കുവാനും, ദൈവത്തെ സ്തുതിക്കാനും, അപരനെ അഭിനന്ദിക്കാനും
എനിക്ക്‌ സാധിക്കുന്നുണ്ടോ?
അതോ ഞാന്‍ ,ദൈവത്തെ സ്തുതിക്കാനും അപരനെ അഭിനന്ദിക്കാനും സാധിക്കാത്ത വിധം അഹംഭാവത്തിന്റെയും അസൂയയുടെയും അപകര്‍ഷതയുടെയും
ബന്ധനത്തിലാണോ.?

മറിയത്തിന്റെ വിശ്വാസ വീക്ഷണവും, പ്രസന്ന മനോഭാവവും, ആമ്മേന്‍ പ്രാര്‍ത്ഥനയും, സ്വന്തമാക്കാം. അന്ധമായ വിശ്വാസവും ആശ്രയത്വവും ദൈവത്തില്‍ അര്‍പ്പിച്ചു മുന്നോട്ട്‌ നിങ്ങുന്ന നിന്നെ അവിടുന്ന്‌ ഒരു അനുഗ്രഹമാക്കും. ദൈവിക പദ്ധതിക്കു മുന്‍പില്‍ ആമ്മേന്‍ പറഞ്ഞ മറിയത്തെ, കൊണ്ടു ചെന്നെത്തിച്ചത്‌ ഒരു കാല്‍വരിയില്‍ ആയിരുന്നു. ദൈവം നിശ്ചയിച്ചെത്തിക്കുന്ന കാല്‍വരിയില്‍ ചെന്ന്‌ അടിപതറാത്ത ആത്മാർപ്പണം ചെയ്യാന്‍ ദൈവസ്നേഹത്തില്‍ ഉള്ള ആഴമായ വിശ്വാസം ആശ്രയത്വം, ആത്മധൈര്യംം ഏറ്റുപറഞ്ഞ ആമ്മേനില്‍ സ്ഥിരത, നിശബ്ദമായ സഹനം, ഇവ മറിയത്തെപ്പോലെ നമുക്കും ആവശ്യമാണ്‌. ഇവ വളര്‍ത്തിയും ആഴപ്പെടുത്തിയും തരണമേ എന്ന്‌ പ്രാര്‍ത്ഥിക്കാം. ദൈവം അരുള്‍ ചെയുന്നു: ” മാതാവിന്റെ ഉദരത്തില്‍ നിനക്ക്‌ രൂപം നല്‍കിയതും, അവിടെ നിന്നും നിന്നെ പുറത്തുകൊണ്ടുവന്നതും ഞാനാണ്‌ .എന്റെ കൈകളിലേക്ക്‌ ആണ്‌ നീ പിറന്നുവീണത്‌. മാതാവിന്റെ മാറിടത്തില്‍ നിനക്ക്‌ സുരക്ഷിതത്വം നല്‍കിയതും ഞാനാണ്‌. എന്റെ ദൃഷ്ടിയില്‍ നീ ബഹുമാന്യനും അമൂല്യനുമാണ്‌. നിത്യസ്നേഹത്താല്‍ നിന്നെ ഞാന്‍
സ്നേഹിക്കുന്നു.”

സംഭവം

വിശുദ്ധരെ ജനിപ്പിക്കുന്നതിലും വളര്‍ത്തുന്നതിലും ദൈവഹിതമനുസരിച്ച്‌ രൂപാന്തരപ്പെടുത്തുന്നതിലും പരിശുദ്ധ അമ്മയ്ക്കുള്ള പങ്ക്‌ അതുല്യമാണ്‌. വിശുദ്ധ ചാവറ കുര്യാക്കോസ്‌ ഏലിയാസ്‌ അച്ചന്റെ ജീവിതത്തിലെ ഒരു സംഭവം ഇപ്രകാരമാണ്‌: കുഞ്ഞിന്‌ ആറുമാസം പ്രായമായപ്പോള്‍ തന്നെ മാതാപിതാക്കള്‍ അദ്ദേഹത്തെ വെച്ചൂര്‍ പള്ളിയില്‍ കൊണ്ടുപോയി അമലോല്‍ഭവ മാതാവിന്‌ അടിമ വച്ചു. അപ്പോള്‍ വികാരിയച്ചന്‍ അമ്മയോട്‌ ഇങ്ങനെ പറഞ്ഞു : “ഇനി ഇവന്‍ നിന്റെ മകന്‍ അല്ല ,പരിശുദ്ധ അമ്മയുടെ മകനാണ്‌. ദൈവ ജനനിയുടെ മകനായി ഇവനെ വളര്‍ത്തണം.” ആ അമ്മ തന്റെ മരണംവരെയും എല്ലാ സെപ്റ്റംബര്‍ 8 നും വെച്ചൂര്‍ പള്ളിയില്‍ പോയി അടിമ നേര്‍ച്ച പുതുക്കുകയും, അടിമ പണം നല്‍കുകയും ചെയ്തിരുന്നു. ” മാതാവിന്റെ ദാസനാണ്‌ നീ ” എന്ന്‌ കൂടെക്കൂടെ അമ്മ മകനെ ഓര്‍മ്മിപ്പിച്ചിരുന്നു. ബാല്യത്തിലേ തന്നെപരിശുദ്ധ അമ്മയുടെ സ്വന്തമായി മാറിയ ആ മകന്‍, കാലത്തിന്റെ പൂര്‍ണ്ണതയില്‍ അള്‍ത്താരയിലെ വണക്കത്തിനായി ഉയര്‍ത്തപ്പെട്ടു.

സുകൃതജപം: ജന്മപാപം ഇല്ലാത്ത പരിശുദ്ധ അമ്മേ, പാപത്തില്‍ നിന്നും പാപസാഹചര്യങ്ങളില്‍ നിന്നും
ഞങ്ങളെ കാത്തുകൊള്ളണേ..

പരി. മാതാവിൻ്റെ സ്തുതിപ്പു ഗാനം കേൾക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക് ചെയ്യുക.