ഓസ്കർ ചടങ്ങിനിടെ നടന്‍ വില്‍ സ്മിത്ത് അവതാരകന്‍ ക്രിസ് റോക്കിന്റെ മുഖത്തടിച്ചത് സഹതാരങ്ങളെയടക്കം ഞെട്ടിച്ചിരുന്നു. ‌ഭാര്യയ്ക്കു മുടിയില്ലാത്തതിനെ കളിയാക്കിക്കൊണ്ടുള്ള അവതാരകന്റെ കമന്റാണ് വില്‍ സ്മിത്തിനെ ചൊടിപ്പിച്ചത്. എന്നാല്‍ വിൽ സ്മിത്തിന്റെ പ്രവൃത്തി അതിരു കടന്നു പോയെന്നും ഓസ്കർ വേദിക്കു തന്നെ ഇത് അപമാനമാണെന്നും വിമർശനം ഉയരുന്നുണ്ട്. അതേസമയം രോഗിയായ ഭാര്യയെ കൺമുന്നിൽവച്ചു കളിയാക്കിയാൽ ആരുടെയും നിയന്ത്രണം വിട്ടുപോകുമെന്നും ഭാര്യയ് ക്കേറ്റ അപമാനം സഹിക്കവയ്യാതെയാണ് വില്‍ അവതാരകനെ തല്ലിയതെന്നും ഒരുവിഭാഗം പറയുന്നു.

വില്‍ സ്മിത്തിന്റെ ഭാര്യ ജാദ പിങ്കെറ്റ് സ്മിത്ത് അലോപേഷ്യ രോഗിയാണ്. അകാരണമായി തലമുടി കൊഴിഞ്ഞു പോവുന്ന അവസ്ഥയാണിത്. നടിയും ടെലിവിഷന്‍ അവതാരകയും ആക്ടിവിസ്റ്റുമായ ജാദ പല അഭിമുഖങ്ങളിലും തന്റെ ഈ അവസ്ഥയെക്കുറിച്ച് തുറന്നു പറഞ്ഞിട്ടുണ്ട്.

മികച്ച ഡോക്യുമെന്ററിക്കുള്ള പുരസ്കാരം സമ്മാനിക്കാനായിരുന്നു ക്രിസ് റോക്ക് വേദിയിലെത്തിയത്. പുരസ്കാരം പ്രഖ്യാപിക്കുന്നതിനിടെയാണ് റോക്ക് ജാദയുടെ രൂപത്തെ പരിഹസിച്ചത്. ജിഐ ജെയ്ൻ സിനിമയിലെ ഡെമി മൂറിന്റെ ലുക്കാണ് ജാദയ്ക്ക് എന്നായിരുന്നു പരിഹാസം. അവതാരകന്റെ പരിഹാസത്തിൽ മുഖം ചുളിക്കുന്ന ജാദയെ വിഡിയോയില്‍ കാണാം.

ഭാര്യയെ ആ വാക്കുകൾ വേദനിപ്പിച്ചു എന്നു മനസ്സിലാക്കിയ വിൽ സ്മിത്ത് ഉടൻ ഇരിപ്പടത്തില്‍നിന്നു ചാടി എഴുന്നേറ്റ് ക്രിസിന്റെ മുഖത്തടിക്കുകയായിരുന്നു. ‘നിന്റെ വൃത്തികെട്ട വായ കൊണ്ട് എന്റെ ഭാര്യയെക്കുറിച്ചു പറയരുതെന്ന്’ ഇരിപ്പിടത്തില്‍ തിരിച്ചെത്തിയ ശേഷം വിൽ ഉറക്കെപ്പറയുകയും ചെയ്തിരുന്നു.

1997–ലാണ് വില്‍ സ്മിത്തും ജാദയും വിവാഹിതരാവുന്നത്. ഇവര്‍ക്കു ജാദെന്‍, വില്ലോ എന്നീ മക്കളുമുണ്ട്.