‘മീ ടൂ’ വെളിപ്പെടുത്തലിനുപിന്നാലെ മുകേഷിനെതിരെ കൊല്ലത്ത് വന്‍ പ്രതിഷേധം. എംഎല്‍എയുടെ ഓഫീസിലേക്ക് കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. ആരോപണം ഗൗരവമുള്ളതാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എന്നാല്‍ പ്രശ്നത്തെ രാഷ്ട്രീയമുതലെടുപ്പിന് ഉപയോഗിക്കരുതെന്ന് ടെസ് ജോസഫ് പ്രതികരിച്ചു.

ബ്രൂവറി വിവാദത്തില്‍ സിപിഎമ്മിനെ കുരുക്കിലാക്കിയ പ്രതിപക്ഷത്തിന് മുകേഷിനെതിരായ ‘മീ ടൂ’ വിവാദം വീണുകിട്ടിയ ബോണസായി. കൊല്ലത്തെ മുകേഷിന്റെ ഓഫീസിലേക്ക് പ്രകടനം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അരമണിക്കൂറോളം ദേശീയപാതയില്‍ കുത്തിയിരുന്നു. എംഎല്‍എയുടെ കോലവും കത്തിച്ചു.

മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ എംഎല്‍എയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ഓഫീസ് പരിസരത്തുണ്ടായിരുന്ന മുകേഷിന്റെ ചിത്രമുള്ള ഫ്ലക്സ് ബോര്‍ഡുകള്‍ കീറിക്കളഞ്ഞു. എന്നാല്‍ താന്‍ ഉന്നയിച്ച പ്രശ്നത്തെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതിനോട് ടെസ് ജോസഫ് കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചു. പ്രതിഷേധസാധ്യത കണക്കിലെടുത്ത് മുകേഷിന്റെ വീടിനും ഓഫീസിനും പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി.

മുകേഷിനെതിരെയുള്ള ആരോപണത്തില്‍ നടപടികള്‍ നിയമപരമായി പോകട്ടെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരിബാലകൃഷ്ണന്‍ പ്രതികരിച്ചു. ഇത്തരത്തിൽ എന്തെല്ലാം ആരോപണങ്ങളാണ് ഉയരാറുള്ളത്. എന്നുവച്ച് അതു ശരിയാകണമെന്നില്ലല്ലോ എന്ന് അദ്ദേഹം പറഞ്ഞു. അന്വേഷിച്ച ശേഷം വിഷയത്തിൽ പ്രതികരിക്കാമെന്ന് പി.കെ. ശ്രീമതിയും പറഞ്ഞു. മുകേഷിനെതിരായ ആരോപണം ശ്രദ്ധയിൽപെട്ടിട്ടില്ലെന്നായിരുന്നു കൊല്ലം ജില്ലാ നേതൃത്വത്തിന്റെ പ്രതികരണം. വിശദമായി പഠിച്ചശേഷം പരിശോധിക്കാമെന്ന് നേതാക്കൾ പറഞ്ഞു