ന്യൂസ് ഡെസ്ക് മലയാളം യുകെ

ഡബ്‌ളിന്‍ : അക്കൗണ്ടുകളിൽ പണം ഇല്ലെങ്കിലും പണം ലഭിക്കും! ഇത് മുതലാക്കാൻ ആയിരങ്ങൾ എടിഎമ്മുകളിന്റെ മുന്നിൽ തടിച്ചുകൂടി. ബാങ്ക് ഓഫ് അയര്‍ലണ്ടിന്റെ ഐ ടി സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്നാണ് ഈ സംഭവം അരങ്ങേറിയത്. ഉപഭോക്താക്കള്‍ക്ക് അവരുടെ ബാങ്ക് ഓഫ് അയര്‍ലന്‍ഡ് അക്കൗണ്ടുകളില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ പണം മറ്റ് എക്സ്റ്റേണല്‍ അക്കൗണ്ടുകളിലേക്ക് ട്രാന്‍സ് ഫര്‍ ചെയ്യാനും പിന്നീട് എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കാനും കഴിഞ്ഞതായി ബാങ്കും സ്ഥിരീകരിച്ചു.സീറോ ബാലന്‍സ് ഉണ്ടായിരുന്നവര്‍ക്കും പണം ട്രാന്‍സ് ഫര്‍ ചെയ്യാനായി. ഇതോടെ ബാങ്കിന്റെ പ്രവർത്തനങ്ങൾ ഉൾപ്പെടെ ഭാഗികമായി തടസപ്പെട്ടു. എന്നാൽ പ്രശ്നം പരിഹരിച്ചതായി അധികൃതർ വ്യക്തമാക്കി.

ഇന്നലെ വൈകിട്ട് മുതല്‍ നടത്തിയ മിക്ക ഇടപാടുകളും ബാങ്കിന്റെ അക്കൗണ്ടിൽ എത്തിയിട്ടില്ല. ഇടപാടുകാര്‍ അവരുടെ അക്കൗണ്ടില്‍ ഉള്ളതിനേക്കാള്‍ പണം പിന്‍വലിച്ചിട്ടുണ്ടെങ്കില്‍ അത് തിരികെ നല്‍കേണ്ടിവരുമെന്ന് ബാങ്ക് ഉപഭോക്താക്കളെ ഓര്‍മ്മിപ്പിച്ചു. ഓണ്‍ലൈന്‍ ബാങ്കിംഗ് പോര്‍ട്ടലായ 365 ഓണ്‍ലൈനിലെയും മൊബൈല്‍ ബാങ്കിംഗ് ആപ്പിലെയും സേവനങ്ങൾ തടസ്സപ്പെട്ടു.

അക്കൗണ്ടിൽ പണമില്ലെങ്കിലും , അഞ്ഞൂറ് യൂറോ വരെ പിന്‍വലിക്കാനായുള്ള സൗകര്യം ഉണ്ടെന്ന വാര്‍ത്ത ഇന്നലെ വൈകുന്നേരത്തോടെയാണ് പുറത്തുവന്നത്. ഇതോടെ എ ടി എമ്മുകള്‍ക്ക് മുമ്പില്‍ നീണ്ട ക്യൂ രൂപപ്പെട്ടു. ഇതോടൊപ്പം അക്കൗണ്ടിൽ പണമില്ലെങ്കിലും റവലൂട്ട് അക്കൗണ്ടിലേയ്ക്ക് പണം ട്രാന്‍സ് ഫര്‍ ചെയ്യാനാവുമെന്ന വാര്‍ത്തയും വ്യാപകമായി പ്രചരിച്ചു. ഇപ്രകാരം ട്രാന്‍സ് ഫര്‍ ചെയ്യുന്ന പണം രാജ്യത്തെ ഏത് എ ടി എമ്മുകളില്‍ നിന്നും പിന്‍വലിക്കാമെന്ന സ്ഥിതിയായതോടെ ഡബ്ലിന്‍, ലിമെറിക്ക്, ഡന്‍ഡല്‍ക്ക് അടക്കം രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലെ എടിഎമ്മുകളില്‍ വലിയ ക്യൂ പ്രത്യക്ഷപ്പെടുകയായിരുന്നു. പലയിടത്തും ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാൻ ഗാർഡിനെ നിയോഗിക്കേണ്ടി വന്നു.