സ്പിരിച്വൽ ഡെസ്ക്. മലയാളം യുകെ.
അനുഗ്രഹീതമായ മെയ് മാസത്തിലൂടെ കടന്നുപോകുമ്പോൾ പരി. അമ്മയുടെ ജീവിതം നമ്മൾ ധ്യാന വിഷയമാക്കുകയാണ്. അപ്പച്ചനും അമ്മയും ഞങ്ങൾ അറ് മക്കളും ഒരുമിച്ചിരുന്നുള്ള വണക്കമാസാചരണവും ജപമാല പ്രാർത്ഥനയുമാണ് ഇന്നും എൻ്റെ ഓർമ്മയിലേയ്ക്ക് വരിക. പരിശുദ്ധ അമ്മയുടെ സംരക്ഷണവും മാധ്യസ്ഥ ശക്തിയും അനുഭവിച്ചറിഞ്ഞ ജീവിതമായിരുന്നു ഞങ്ങളുടേത്. വി. ബർണാർദിൻ്റെ ജീവിത സാക്ഷ്യം നമ്മുടെ അനുദിന ജീവിതത്തിലും പ്രാവർത്തികമാക്കാം. അദ്ദേഹം ഇപ്രകാരം പറയുന്നു. ‘അമ്മയോട് പ്രാർത്ഥിക്കുക. നീ നിരാശനാവുകയില്ല. അമ്മയെ ധ്യാനിക്കുക. നീ തിന്മ ചിന്തിക്കുകയില്ല. അമ്മ കൈയ്ക്ക് പിടിച്ചിട്ടുണ്ടെങ്കിൽ നീ വീഴുകയില്ല. അമ്മയുടെ നേതൃത്വത്തിലും നിയന്ത്രണത്തിലും ആണെങ്കിൽ സത്യമായും നീ സ്വർഗ്ഗം കാണും.

അത്യുന്നതൻ്റെ അമ്മയാകുവാൻ ദൈവം തിരഞ്ഞെടുത്ത കന്യക വിശ്വാസത്തിൻ്റെയും വിനയത്തിൻ്റെയും മാതൃകയാണ്. പതറാത്ത വിശ്വാസവും വിനയവുമാണ് പരി. അമ്മയുടെ ജീവിതത്തെ ശക്തിപ്പെടുത്തിയത്. ജീവിതം കൊണ്ടും വാക്കു കൊണ്ടും മറിയം ഏറ്റ് പറഞ്ഞത് ഇപ്രകാരമായിരുന്നു. ” ശക്തനായവൻ എനിക്ക് വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു. അവിടുത്തെ നാമം പരിശുദ്ധമാണ് “. കർത്താവ് അരുളിച്ചെയ്ത കാര്യങ്ങൾ വിശ്വസിച്ചവൾ ഭാഗ്യവതി എന്ന് എലിസബത്ത് മറിയത്തെ വിശേഷിപ്പിച്ചിരുന്നു. മംഗള വാർത്ത മുതൽ കാൽവരി വരെയുള്ള പരി. അമ്മയുടെ ജീവിതത്തിൽ നമുക്ക് കാണുവാൻ സാധിക്കുന്നതും ഇതു തന്നെയാണ്.

ഈശോയുടെ ജനനത്തിനു ശേഷം ഒരു വിശ്രമവുമില്ലാതെ ഈജിപ്തിലേയ്ക്ക് പാലായനം ചെയ്തപ്പോഴും പരദേശികളെപ്പോലെ അവിടെ താമസിക്കേണ്ടി വന്നപ്പോഴും പരി. അമ്മയുടെ ദൈവത്തിലുള്ള വിശ്വാസത്തിന് ഒരിളക്കവും സംഭവിച്ചിട്ടില്ല. ഒടുവിൽ മൃതശരീരനായി ലോകരക്ഷകനായ മകൻ മടിയിൽ കിടന്നപ്പോഴും നഷ്ടപ്പെടാത്ത വിശ്വാസമുള്ള അമ്മയിലാണ് നമ്മൾ മാധ്യസ്ഥം തേടേണ്ടത്.

സുകൃതജപം.
വിശുദ്ധിയുടെ വിളനിലമായ മറിയമേ!
ഞങ്ങളുടെ ഹൃദയം ഈശോയുടെ തിരുഹൃദയത്തിനനുരൂപമാക്കേണമേ..

പരി. മാതാവിൻ്റെ സ്തുതിപ്പ് ഗാനം കേൾക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക് ചെയ്യുക.