കീൽ ക്രിസ്ത്യൻ മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ ബയോമെഡിക്കൽ ഡിപ്പാർട്മെന്റിൽ മെഡിസിൻ ലൈഫ് സയൻസ് വിദ്യാർത്ഥിനി നികിത ബെന്നി (22 ) യുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം ആരംഭിച്ചു. കോട്ടയം കടുത്തുരുത്തി ആപ്പാഞ്ചിറ പൂഴിക്കോൽ മുടക്കാമ്പുറത്ത് വീട്ടിൽ ബെന്നി ഏബ്രഹാമിന്റെയും ട്രീസ ബെന്നിയുടെയും മകൾ നികിതയെ വ്യാഴാഴ്ച രാവിലെയാണ്‌ സ്റ്റുഡന്റ്സ് ഹോസ്റ്റലിലെ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

നികിതയെ കാണാതിരുന്നതിനെ തുടർന്ന് സുഹൃത്തുക്കൾ അന്വേഷിച്ചപ്പോഴാണ് സ്വന്തം മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിഷം ഉള്ളിൽ ചെന്നാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ബുധനാഴ്ച രാത്രി മരണം സംഭവിച്ചതായാണ് ലഭ്യമായ വിവരങ്ങൾ സൂചിപ്പിക്കുന്നത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തു വന്നാൽ മാത്രമേ മരണ കാരണത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകുകയുള്ളൂ .

ഡിഗ്രി പഠനത്തിനു ശേഷം 9 മാസം മുൻപാണ് നികിത, കീൽ ക്രിസ്ത്യൻ മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ ബയോമെഡിക്കൽ ഡിപ്പാർട്മെന്റിൽ മെഡിസിൻ ലൈഫ് സയൻസ് പഠനത്തിനായി ജർമനിയിൽ എത്തിയത്. ഛത്തീസ്ഗഡിൽ സൈനിക ആശുപത്രിയിൽ നേഴ്സാണ് നികിതയുടെ മാതാവ് ട്രീസ. പിതാവ് ബെന്നിയും സഹോദരൻ ആഷിഷും അടങ്ങുന്ന കുടുംബം ഛത്തീസ്ഗഡിലാണ് താമസം.

മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം ആരംഭിച്ചതായി നികിതയുടെ ബന്ധുക്കളെ സന്ദർശിച്ച മോൻസ് ജോസഫ് എംഎൽഎ അറിയിച്ചു. കേന്ദ്ര മന്ത്രി വി.മുരളീധരനുമായി ഫോണിൽ ബന്ധപ്പെട്ടു വിവരങ്ങൾ കൈമാറി.