പാലായിലെ എൽഡിഎഫ് ജയത്തിന് പിന്നാലെ കേരള കോൺഗ്രസ് നേതാവ് ജോസ് കെ മാണിക്കെതിരെ രൂക്ഷ വിമർശനവുമായ പാർട്ടി വർക്കിങ്ങ് ചെയര്‍മാന്‍ പി ജെ ജോസഫ്. പക്വതയില്ലാത്ത നടപടികളാണ് പാലായിലെ തോൽവിക്ക് കാരണമായതെന്ന് ആരോപിച്ച അദ്ദേഹം ജയ സാധ്യതയുള്ള സ്ഥാനാർത്ഥികൾ അപ്പുറത്തുണ്ടായിരുന്നെന്നും പ്രതികരിച്ചു. മാണി സ്വീകരിച്ച കീഴ്വഴക്കം ജോസ് കെ മാണി ലംഘിച്ചെന്നും തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ നടത്തിയ വാര്‍ത്താ സമ്മേളനത്തിൽ പിജെ ജോസഫ് ആരോപിച്ചു.

പാര്‍ട്ടിക്കുള്ളിലെ തർക്കം മണ്ഡലത്തിലെ എല്ലാ പഞ്ചായത്തിലും രണ്ട് വിഭാഗങ്ങളെ സൃഷ്ടിച്ചു. ഇത് തിരഞ്ഞെടുപ്പ് ഫലത്തെയും ബാധിച്ചു. എന്നാൽ രണ്ട് കൂട്ടരും പ്രശ്നമുണ്ടാക്കിയെന്നത് ശരിയല്ല. പ്രശ്നമുണ്ടാക്കിയത് ആരെന്ന് യുഡിഎഫ് പരിശോധിക്കണം. പാർട്ടി ഭരണഘടന അംഗീകരിക്കാൻ ഒരു കൂട്ടർ തയ്യാറായില്ലെന്നതാണ് യഥാർത്ഥ പ്രശ്നം. തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ അത് തിരുത്തി മുന്നോട്ട് പോവാൻ തയ്യാറാണെന്നും പി ജെ ജോസഫ് പറയുന്നു.

തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ജോസഫിനെതിരെ ജോസ് കെ മാണി ഉയർത്തിയ ആരോപണങ്ങൾക്കുള്ള മറുപടികൂടിയായിരുന്നു പിജെ ജോസഫ് നല്‍കിയത്. രണ്ടില ചിഹ്നം കിട്ടാത്തത് പരാജയത്തിന് കാരണമായെന്നായിരുന്നു ജോസ് കെ മാണിയുടെ ആദ്യ പ്രതികരണം.
എന്നാൽ, രണ്ടില ചിഹ്നം ഇല്ലാത്തതും തോൽവിക്ക് കാരണമായെന്ന് സമ്മതിക്കുന്ന പിജെ ജോസഫ് ഇതിന് കാരണം ജോസ് കെ മാണി പക്ഷം സ്വീകരിച്ച ചില നിലപാടുകളാണെന്നും കുറ്റപ്പെടുത്തി.

ചിഹ്നം സംബന്ധിച്ച തർക്കവുമായി ബന്ധപ്പെട്ട് കുഞ്ഞാലിക്കുട്ടി തന്നോട് സംസാരിച്ചിരുന്നു. പാർട്ടി ചെയർമാന്റെ കത്ത് ലഭിച്ചാൽ ചിഹ്നം നൽകാൻ കഴിയൂ എന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. വർക്കിങ്ങ് ചെയർമാനായ തന്നെ ചെയർമാനായി അംഗീകരിച്ചാൽ കത്ത് നൽകാമെന്ന് താൻ അറിയിക്കുകയും ചെയ്തു. എന്നാൽ അത് അംഗീകരിക്കാൻ ജോസ് കെ മാണി തയ്യാറായില്ല.
ചിഹ്നം വേണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.

മാണിസാറാണ് ചിഹ്നമെന്ന് ആവർത്തിച്ചു. ജോസ് ടോമും ഇതേ നിലപാടാണ് സ്വീകരിച്ചത്. ഇതും തിരിച്ചടിയായിട്ടുണ്ടെന്നും പി ജെ ജോസഫ് പറയുന്നു. തിരഞ്ഞെടുപ്പ് യോഗത്തിനെത്തിയ തന്നെ കൂവിയതിനെ കുറിച്ച് ആരും ഖേദം പ്രകടിപ്പിച്ചില്ല. എന്നാൽ ഇത്തരം ചെയ്കികൾ കൊണ്ടൊന്നും താൻ പ്രകോപിതനാക്കാനാവില്ല. തെറ്റ് തിരുത്തി മുന്നോട്ടുപോകാന്‍ തയ്യാറാണെന്നും പി ജെ ജോസഫ് കൂട്ടിച്ചേർത്തു.

അതേസമയം, പാലായിൽ നേരിട്ട കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തിൽ വീഴ്ചകള്‍ തിരുത്തിമുന്നോട്ട് പോവുമെന്നായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം. പരാജയത്തില്‍ പതറില്ല. ജനവിശ്വാസം വീണ്ടെടുക്കും എന്നും അദ്ദേഹം പാലായില്‍ പറഞ്ഞു. അതിനിടെ ബിജെപി എല്‍ഡിഎഫിന് വോട്ട് മറിച്ചെന്ന് മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആരോപിച്ചു. എന്നാൽ ദൈവനിശ്ചയം അംഗീകരിക്കുന്നുവെന്നായിരുന്നു യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോമിന്റെ പ്രതികരണം.

യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോമിനെ 2,943 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പാലായില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥി മാണി സി.കാപ്പൻ തോ്ൽപ്പിച്ചത്. തുടക്കം മുതല്‍ ലീഡ് നിലനിര്‍ത്തിയായിരുന്നു കാപ്പന്റെ മുന്നേറ്റം. ഒന്‍പതുപഞ്ചായത്തുകളില്‍ എല്‍ഡിഎഫ് മുന്നിലെത്തിയപ്പോള്‍ യുഡിഎഫിന് നേട്ടമുണ്ടാക്കാനായത് നാലിടത്തുമാത്രം. ജോസ് കെ.മാണിയുടെ ബൂത്തിലും ഇടതുമുന്നണി ലീഡ് നേടി. ബിജെപിക്ക് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലേതിനേക്കാള്‍ 8,489 വോട്ട് കുറഞ്ഞു.