ശ്രീലങ്കയില്‍ പ്രസിഡന്റ് ഗോട്ടബായ രാജപക്‌സെയുടെ വസതി പ്രക്ഷോഭകര്‍ കയ്യേറി. ആയിരക്കണിന് വരുന്ന പ്രക്ഷോഭകര്‍ വീട്ടിലേക്ക് ഇരച്ചുകയറുകയായിരുന്നു. ഗോട്ടബായ രാജ്യം വിട്ടെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മഹിന്ദ രാജപക്‌സെ പ്രധാനമന്ത്രിസ്ഥാനം രാജിവച്ചിട്ടും ഗോട്ടബായ പ്രസിഡന്റ് സ്ഥാനത്തു തുടരുകയായിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് ലങ്കയില്‍ പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് മാസങ്ങള്‍ക്ക് മുന്‍പ് പ്രക്ഷോഭം തുടങ്ങിയത്.

സ്ഥിതിഗതികള്‍ നിയന്ത്രണാതീതമാകുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഗോട്ടബായ രാജപക്‌സെ കഴിഞ്ഞദിവസം സൈനിക ആസ്ഥാനത്തേക്ക് മാറിയിരുന്നു. കര്‍ഫ്യൂ പിന്‍വലിച്ചതിന് പിന്നാലെ ആയികരണക്കിന് പ്രക്ഷോഭകര്‍ ഇന്ന് രാവിലെ ലങ്കന്‍ പതാകയും ഹെല്‍മറ്റുകളുമായി പ്രസിഡന്റിന്റെ വസതി വളയുകയായിരുന്നു. പ്രതിപക്ഷപാര്‍ട്ടികള്‍ ഉള്‍പ്പെടെ നടത്തിയ നിയമപോരാട്ടത്തിന് ഒടുവിലാണ് പൊലീസ് കര്‍ഫ്യൂ പിന്‍വലിച്ചത്. പൊലീസ് ആകാശത്തേക്ക് വെടിവച്ചെങ്കിലും വസതി കയ്യേറുന്നതില്‍നിന്ന് പ്രക്ഷോഭകരെ തടയാനായില്ല.

പരിക്കേറ്റ 33 പ്രക്ഷോഭകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. കടുത്ത ഇന്ധനക്ഷാമത്തെ തുടര്‍ന്ന് പൊതുഗതാഗതം തടസ്സപ്പെട്ടെങ്കിലും ബസുകളിലും ട്രെയിനുകളിലും ട്രെക്കുകളിലും കൂട്ടമായാണ് പ്രതിഷേധക്കാര്‍ കൊളംബോയിലെത്തിയത്. ശനിയാഴ്ചത്തെ റാലിയില്‍ പങ്കെടുക്കാന്‍ കൊളംബോയില്‍ എത്തിക്കുന്നതിന് പ്രതിഷേധക്കാരുടെ നിര്‍ബന്ധിത്തിന് വഴങ്ങി ട്രെയിന്‍ സര്‍വീസ് നടത്തിയെന്ന് അധികൃതര്‍ അറിയിച്ചു.