ബിനോയ് എം. ജെ.

മരണത്തെകുറിച്ച് ചിന്തിക്കാത്ത ഒരു ദിവസം പോലും നമ്മുടെ ജീവിതത്തിൽ ഉണ്ടാകുവാനിടയില്ല.എങ്കിലും നാമതിനെക്കുറിച്ച് ചിന്തിക്കുവാൻ ഇഷ്ടപ്പെടുന്നില്ല. അതാണതിന്റെ സത്യം. നമ്മുടെ ജീവിതത്തിൽ ഗുരുതരമായ ഒരു പ്രശ്നം ഉണ്ടായിരിക്കുകയും നാമതിനെക്കുറിച്ച് ചിന്തിക്കാതിരിക്കുകയും ചെയ്യുന്നത് അനാരോഗ്യകരമായ ഒരു കാര്യമാണെന്ന് മന:ശ്ശാസ്ത്രജ്ഞന്മാർ പറയുന്നു. അതിനാൽതന്നെ മരണത്തെ അപഗ്രഥിക്കുകയും അതിന് പരിഹാരം കണ്ടെത്തുകയും ചെയ്യേണ്ടിയിരിക്കുന്നു. നാം മരണത്തെ ഭാവിയിൽ ഒളിപ്പിക്കുവാൻ വ്യഗ്രത കൂട്ടുന്നു. വർത്തമാനത്തിൽ അതിനെ അപഗ്രഥിക്കുവാൻ മടികാട്ടുകയും ചെയ്യുന്നു. കാരണം അത് പരിഹാരമില്ലാത്ത ഒരു പ്രശ്നമാണെന്ന് നാം ധരിച്ച് വച്ചിരിക്കുന്നു.

എന്നാൽ മരണം പരിഹാരമുള്ള ഒരു പ്രശ്നമാണ്! നാമതിനെക്കുറിച്ച് ചിന്തിക്കുന്നില്ല എന്നതാണ് ഇവിടുത്തെ ഏക പ്രശ്നം. മരണത്തെ കുറിച്ച് പറയുമ്പോൾ രണ്ട് വാദഗതികൾ പൊന്തിവരുന്നുണ്ട്. ആദ്യത്തേത് “മരണം ഒരു നുണയാണ്” എന്നതാണ്. അതായത് മരണം എന്നൊന്നില്ല. അതൊരു അഭാവസത്ത(Absent Entity )യാണ്. അത് ഉള്ളതായി നമുക്ക് തോന്നുക മാത്രം ചെയ്യുന്നു. ആത്മാവിന് മരണമില്ല. നാം എന്നും ആ ആത്മാവാണ്. ആത്മാവ് ഈശ്വരനാണ്. ഈശ്വരന് എങ്ങനെയാണ് മരിക്കുവാൻ കഴിയുക? ശരീരവുമായി താദാത്മ്യപ്പെടാതിരിക്കുക! സ്വയം ഈശ്വരനാണെന്നുള്ള ചിന്തയെ പരിപോഷിപ്പിച്ചുകൊണ്ടുവരിക. നിങ്ങൾ മരിച്ചാലും പുനർജ്ജനിക്കും. കാരണം ആത്മാവിന് മരണമില്ല. ഈ പ്രപഞ്ചം മുഴുവൻ നശിച്ചാലും നിങ്ങൾക്ക് നാശമില്ല.നിങ്ങൾ മരിക്കുന്നില്ല. നിങ്ങൾ ശരീരം ധരിച്ചാലും ഇല്ലെങ്കിലും നിങ്ങൾ ഈ പ്രപഞ്ചത്തിൽ തന്നെ ഉണ്ടായിരിക്കും. നിങ്ങളെ ഈ പ്രപഞ്ചത്തിൽ നിന്ന് നിഷ്കാസനം ചെയ്യുവാനോ ഇല്ലാതാക്കുവാനോ ഒരു ശക്തിക്കും കഴിയുകയില്ല. കാരണം നിങ്ങളും പ്രപഞ്ചവും ഒന്നാകുന്നു!

രണ്ടാമത്തെ വാദഗതി “മരണം സത്യത്തിൽ ഉണ്ട്” എന്നതാണ്. ജനിക്കുന്നവന് മരണം നിശ്ചയം; മരിക്കുന്നവന് ജനനം നിശ്ചയം. എന്നിരുന്നാലും മരണം ജീവിതത്തിലെ ഏറ്റവും മധുരമായ അനുഭവമാണ്. ശരീരത്തിൽ നിന്നും ആത്മാവ് വേർപെടുന്ന അസുലഭമുഹൂർത്തമാണ് മരണം. അപ്പോൾ അനന്താനന്ദം അനുഭവപ്പെടുന്നു. പിന്നെന്തുകൊണ്ടാണ് മരണം വേദനാജനകമായും ദു:ഖകരമായും അനുഭവപ്പെടുകയും കാണപ്പെടുകയും ചെയ്യുന്നത്? അത് ആശയക്കുഴപ്പം ഒന്നുകൊണ്ടു മാത്രമാണ്. മരണത്തെ നിങ്ങൾ ആശ്ലേഷിക്കുന്നില്ല; അതിനെ നിങ്ങൾ സ്വീകരിക്കുന്നില്ല; എന്നാൽ അത് സംഭവിക്കുകയും ചെയ്യുന്നു. നിങ്ങൾക്ക് മരണവുമായി പൊരുത്തപ്പെടുവാൻ കഴിയുന്നില്ല. ഇവിടെ അനന്താനന്ദം അനന്ത ദു:ഖമായി മാറുന്നു.

വാദഗതി ഏതായാലും നാം നമ്മുടേതായ രീതിയിൽ മരണത്തെ വിശകലനം ചെയ്തേ തീരൂ. അതാണ് പ്രധാനപ്പെട്ട കാര്യം. ദഹിക്കാതെ കിടക്കുന്ന ആ ആശയക്കുഴപ്പത്തെ നാം ദഹിപ്പിക്കണം. അപ്പോൾ നമുക്ക് അതൊരു പ്രശ്നമാവില്ല. എത്രനാൾ നാമതിൽനിന്നോടിയകലും? ഈ ഭീതി നമ്മുടെ ജീവിതത്തെ അന്ധകാരാവൃതമാക്കുന്നു. നാം ജീവിതം ആസ്വദിക്കുന്നതിൽ പരാജയപ്പടുകയും ചെയ്യുന്നു. പരിഹാരം ഇല്ലാത്ത ഒരു പ്രശ്നവും ജീവിതത്തിൽ ഇല്ല. നാം പരിഹരിക്കുവാൻ ശ്രമിക്കുന്നില്ലെന്ന് മാത്രം. മരണമാകുന്ന പ്രശ്നത്തെ ധീരമായി വിശകലനം ചെയ്യുവിൻ! അതിന് പരിഹാരം കണ്ടെത്തുമ്പോൾ നിങ്ങൾ ജീവിതത്തിൽ ആത്യന്തികമായ വിജയം കൈവരിക്കുന്നു.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120