കൽപ്പറ്റ: വയനാട് മീനങ്ങാടി സ്കൂളിലെ വിനോദയാത്രയുമായി ബന്ധപ്പെട്ട വിവാദത്തിൽ നടപടി. സ്കൂൾ പ്രിൻസിപ്പൽ ഷിവി കൃഷ്ണനെ വടുവഞ്ചാൽ ഹയർ സെക്കൻഡറി സ്കൂളിലേക്ക് സ്ഥലം മാറ്റി. വിനോദയാത്രയുമായി ബന്ധപ്പെട്ട സർക്കാർ നിർദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ചയുണ്ടായെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സ്കൂൾ പി.ടി.എ പ്രസിഡന്റിനെ ചുമതലയിൽ നിന്ന് മാറ്റാനും നിർദേശം നൽകിയിട്ടുണ്ട്. ആർ.ആർ.ഡിയുടെ അനുമതി തേടാതെ യാത്ര സംഘടിപ്പിച്ചതും മൂന്ന് ദിവസം നടത്തേണ്ടിയിരുന്ന യാത്ര അഞ്ച് ദിവസമായി നീട്ടിയതും വീഴ്ചകളായി ചൂണ്ടിക്കാട്ടുന്നു.
അതേസമയം, തനിക്കെതിരെ ഉയർന്ന മദ്യപാന ആരോപണം തെറ്റാണെന്ന് രക്തപരിശോധനാ ഫലം തെളിയിച്ചതായി പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ പ്രതികരിച്ചു. വലിയ മാനസിക പ്രയാസമാണ് തനിക്കും കുടുംബത്തിനും നേരിടേണ്ടിവന്നതെന്നും സത്യം തെളിയിക്കാനാണ് പരിശോധനയ്ക്ക് വിധേയനായതെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെ പൊലീസിൽ പരാതികളൊന്നുമില്ലെന്നും കുട്ടികളുടെ ഭാഗത്തുനിന്നുണ്ടായ ചില അപക്വമായ ഇടപെടലുകളെ കുറ്റപ്പെടുത്തുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തനിക്കെതിരെ നടന്നത് രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് സംശയിക്കുന്നതായും പി.ടി.എ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വിവാദത്തിന് പിന്നിലുണ്ടെന്നും ഷിവി കൃഷ്ണൻ ആരോപിച്ചു. വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പ് നടന്നതായും കുട്ടികളും ഇപ്പോൾ വലിയ പ്രയാസത്തിലാണെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരായ നീക്കങ്ങളിൽ നിയമപരമായ നടപടികൾ സ്വീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും പ്രിൻസിപ്പൽ വ്യക്തമാക്കി.











Leave a Reply