സ്പാനിഷ് നഗരമായ ബാർസിലോനയിലെ പാർക്കിലൂടെ 8 വയസ്സുള്ള മകനൊപ്പം നടക്കുന്നതിനിടെ രണ്ടു കാട്ടുപന്നികൾ ആക്രമിച്ചെന്നു കൊളംബിയൻ ഗായിക ഷക്കീറ. തന്നെ ആക്രമിച്ച കാട്ടുപന്നികൾ കൈവശമുണ്ടായിരുന്ന ബാഗും തട്ടിയെടുത്ത് കാട്ടിലേക്ക് ഓടി മറഞ്ഞതായും അവർ പറഞ്ഞു.

ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണു അപ്രതീക്ഷിത സംഭവത്തെക്കുറിച്ചു ഷക്കീറ വെളിപ്പെടുത്തിയത്. പിന്നീടു കാട്ടിൽനിന്നു വീണ്ടെടുത്ത ബാഗ് ഉയർത്തിക്കാട്ടുന്ന ഷക്കീറ വിഡിയോയിൽ ചോദിക്കുന്നത് ഇങ്ങനെ, ‘രണ്ടു കാട്ടുപന്നികൾ എന്നെ ആക്രമിച്ചു. അവർ എന്റെ ബാഗ് എങ്ങനെയാക്കിയെന്നു നോക്കൂ.’

‘മൊബൈൽ ഫോൺ അടക്കമുള്ള സാധനങ്ങൾ അടങ്ങിയ ബാഗാണു പന്നികൾ തട്ടിയെടുത്തത്. അവർ എല്ലാം നശിപ്പിച്ചിരിക്കുന്നു.’ തുടർന്ന്, തൊട്ടടുത്തിരിക്കുന്ന 8 വയസ്സുള്ള മകൻ മിലാനോട് അവർ ഇങ്ങനെ ചോദിച്ചു, ‘ മിലാൻ, സത്യം പറയൂ. കാട്ടുപന്നികളുടെ ആക്രമണത്തെ അമ്മ നേരിട്ടത് എങ്ങനെയാണെന്ന്–’ സ്പാനിഷ് ഫുട്ബോൾ ക്ലബ് ബാർസിലോന താരമായ ജെറാദ് പീക്കെയുടെയും ഷക്കീറയുടെയും മകനാണു മിലാൻ.

കാറ്റാലൻ തലസ്ഥാനത്തു വർധിച്ചു വരുന്ന കാട്ടുപന്നി ആക്രമണങ്ങളുടെ ഒടുവിലത്തെ ഇരയാണു ഷക്കീറ. 2016ൽ കാട്ടുപന്നികൾ വളർത്തു നായ്ക്കളെ ആക്രമിക്കുന്നതായും വാഹനങ്ങളിൽ വന്നിടിച്ചു ഗതാഗതം തടസ്സപ്പെടുത്തുന്നതായും മറ്റും 1,187 പേർ പൊലീസിൽ പരാതിപ്പെട്ടിരുന്നു.

2013ൽ പ്രശ്നപരിഹാരത്തിനു നേരിട്ട് ഇറങ്ങിത്തിരിച്ച ഒരു പൊലീസ് ഉദ്യോഗസ്ഥൻ സർവീസ് റിവോൾവർ ഉപയോഗിച്ച് ഒരു കാട്ടുപന്നിക്കു നേരെ വെടിയുതിർത്തെങ്കിലും ലക്ഷ്യംതെറ്റി അദ്ദേഹത്തിന്റെ പങ്കാളിയുടെ ശരീരത്തിലാണു കൊണ്ടത്. ഏതു പ്രതികൂല സാഹചര്യങ്ങളിലും ജീവിക്കാനാകുന്ന കാട്ടുപന്നികൾ കഴിഞ്ഞ ഏതാനും വർഷങ്ങളായി നഗരപ്രദേശങ്ങളിലേക്കും കൂട്ടമായി എത്തുന്നുണ്ട്. മനുഷ്യർ നിക്ഷേപിക്കുന്ന മാലിന്യം ആഹാരമാക്കാനാണ് ഈ വരവ്.

യൂറോപ്പിലുള്ള കാട്ടുപന്നികളുടെ എണ്ണം ഒരു കോടി കടന്നതായാണ് ഏകദേശ കണക്കുകൾ. കാട്ടുപന്നികളുടെ ഉപദ്രവം അസഹ്യമായതോടെ പല നഗരങ്ങളും ഇവയെ തുരത്താൻ പല തരത്തിലുള്ള പദ്ധതികൾ തയാറാക്കിയിട്ടുണ്ട്. ബർലിനിൽ വേട്ടക്കാർ ആയിരക്കണക്കിനു കാട്ടുപന്നികളെ വെടിവച്ചു കൊന്നെങ്കിലും പ്രശ്നം ഇപ്പോഴും നിലനിൽക്കുന്നു. ഇറ്റാലിയൻ തലസ്ഥാനമായ റോമിൽ, കുട്ടികളുടെ കളിസ്ഥലത്തിലൂടെ അലഞ്ഞുനടന്ന കാട്ടുപന്നിക്കൂട്ടത്തെ കഴിഞ്ഞ വർഷം പൊലീസ് അധികൃതർ മയക്കുവെടിവച്ചതിനു ശേഷം വിഷം കുത്തിവച്ചുകൊന്ന സംഭവം വ്യാപക പ്രതിഷേധത്തിനു വഴി തെളിച്ചിരുന്നു.