മുംബൈ:മുംബൈ ആകാശത്ത് എയ‍ർ ഇന്ത്യ, എയർ വിസ്താര വിമാനങ്ങൾ നേർക്കുനേർ. വൻ ദുരന്തം ഒഴിവായത് തലനാരിഴക്കെന്ന് റിപ്പോർട്ട്. ഫെബ്രുവരി ഏഴാം തിയതിയായിരുന്നു സംഭവമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. എയര്‍ ഇന്ത്യയുടെ മുംബൈ – ഭോപ്പാല്‍ എ.എല്‍ 631 വിമാനവും വിസ്താരയുടെ ഡല്‍ഹി-പുണെ യു.കെ.997 വിമാനവുമാണ് നേര്‍ക്കുനേര്‍ വന്നത്. ഏകദേശം നൂറ് അടി മാത്രം വ്യത്യാസത്തില്‍ ഇരുവിമാനങ്ങളും എത്തിയെന്നാണ് റിപ്പോർട്ട്.

വിസ്താര വിമാനത്തോട് 29,000 അടി അകലത്തിലും എയര്‍ ഇന്ത്യ വിമാനത്തോട് 27,000 അടി അകലത്തിലും പറക്കാനാണ് നിര്‍ദേശം നല്‍കിയിരുന്നത്. എതിര്‍ദിശകളില്‍ നിന്നുള്ള രണ്ടു വിമാനങ്ങള്‍ ഇത്രയടുത്തെത്തുന്നത് ഇന്ത്യന്‍ വ്യോമപാതയില്‍ സമീപകാലത്ത് ഇതാദ്യമായിട്ടാണ്. സംഭവത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് ഏവിയേഷന്‍ വിസ്താരയുടെ രണ്ടു പൈലറ്റുമാരോട് വിശദീകരണം തേടിയിട്ടുണ്ട്. തങ്ങളുടെ പൈലറ്റുമാര്‍ ദൂരപരിധി ലംഘിച്ചിട്ടില്ലെന്നാണ് വിസ്താര എയര്‍ലൈന്‍സ് വാദിക്കുന്നത്.

വിമാനങ്ങള്‍ അപകടകരമായ നിലയിൽ അടുത്തെത്തിയപ്പോൾ ട്രാഫിക് കൊളീഷന്‍ അവോയ്ഡന്‍സ് സിസ്റ്റത്തില്‍ അലാം മുഴങ്ങുകയും കോക്പിറ്റുകളില്‍ സിഗ്‌നല്‍ എത്തുകയും ചെയ്തു. തുടര്‍ന്ന് പൈലറ്റുമാര്‍ നടത്തിയ അടിയന്തര ഇടപെടലുകളാണ് വൻ ദുരന്തം ഒഴിവാക്കിയത്.