ബിനോയ് എം. ജെ.

യഥാർത്ഥത്തിൽ ജീവിതം ക്ലേശകരമാണോ? ആണെങ്കിൽ ഈശ്വരൻ കുറ്റക്കാരൻ തന്നെ. അവിടുന്നാണല്ലോ ജീവിതത്തെ ഈ വിധത്തിൽ സൃഷ്ടിച്ചത്. എന്നാൽ ഈശ്വരൻ ജീവിതത്തെ ക്ലേശകരമായിട്ടല്ല സൃഷ്ടിച്ചതെന്ന് ഞാൻ വിശ്വസിക്കുന്നു. ക്ലേശങ്ങൾ നമ്മുടെ തന്നെ സൃഷ്ടിയാണ്! ഈശ്വരൻ മനുഷ്യനെയും പ്രകൃതിയെയും അത്യന്തം മനോഹരമായി സൃഷ്ടിച്ചിരിക്കുന്നു. എന്നാൽ നാമതിലെ മനോഹാരിതയും പരിപൂർണ്ണതയും കാണുന്നതിന് പകരം വൈരൂപ്യത്തെയും അപൂർണ്ണതയെയും മാത്രം കാണുന്നു . പണ്ടെങ്ങോ ഏദൻ തോട്ടത്തിൽ വച്ച് പാപം ചെയ്തതുകൊണ്ടല്ല മനുഷ്യന് ഈ ഗതിയുണ്ടായത്. മറിച്ച് സ്വന്തം മനസ്സ് സൃഷ്ടിക്കുന്ന മായാബന്ധനത്തിൽ സദാ വീഴുന്നത് കൊണ്ടാണ് ഇങ്ങനെ ഒക്കെ സംഭവിക്കുന്നത്. ഇതിൽ നിന്നും കരകയറുവാൻ ലോകാവസാനം വരെ കാത്തിരിക്കേണ്ട ആവശ്യവുമില്ല. ഏത് നിമിഷവും നമുക്കതിൽനിന്നും കര കയറാം. അനന്താനന്ദത്തിലേക്ക് പ്രവേശിക്കുവാൻ ഒരു നിമിഷം മതി! അതിന് നമ്മുടെ മനോഭാവം ഒന്ന് മാറ്റിയാൽ മാത്രം മതി.

പ്രശ്നം മുഴുവൻ കിടക്കുന്നത് നമ്മുടെ മനോഭാവത്തിൽ ആണ്. അത്യന്തം ഭാവാത്മകമായ ഈശ്വരൻ ആണ് ഏക സത്ത. ആ ഈശ്വരനെ നിഷേധാത്മകമായി കാണുമ്പോൾ പ്രശ്നങ്ങൾ ആരംഭിക്കുന്നു. നമുക്ക് ജീവിതത്തെ രണ്ട് രീതിയിൽ നോക്കികാണുവാൻ കഴിയും. അതിനെ വലിയ ഒരവസരമായിട്ടും ആനന്ദലഹരിയായും നോക്കിക്കാണാം. അതിനെ ഒരു വലിയ പ്രശ്നമായിട്ടും ക്ലേശമായിട്ടും നോക്കിക്കാണാം. നാമെല്ലാവരും ജീവിതത്തെ ഒരു വലിയ പ്രശ്നമായിത്തന്നെ നോക്കിക്കാണുന്നു. അതുകൊണ്ടാണ് നാമെവിടേക്ക് തിരിഞ്ഞാലും പ്രശ്നങ്ങൾ തന്നെ അനുഭവപ്പെടുന്നത്. തേടുന്നതേ കിട്ടൂ. നാം പ്രശ്നങ്ങളെ തേടുന്നു; അവയെ കണ്ടെത്തുകയും ചെയ്യുന്നു. എന്നിട്ട് എനിക്ക് ജീവിതത്തിൽ മുഴുവൻ പ്രശ്നങ്ങളാണേ എന്ന് നിലവിളിക്കുന്നതിൽ എന്തർത്ഥമിരിക്കുന്നു ?

