ന്യൂസ് ഡെസ്ക്

ഫാദര്‍ കുര്യാക്കോസ് കാട്ടുതറയുടെ മൃതദേഹം ചേർത്തല പള്ളിപ്പുറം സെൻറ് മേരീസ് പള്ളിയിൽ  സംസ്കരിച്ചു. സംസ്‌കാരച്ചടങ്ങുകള്‍ക്കെത്തിയ സിസ്റ്റര്‍ അനുപമയ്‌ക്കെതിരെ ഒരു വിഭാഗം വിശ്വാസികളുടെ പ്രതിഷേധമുണ്ടായി. ചേര്‍ത്തല പള്ളിപ്പുറം സെന്റ്‌മേരീസ് പള്ളി പരിസരത്താണ് സംഭവം നടന്നത്. വൈകിട്ട് നാലരയോടെയാണ് ഫാദര്‍ കാട്ടുതറയുടെ സംസ്‌കാരച്ചടങ്ങുകള്‍ക്കായി സിസ്റ്റര്‍ അനുപമ മറ്റ് ചില കന്യാസ്ത്രീകള്‍ക്കൊപ്പം എത്തിയത്. പള്ളിമുറ്റത്ത്  വച്ച് മാധ്യമങ്ങളോട് സംസാരിക്കാന്‍ തുടങ്ങുമ്പോഴാണ് ഒരുവിഭാഗം ജനങ്ങള്‍ അവരെ തടയുകയും പ്രതിഷേധിക്കുകയും ചെയ്തത്.പള്ളിയുടെ ഗേറ്റിന് ഉള്ളില്‍ വച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കാന്‍ അനുവദിക്കില്ലെന്ന് അവര്‍ ഉറപ്പിച്ചു പറഞ്ഞതോടെ അനുപമ കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോരികയായിരുന്നു.

തനിക്ക് വളരെ പ്രിയപ്പെട്ട ആളായിരുന്നു ഫാദര്‍ കുര്യാക്കോസ് കാട്ടുതറ എന്നും പഞ്ചാബ് രൂപതയില്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചവരാണെന്നും പറഞ്ഞ് സിസ്റ്റര്‍ വികാരാധീനയായെങ്കിലും പ്രതിഷേധക്കാര്‍ പിന്‍വാങ്ങാന്‍ തയ്യാറായില്ല. സിസ്റ്റര്‍ മനപ്പൂര്‍വ്വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ വേണ്ടിയാണ് മാധ്യമങ്ങളോട് സംസാരിക്കാന്‍ തയ്യാറായതെന്ന രീതിയിലാണ് പ്രതിഷേധക്കാര്‍ നിലകൊണ്ടത്. കരഞ്ഞു കാണിച്ചതു കൊണ്ടൊന്നും കാര്യമില്ലെന്നും പള്ളിയിലേക്ക് കടത്തിവിടില്ലെന്നും പറഞ്ഞ് പ്രതിഷേധക്കാര്‍ കാര്‍ക്കശ്യത്തോടെയാണ് പെരുമാറിയത്. ഒടുവില്‍ പള്ളി ഗേറ്റിന് പുറത്തെത്തിക്കഴിഞ്ഞു മാത്രമാണ് സിസ്റ്റര്‍ അനുപമയ്ക്ക് മാധ്യമങ്ങളോട് സംസാരിക്കാനായത്. പ്രതിഷേധക്കാരില്‍ നിന്ന് സിസ്റ്ററെ സംരക്ഷിച്ച് പുറത്തെത്തിച്ച വിശ്വാസികളില്‍ ചിലര്‍ സിസ്റ്റര്‍ക്ക് തങ്ങളുടെ പൂര്‍ണ പിന്തുണയുണ്ടെന്ന് പറഞ്ഞ് സമാധാനിപ്പിച്ചാണ് അവരെയും മറ്റ് കന്യാസ്ത്രീകളെയും യാത്രയാക്കിയത്.