മഹിള മോർച്ച നേതാവ് ശരണ്യയുടെ മരണത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ശരണ്യയുടെ ഭർത്താവിന്റെയും അടുത്ത ബന്ധുക്കളുടെയും മൊഴി എടുക്കും. ആത്മഹത്യാകുറിപ്പിൽ സൂചിപ്പിച്ച ബി.ജെ.പി പ്രവർത്തകൻ പ്രജീവ് ഒളിവിലാണ്. ശരണ്യയുടെ വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമെ കൂടുതൽ കാര്യങ്ങളിൽ വ്യക്തത വരൂ.

ബി.ജെ.പിയുടെ ജില്ലാ നേതാവും ശരണ്യയും തമ്മിലുള്ള ബന്ധവും പൊലീസ് അന്വേഷിക്കുന്നുണ്ട്. ശരണ്യയെ ഭീഷണിപെടുത്തനായി പ്രജീവ് കാണിച്ച വീഡിയോ സംബന്ധിച്ചും അന്വേഷണം തുടരുകയാണ്. പാലക്കാട് മണ്ഡലം ട്രഷറര്‍ ആയിരുന്ന ശരണ്യ ഞായറാഴ്ചയാണ് തൂങ്ങിമരിച്ചത്. ബിജെപി നേതാവ് പ്രജീവ് ആണ് തന്റെ ആത്മഹത്യക്ക് കാരണമെന്ന് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. ആറ് പേജുകളാണ് കുറിപ്പിലുള്ളത്, ശരണ്യയുടെ ഫോണും പോലീസ് കസ്റ്റഡിയിലാണ്.

പ്രജീവിനെ വിശ്വസിച്ച് പല കാര്യങ്ങളും ചെയ്തു. ഇപ്പോള്‍ ചതിച്ചുവെന്ന് തിരിച്ചറിഞ്ഞതില്‍ മനം നൊന്താണ് ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചത്. തന്റെ മരണത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും കുറിപ്പില്‍ ശരണ്യ വ്യക്തമാക്കുന്നു. പ്രജീവിന്റെ കള്ളക്കളികള്‍ മുഴുവന്‍ പുറത്തുകൊണ്ടുവരണമെന്നും കുറിപ്പില്‍ ആവശ്യപ്പെടുന്നുണ്ട്.