കോട്ടയം: പാസ്പോർട്ട് സേവാ കേന്ദ്രം താൽക്കാലികമായി പ്രവർത്തനം നിർത്തിയ അന്നു മുതൽ താൻ നടത്തിയ പോരാട്ടത്തിന് ഫലം കണ്ടെന്ന് തോമസ് ചാഴികാടൻ എംപി. പുതുവത്സര സമ്മാനമായി പാസ്പോർട്ട് സേവാ കേന്ദ്രം പുനഃപ്രവർത്തനം തുടങ്ങുമെന്ന് പറഞ്ഞ വാക്ക് പാലിക്കാനായതിൽ സന്തോഷമുണ്ടെന്നും എംപി വ്യക്തമാക്കി. കോട്ടയത്ത് പാസ്പോർട്ട് സേവാ കേന്ദ്രം ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിക്കുകയായിരുന്നു എംപി.

2023 ഫെബ്രുവരി 16 -നാണ് കോട്ടയത്ത് പ്രവർത്തിച്ചിരുന്ന പാസ്പോർട്ട് സേവാ കേന്ദ്രത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തി വയ്ക്കാൻ നിർദേശം വന്നത്. പിറ്റേന്ന് ഡൽഹിയിലെത്തി കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയ് ശങ്കറെ കണ്ടു. ചീഫ് പാസ്പോർട്ട് ഓഫിസറെയും കണ്ടു. ലോക്സഭയിൽ സബ് മിഷൻ ഉന്നയിച്ചു. ചട്ടം 377 പ്രകാരം സഭയിൽ വിഷയം വീണ്ടും വീണ്ടും ഉന്നയിച്ചു. പിന്നാലെ വിദേശകാര്യ മന്ത്രിയെ നേരിൽ കണ്ട് വീണ്ടും നിവേദനം നൽകി.

നിരന്തരമായ ഇടപെടലുകൾക്കൊടുവിൽ പാസ്പോർട്ട് സേവാകേന്ദ്രം കോട്ടയത്ത് തന്നെ നിലനിർത്തുമെന്ന് കേന്ദ്ര വിദേശ കാര്യ മന്ത്രി എസ് ജയ് ശങ്കർ ഉറപ്പു നൽകി. കോട്ടയത്ത് പുതിയ കെട്ടിടം കണ്ടെത്തിയെന്നും ഓഫീസ് പ്രവർത്തനം ഒക്ടോബർ അവസാനം തുടങ്ങുമെന്നുമായിരുന്നു ഉറപ്പ്. എന്നാൽ അപ്രതീക്ഷിതമായ കാരണങ്ങളാൽ നീണ്ടുപോയി. വൈദ്യുതി കണക്ഷൻ ആയിരുന്നു പ്രധാന തടസ്സം. ഹൈ ടെൻഷൻ പവർ ആവശ്യമായതിനാൽ ജനറേറ്റർ, വയറിങ് എന്നിവ ആ രീതിയിൽ ക്രമീകരിക്കേണ്ടി വന്നു. വയറിങ് പൂർത്തിയാക്കി സുരക്ഷാ ക്രമീകരണങ്ങളുടെ പരിശോധനയ്ക്കായി ഇലക്ട്രിക്കൽ ഇൻസ് പക്ട്രേറ്റിനെ സമീപിച്ചു. എന്നാൽ ചില കുറവുകൾ അവർ ചൂണ്ടിക്കാണിച്ചു. പള്ളത്തെ ഡെപ്യൂട്ടി ചീഫ് എൻജിനിയറെയും താൻ നേരിൽ കണ്ട് പ്രശ്നങ്ങൾ പരിഹരിച്ചുവെന്നും ഡിസംബർ പകുതിയോടെ സേവാ കേന്ദ്രം സജ്ജമായത് അങ്ങനെയാണെന്നും തോമസ് ചാഴികാടൻ വ്യക്തമാക്കി. പുതിയ പാസ്പോർട്ട് ഓഫീസിനായി പ്രയത്നിച്ച എല്ലാവരെയും എംപി അനുമോദിച്ചു.

കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ പുതിയ പാസ്പോർട്ട് സേവാ കേന്ദ്രം ഉദ്ഘാടനം ചെയ്തു. പാസ്പോർട്ട് സേവാ കേന്ദ്രം ആധുനിക നിലവാരത്തിൽ നിർമ്മിക്കാനാണ് താൽക്കാലികമായി അടച്ചതെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ജോസ് കെ മാണി എംപി മുഖ്യ പ്രഭാഷണം നടത്തി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, റീജണൽ പാസ്പോർട്ട് ഓഫീസർ ടി ആർ മിഥുൻ, ഡപ്യൂട്ടി പാസ്പോർട്ട് ഓഫീസർ ഭാനുലാലി എന്നിവർ സംസാരിച്ചു. ചടങ്ങിൽ റീജണൽ പാസ്പോർട്ട് കേന്ദ്രത്തിന്റെ ഇൻസ്റ്റ​ഗ്രാം പേജിന്റെ ലോ​ഗോ പ്രകാശനവും കേന്ദ്രമന്ത്രി നിർവഹിച്ചു.