മലയാള സിനിമകളിൽ അഭിനേതാവായും നിർമ്മാതാവായും തിളങ്ങിയ താരമാണ് പ്രേം പ്രകാശ് . സിനിമാ പാരമ്പര്യം ഏറെയുള്ള പ്രേം പ്രകാശിന്റെ ജേഷ്ഠനാണ് മലയാള സിനിമയിൽ സുന്ദരവില്ലനും ഗായകനുമൊക്കെയായിരുന്ന ജോസ് പ്രകാശ്.

​ഗായകനാകാൻ ആ​ഗ്രഹിച്ച് സിനിമയിലേക്കെത്തിയ വ്യക്തിയാണ് പ്രേം പ്രകാശ്. കൂടെവിടെ, ആകാശദൂത്, എന്റെ വീട് അപ്പുവിന്റെയും, അയാളും ഞാനും തമ്മിൽ തുടങ്ങിയ നിരവധി സിനിമകൾ നിർമ്മിച്ചത് പ്രേം പ്രകാശ് ആണ്.ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഇദ്ദേഹം. നിർമാതാവ് എന്നതിനപ്പുറം ഒരു സാധാരണക്കാരനാണ് അന്നും ഇന്നും താനെന്ന് പ്രേം പ്രകാശ് പറയുന്നു.

സിനിമയിൽ അവസരം നൽകിയ ഒരു നടൻ പ്രശസ്തനായപ്പോൾ ഉണ്ടായ വേദനിപ്പിച്ച അനുഭവത്തെക്കുറിച്ചും പ്രേം പ്രകാശ് സംസാരിച്ചു. ഒരു ഓൺലൈൻ മാധ്യമത്തോടായിരുന്നു പ്രതികരണം.’ഞാൻ വളരെ സിംപിളായി ജീവിക്കുന്ന ആളാണ്. അഹങ്കാരമായി പറയുന്നതല്ല. ഞാൻ സിനിമയിൽ വന്ന കാലത്തും ഇന്നും അങ്ങനെ ആണ്. എന്റേ ജേഷ്ഠൻ വളരെ സിംപിൾ ആയിരുന്നു. താരമായിട്ടൊന്നും ഒരിക്കലും ജീവിച്ചിട്ടില്ല. പഴയത് മറന്ന് ജീവിക്കരുത് എന്നാണ് പുള്ളി എന്നോട് പറഞ്ഞത്. സത്യസന്ധമായി പെരുമാറുക. അദ്ദേഹം ബസ് കയറിയും ബോട്ടിലും സ്റ്റുഡിയോയിലേക്ക് പോവുന്നത് എന്റെ ഓർമ്മയിലുണ്ട്. അടിസ്ഥാനപരമായി നമ്മളെല്ലാം മനുഷ്യരാണ്. ആ ചിന്ത ചിലർക്കില്ല’

‘എന്റെ ഒരു സിനിമയിലൂടെ നല്ലൊരു വേഷം ചെയ്ത നടൻ പിന്നീട് പ്രശസ്തനായി. ആ ആൾ അതിന് മുമ്പ് മിമിക്രി ഒക്കെ ചെയ്തിട്ടുള്ള ആളാണ്. എന്റെ സിനിമയിൽ ഒരു വേഷം കൊടുത്തു. അതിൽ അഭിനയിക്കുമ്പോൾ ഭയങ്കര ഭവ്യതയോടെയും സ്നേഹത്തോടെയും ആയിരുന്നു പെരുമാറിയത്. പ്രതിഫലം കൊടുത്തപ്പോൾ പോലും അയ്യോ സർ ഇതൊന്നും വേണ്ട എന്ന് പറഞ്ഞു’

‘ഒന്ന് രണ്ട് വർഷങ്ങൾക്ക് ശേഷം അദ്ദേഹം പ്രശസ്തനായി. ഞാൻ അടുത്ത പടം എടുത്തപ്പോൾ പുള്ളിയെ വിളിച്ചു. സാധാരണ പ്രൊഡ്യൂസറെന്ന നിലയ്ക്ക് ഞാനും ചില ഔതാര്യങ്ങൾ പ്രതീക്ഷിക്കും. പ്രതിഫലവും മറ്റും എന്നോട് നേരിട്ട് സംസാരിക്കാൻ കഴിയാതെ പ്രൊഡക്ഷൻ കൺട്രോളറോട് സംസാരിച്ചു. ഞാനിത്രയാണ് മേടിക്കുന്നത് പുള്ളിയോട് പറഞ്ഞേക്കണം എന്ന ലെവലിലായി. നമ്മൾ മനുഷ്യരാണ്. സെന്റിമെന്റ്സും വിഷമങ്ങളും ഉണ്ടാവും’.

എല്ലാം കഴിഞ്ഞ്, പുള്ളിക്ക് ഒരു തുക കൊണ്ട് കൊടുത്ത് ഞാൻ പറഞ്ഞു, ഇതേ നമ്മൾ‌ക്കിതേ ഉള്ളൂ എന്ന്. എനിക്കിത് പോര എന്ന് പുള്ളി പറഞ്ഞു. അത് പറയരുത്, എന്റെ ഇപ്പോഴത്തെ അവസ്ഥ അങ്ങനെയല്ലെന്ന് ഞാൻ പറഞ്ഞു. പുള്ളി ആ പൈസ വാങ്ങി പെട്ടി തുറന്ന് അതിനകത്തേക്ക് ഇട്ടു. ഞാനിപ്പോഴും അത് മറന്നിട്ടില്ല. ഒത്തിരി ഫീൽ ചെയ്തു. മേലിൽ എന്നെ അഭിനയിക്കാൻ വിളിക്കരുതെന്ന് പറഞ്ഞു’

‘പക്ഷെ പിന്നീട് ആ പുള്ളി തന്നെ എന്റെ ജേഷ്ഠന്റെ അടുത്ത് പോയി ക്ഷമ പറഞ്ഞു. ഞാനെടുക്കുന്ന പടങ്ങളിൽ വിളിക്കാൻ പറയണം എന്ന് പറഞ്ഞു, അങ്ങനെ പുള്ളിയെ പിന്നീടൊരു പടത്തിൽ‌ വിളിച്ചിട്ടുണ്ട്,’ പ്രേം പ്രകാശ് പറഞ്ഞു.