ഹെല്‍മറ്റ് ധരിക്കാതെ യാത്രചെയ്തതിന് പൊലീസുകാരന്‍ സ്‌കൂട്ടര്‍ ചവിട്ടി വീഴ്ത്തിയതിനെ തുടര്‍ന്ന് റോഡില്‍ തലയിടിച്ച് വീണ് ഗര്‍ഭിണി മരിച്ചു. മൂന്നു മാസം ഗര്‍ഭിണിയായ ഉഷയാണ് മരിച്ചത്. തമിഴ്‌നാട്ടിലെ ട്രിച്ചി – തഞ്ചാവൂര്‍ ഹൈവേയിലാണ് സംഭവം. സംഭവത്തില്‍ പ്രതിഷേധിച്ച് ട്രിച്ചി – തഞ്ചാവൂര്‍ ദേശീയപാതയിലുണ്ടായ ഉപരോധത്തില്‍ വ്യാപകഅക്രമവും ഉണ്ടായി.

ഉഷയും ഭര്‍ത്താവ് രാജയും സ്‌കൂട്ടറില്‍ സഞ്ചരിക്കവേയാണ് സംഭവം. ഹെല്‍മറ്റ് ധരിക്കാതിരുന്ന രാജ പൊലീസ് കൈകാണിച്ചപ്പോള്‍ നിര്‍ത്താതെ പോയി. തുടര്‍ന്ന് മറ്റൊരുബൈക്കില്‍ പിന്തുടര്‍ന്ന് വന്ന കാമരാജ് എന്ന പൊലീസുകാരന്‍ ഇവരുടെ സ്‌കൂട്ടര്‍ ചവിട്ടി വീഴ്ത്തുകയായിരുന്നു. വീഴ്ചയില്‍ തലക്ക് ഗുരുതരമായി പരിക്കേറ്റ ഉഷ ആശുപത്രിയിലെത്തും മുന്‍പേ മരിച്ചു. ഭര്‍ത്താവ് രാജ ചികിത്സയിലാണ്.

സംഭവത്തേ തുടര്‍ന്ന് പൊലീസുകാരനെതിരെ നടപടി ആവശ്യപ്പെട്ട് ജനങ്ങള്‍ ട്രിച്ചി – തഞ്ചാവൂര്‍ പാത ഉപരോധിച്ചു. ഉപരോധം അക്രമങ്ങളിലേക്ക് വഴിമാറി. പൊലീസിനും വാഹനങ്ങള്‍ക്കും നേരെ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞതോടെ പൊലീസ് ലാത്തി വീശി. സംഘര്‍ഷത്തില്‍ ബസുകളടക്കം നിരവധി വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. തുടര്‍ന്ന് കാമരാജിനെ അറസ്റ്റ് ചെയ്തുവെന്ന് എസ്പി ഉറപ്പ് നല്‍കിയതോടെയാണ് ഏറെ നേരം നീണ്ടു നിന്ന ഉപരോധം അവസാനിച്ചത്.