ചില തമാശകള്‍ മറ്റുള്ളവര്‍ക്ക് ക്രൂരത സമ്മാനിക്കുന്നവയാകും. അത്തരത്തിലെ ഒരു ബംപര്‍ തമാശയാണ് പ്രവാസിയായ വയനാട്ടുകാരന്‍ സെയ്തലവിയുടെ ജീവിതത്തിലുമുണ്ടായത്. മണിക്കൂറുകള്‍ നേരത്തേക്ക് എല്ലാവരും ഉറ്റു നോക്കിയ ബംപര്‍ കോടീശ്വരനാവുകയും ശേഷം പരിഹാസ കഥാപാത്രമാവുകയും ചെയ്ത അവസ്ഥയിലൂടെയാണ് സെയ്തലവിയുടെ ജീവിതം മാറിമറിഞ്ഞത്.

ഓണം ബംപര്‍ ഒന്നാം സമ്മാനമായ 12 കോടി അടിച്ചത് തന്റെ ടിക്കറ്റിനാണെന്ന് പറഞ്ഞത് കള്ളവാണെന്ന് സെയ്തലവി തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. തെറ്റു പറ്റിയതില്‍ ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൂട്ടുകാരെ കബളിപ്പിക്കാന്‍ വേണ്ടി ചെയ്തതാണെന്നും എന്നാല്‍ സംഭവം കൈവിട്ട് പോവുകയായിരുന്നെന്നും സെയ്തലവി വീഡിയോ സന്ദേശത്തില്‍ പറഞ്ഞത്.

”ഞാന്‍ കൂട്ടുകാരെ കബളിപ്പിക്കാന്‍ ചെയ്തതാണ്. എനിക്കൊരു തെറ്റ് പറ്റി പോയി. എല്ലാവരോടും മാപ്പ് ചോദിക്കുന്നു. ഇത് ഇത്രയും വലിയ വിഷയമാകുമെന്ന് കരുതിയില്ല. എല്ലാവരോടും മാപ്പ് ചോദിക്കുന്നു.”

വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ തെറ്റ് ഏറ്റുപറയാനുള്ള മാനസികാവസ്ഥ നഷ്ടപ്പെട്ടുവെന്നും കൂട്ടുകാര്‍ക്കും മറ്റുള്ളവര്‍ക്കുമുണ്ടായ ബുദ്ധിമുട്ടുകളില്‍ വേദനയുണ്ടെന്നും സെയ്തലവി അറിയിച്ചു.

നാട്ടിലുള്ള സുഹൃത്ത് വഴി താനെടുത്ത ടിക്കറ്റിനാണ് ഓണം ബംപറെന്നായിരുന്നു പ്രവാസിയായ സെയ്തലവി ആദ്യം പറഞ്ഞിരുന്നത്. സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സുഹൃത്ത് ഫോട്ടോ എടുത്ത് അയച്ചെന്നും അദ്ദേഹം പറയുകയുണ്ടായി.

എന്നാല്‍ വൈകുന്നേരം കൊച്ചി മരട് സ്വദേശിക്കാണ് ബംപറടിച്ചതെന്ന വിവരം പുറത്തുവരുന്നതുവരെ സെയ്തലവിയായിരുന്നു വാര്‍ത്താതാരം. കൊച്ചി മരട് സ്വദേശിയായ ഓട്ടോ ഡ്രൈവറായ ജയപാലനാണ് ഒന്നാം സമ്മാനം ലഭിച്ചത്. സമ്മാനാര്‍ഹമായ ടിക്കറ്റ് ജയപാലന്‍ എറണാകുളത്തെ ബാങ്കില്‍ സമര്‍പ്പിച്ചു. 12 കോടി രൂപയുടെ ഭാഗ്യക്കുറിയായിരുന്നു ജയപാലന്‍ നേടിയത്.