മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം കുഞ്ഞാലി മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. മാർച്ച് 26ന് റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ റിലീസ് മാറ്റിയിരുന്നു. ഇനി ചിത്രത്തിന്റെ റിലീസ് എന്നുണ്ടാകും എന്നുള്ള ചോദ്യത്തിന് മറുപടി പറയുകയാണ് പ്രിയദർശൻ ഇപ്പോൾ.

“വളരെ പ്രതിസന്ധി ഘട്ടത്തിൽ കൂടിയാണ് നമ്മുടെ രാജ്യം ഇപ്പോൾ കടന്ന് പോകുന്നത്. ഇങ്ങനെയൊരു അവസരത്തിൽ സിനിമയുടെ സ്ഥാനം വളരെ താഴെയാണ്. അതിനേക്കാൾ പ്രാധാന്യം അർഹിക്കുന്ന പല കാര്യങ്ങളും നമ്മുക്ക് ചുറ്റുമുണ്ട്. ദിവസ വേതനത്തിൽ തൊഴിൽ ചെയ്യുന്ന ഒരു വലിയ കൂട്ടം ആളുകൾ ഇപ്പോൾ പ്രതിസന്ധിയിലാണ്. സിനിമാ മേഖലയിൽ അത്തരത്തിൽ കുറെ ആളുകൾ ഉണ്ട്. ഈ കൊറോണ പ്രതിസന്ധി അവസാനിച്ച്, ഈ ആളുകളുടെ ജീവിതം സാധാരണ ഗതിയിലേക് മാറിയതിന് ശേഷം മാത്രം റിലീസ് മതി എന്നാണ് ഇപ്പോളത്തെ തീരുമാനം” പ്രിയദർശൻ പറഞ്ഞു.

ഇന്ത്യൻ സിനിമയിലെ പ്രമുഖർ ചേർന്നാണ് ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്ത് വിട്ടത്. മോഹൻലാൽ ആണ് മലയാളം ട്രെയ്‌ലർ പുറത്ത് വിട്ടത്. സൂര്യ തമിഴ് പതിപ്പും യാഷ് കന്നഡ പതിപ്പും അക്ഷയ് കുമാർ ഹിന്ദി പതിപ്പും റിലീസ് ചെയ്തു.ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത് സൈന ആണ് . സൈന തന്നെയാണ് ഈ വാർത്ത തങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം വഴി അറിയിച്ചത്. ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ തുകയ്ക്കാണ് സൈന മരയ്ക്കാറിന്റെ ഓഡിയോ റൈറ്റ്‌സ് വാങ്ങിയിരിക്കുന്നത്. തുക വെളിപ്പെടുത്തിയിട്ടില്ല. മരയ്ക്കാറിന്റെ മറ്റ് ഭാഷകളുടെ ഓഡിയോ റൈറ്റ്‌സും സൈന തന്നെയാണ് സ്വന്തമാക്കിയിരിക്കുന്നത്.ആക്ഷനും vfx, ഗ്രാഫിക്സ് വർക്കുകൾക്ക് ഏറെ പ്രാധാന്യമുള്ള ഈ ചരിത്ര സിനിമ ലോക സിനിമയുടെ നെറുകയിൽ മലയാള സിനിമയ്ക്കും ഇന്ത്യൻ സിനിമയും അഭിമാനമായി ഉയർന്നു നിൽക്കുമെന്ന് തന്നെയാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.

അഞ്ചു ഭാഷകളിൽ ആയി അൻപതിൽ അധികം രാജ്യങ്ങളിൽ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രവും കൂടിയാവും മരക്കാർ. മഞ്ജു വാര്യർ, പ്രഭു, അർജുൻ സർജ, സുനിൽ ഷെട്ടി, പ്രണവ് മോഹൻലാൽ, സിദ്ദിഖ്, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, മുകേഷ്, നെടുമുടി വേണു, ബാബുരാജ്, അശോക് സെൽവൻ, ബാബുരാജ്, മാമുക്കോയ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. മരക്കാർ നിർമിക്കുന്നത് ആന്റണി പെരുമ്പാവൂരും കോൺഫിഡന്റ് ഗ്രൂപ്പും സന്തോഷ് ടി കുരുവിളയും ചേർന്നാണ്