ഈ പ്രശ്നങ്ങളിൽനിന്നെല്ലാം ഒരു മോചനമുണ്ട്! ഈ കൂരാകൂരിരുട്ടിൽനിന്നും ഒരു മോചനമുണ്ട്. ഒന്നൊഴിയാതെ ഈ പ്രശ്നങ്ങൾ എല്ലാം തിരോഭവിക്കുന്ന ഒരു കാലം വരും. അന്ന് നിങ്ങൾ ഈശ്വരനിൽ ലയിക്കും. ഈ പ്രശ്നങ്ങൾ എല്ലാം നമ്മുടെ തന്നെ മനസ്സിന്റെ സൃഷ്ടിയാണെങ്കിൽ തീർച്ചയായും നമുക്കതിൽ നിന്ന് മോചനം നേടുവാനാവും. അതിന് പ്രശ്നങ്ങളെ കൂലംകഷമായി വിശകലനം ചെയ്യുകയല്ല വേണ്ടത്. നിങ്ങൾ അങ്ങനെ ചെയ്യുമ്പോൾ വാസ്തവത്തിൽ നിങ്ങൾ പ്രശ്നങ്ങളെ ക്ഷണിച്ചു വരുത്തുകയും പ്രോത്സാഹിപ്പിക്കുകയുമാണ് ചെയ്യുന്നത്. ഈ തെറ്റായ മനോഭാവം മാനവരാശിയെ ആശയക്കുഴപ്പത്തിന്റെയും അന്ധകാരത്തിന്റെയും പടുകുഴിയിലേക്ക് തള്ളിവിടുന്നു. നാം പ്രശ്നങ്ങളെ പരിഹരിക്കുവാൻ ശ്രമിക്കുന്നു. അതിന് വേണ്ടി നാം പ്രശ്നങ്ങളെ ക്ഷണിച്ചു വരുത്തുകയും ചെയ്യുന്നു. ചിന്തിക്കുന്തോറും പ്രശ്നങ്ങളുടെ ഗൗരവം കൂടി കൂടി വരുന്നു. ചിന്തിക്കാതിരുന്നാലോ പ്രശ്നങ്ങൾ താനെ തിരോഭവിച്ചു കൊള്ളും. ജീവിതത്തിൽ നിന്നും അവശ്യം പഠിച്ചിരിക്കേണ്ട പാഠമാണിത്. ഇതിനെ വേണ്ടവിധത്തിൽ മനസ്സിലാക്കിയാൽ പിന്നീട് പ്രശ്നങ്ങൾ നമ്മെ ബാധിക്കുകയില്ല .

ഒരു നിസ്സാര കാര്യത്തെപോലും നമുക്ക് വലിയ പ്രശ്നമായിട്ട് എടുക്കാം. ഒരു വലിയ പ്രശ്നത്തെ നിസ്സാരമായി തള്ളിക്കളയുകയും ചെയ്യാം. ഇതിൽ ഏത് ചെയ്യണമെന്ന് തീരുമാനിക്കേണ്ടത് നാം തന്നെയാണ്. ഒരു വശത്ത് അനന്ത ദുഃഖം വച്ചിരിക്കുന്നു; മറുവശത്ത് അനന്താനന്ദവും വച്ചിരിക്കുന്നു. ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം. പ്രശ്നങ്ങൾക്ക് ഗൗരവം കൊടുക്കുന്തോറും നമ്മുടെ മനസ്സ് കൂടുതൽ കൂടുതൽ അസ്വസ്ഥമായിക്കൊണ്ടേയിരിക്കും. അവയെ തള്ളിക്കളയുമ്പോൾ മനസ്സ് അതിന്റെ തനതായ ശാന്തി വീണ്ടെടുക്കുകയും ചെയ്യുന്നു. ശാന്തിയാകുന്നു മനസ്സിന്റെ സ്വാഭാവികവും യഥാർത്ഥവുമായ പ്രകൃതം. എന്നാൽ നാമാശാന്തിയെ തകർക്കുന്നു. ഇത് നമുക്ക് പറ്റിയിരിക്കുന്ന അടിസ്ഥാനപരമായ ഒരാശയക്കുഴപ്പത്തിന്റെ പരിണതഫലം മാത്രം. ഇതിൽ നിന്നും കരകയറുന്നവൻ ജീവിതത്തിൽ ആത്യന്തികമായ വിജയം കരസ്ഥമാക്കുന്നു.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120