ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇറാൻ – അമേരിക്ക – ഇസ്രായേൽ സംഘർഷത്തെ തുടർന്ന് ഇന്ധനവില കുത്തനെ ഉയർന്നതോടെ യുകെയിൽ പെട്രോൾ മോഷണങ്ങൾ വൻ തോതിൽ വർധിച്ചുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു . കഴിഞ്ഞ വർഷത്തേക്കാൾ 62% അധികമായി പണം അടയ്ക്കാതെ ഇന്ധനം നിറച്ച് പോകുന്ന സംഭവങ്ങൾ വർദ്ധിച്ചതായി ആണ് കണക്കുകൾ കാണിക്കുന്നത് . ഒരു സാധാരണ കുടുംബം കാറിൽ പെട്രോൾ നിറയ്ക്കുന്നതിനുള്ള ചെലവ് £14 വരെ കൂടിയപ്പോൾ ഡീസലിന് £27 വരെ ആണ് വർധിച്ചത് . ഇതോടെ പലരും മോഷണത്തിലേക്ക് വഴിമാറുന്നുവെന്നാണ് വിലയിരുത്തൽ.

ദക്ഷിണ ഇംഗ്ലണ്ടിലെ അഞ്ച് പമ്പുകൾ നടത്തുന്ന ഒരു വ്യാപാരി ആഴ്ചയിൽ ഓരോ പമ്പിലും അഞ്ചോളം മോഷണങ്ങൾ നടക്കുന്നതായി വ്യക്തമാക്കി. മുൻപ് ഇത് ഒന്നോ രണ്ടോ മാത്രമായിരുന്നു. ഓരോ സംഭവത്തിലും £15 മുതൽ £150 വരെ നഷ്ടമുണ്ടാകുന്നുവെന്നും, ആകെ ആഴ്ചയിൽ ഏകദേശം £2,000 നഷ്ടമുണ്ടാകുന്നതായും അദ്ദേഹം പറഞ്ഞു. Pay My Fuel എന്ന സ്ഥാപനത്തിന്റെ കണക്കുകൾ പ്രകാരം ശരാശരി ഒരു പമ്പിൽ മോഷണസംഖ്യ 2.1ൽ നിന്ന് 3.4 ആയി ഉയർന്നിട്ടുണ്ട്. മോഷണത്തിന്റെ ശരാശരി മൂല്യം £56ൽ നിന്ന് £67 ആയി വർധിച്ചു.

ഇന്ധനമോഷണങ്ങളുടെ വർധനവ് പമ്പ് ഉടമകൾക്കും ജീവനക്കാർക്കും വലിയ സാമ്പത്തിക-മാനസിക സമ്മർദ്ദമുണ്ടാക്കുന്നുവെന്ന് സംഘടനകൾ പറയുന്നു. വിലക്കയറ്റം മൂലം ചിലർ നിർബന്ധിതരായി ഇത്തരത്തിലേക്ക് നീങ്ങുമ്പോൾ, പല സംഭവങ്ങളും ആസൂത്രിതമായ കുറ്റകൃത്യങ്ങളാണെന്നും വിലയിരുത്തുന്നു. നഷ്ടം പരിഹരിക്കാൻ പമ്പുകൾ ഇന്ധനവില കൂടി ഉയർത്തേണ്ട സാഹചര്യം ആണ് നിലവിലുള്ളത്. മോഷണവും ജീവനക്കാർ ക്കെതിരായ അതിക്രമവും കർശനമായി നേരിടുമെന്ന് സർക്കാർ വ്യക്തമാക്കി.











Leave a Reply