ന്യൂസ് ഡെസ്ക് മലയാളം യുകെ

വാഷിങ്ടൺ : നാസയുടെ ചൊവ്വാദൗത്യപേടകം പെഴ്സെവറൻസ് റോവർ ചൊവ്വയുടെ ഉപരിതലത്തിൽ ഇറങ്ങിയതായി നാസയുടെ സ്ഥിരീകരണം. ചൊവ്വയുടെ അന്തരീക്ഷത്തിൽ 12,100 മൈൽ (19,500 കിലോമീറ്റർ) വേഗതയിൽ സഞ്ചരിച്ച റോവറിനെ ഒരു പാരച്യൂട്ട് ഉപയോഗിച്ച് വേഗത കുറച്ച് ചൊവ്വാ ഉപരിതലത്തിലിറക്കുകയായിരുന്നു. ചൊവ്വയിലെ ജീവന്റെ സാന്നിധ്യം തിരിച്ചറിയുകയും ഭാവിയിലെ ചൊവ്വാ ദൗത്യങ്ങളെ സഹായിക്കുകയുമെന്ന ലക്ഷ്യത്തോടെ ഏഴു മാസം മുമ്പാണ് പെഴ്‌സെവറന്‍സ് വിക്ഷേപിച്ചത്. ചൊവ്വാ ഗ്രഹത്തിന്റെ ഉപരിതലത്തിൽ ഇറങ്ങുക എന്നത് വലിയ വെല്ലുവിളി ആയിരുന്നു. പ്രത്യേകിച്ചും ജെസേറോ ഗർത്തത്തിൽ. ആ വെല്ലുവിളികളെയെല്ലാം മറികടന്ന് നാസ എത്തിപിടിച്ച ഈ വിജയം ശാസ്ത്രലോകത്തിനൊരു മുതൽക്കൂട്ടാണ്.

കഴിഞ്ഞ ഏഴ് മാസത്തിനുള്ളിൽ 30 കോടി മൈൽ സഞ്ചരിച്ചാണ് പെർസെവറൻസ് ചുവന്ന ഗ്രഹത്തിലെത്തിയത്. 270 കോടി ഡോളറാണ് ആകെ ചെലവ്. 2020 ജൂലായ് 30-ന് ഫ്ലോറിഡയിലെ നാസയുടെ യു.എൽ.എ. അറ്റ്ലസ്-541ൽ നിന്നാണ് ദൗത്യം ആരംഭിച്ചത്. ഇൻജെന്യൂയിറ്റി എന്ന ചെറു ഹെലികോപ്റ്ററിനെയും റോവർ വഹിക്കുന്നുണ്ട്. ഭൂമിക്ക് പുറമെയുള്ള ഗ്രഹത്തിലെത്തുന്ന ആദ്യത്തെ ഹെലികോപ്ടറാണ് ഇൻജെന്യുവിറ്റി. ‘ഭീകരതയുടെ 7 മിനിറ്റുകളും’ ഭേദിച്ചാണ് പേടകം ചൊവ്വാ ഉപരിതലം തൊട്ടത്. അന്തരീക്ഷത്തിലേയ്ക്ക് പ്രവേശിച്ച ശേഷം 1300 ഡിഗ്രി ഉയർന്ന താപനില ഉണ്ടായെങ്കിലും അതിനെ ചെറുത്തു. സ്ഥിരത നിലനിർത്തിയ ശേഷം വേഗം മണിക്കൂറിൽ 1600 ആയതോടെ പേടകത്തിന്റെ പാരഷൂട്ടുകൾ തുറന്നു. തുടർന്ന് ഇറങ്ങേണ്ട സ്ഥലം കൃത്യമായി കണക്കാക്കി.

നാസയുടെ ഈ ദൗത്യ വിജയത്തിൽ അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡൻ ആശംസകൾ അറിയിച്ചു. ചൊവ്വയിലെ ലാൻഡിങ് വിജയകരമായി പൂർത്തീകരിച്ച ശേഷം ചൊവ്വാ ഉപരിതലത്തിൽ നിന്ന് പകർത്തിയ ഏതാനും ചിത്രങ്ങളും ഭൂമിയിലേക്കയച്ചിട്ടുണ്ട്. ചൊവ്വയിലിറങ്ങുന്ന അഞ്ചാമത്തെ റോവറാണ് പെഴ്സെവറൻസ്. സോജണർ, ഓപ്പർച്യൂണിറ്റി, സ്പിരിറ്റ്, ക്യൂരിയോസിറ്റി എന്നിവ നേരത്തെ വിജയകരമായി ചൊവ്വയിലെത്തിയിരുന്നു.