സൗദി ഉള്‍പെടെയുള്ള അറബ് രാജ്യങ്ങള്‍ ഖത്തറുമായി നയതന്ത്ര ബന്ധം വരെ വിച്ഛേദിച്ച സാഹചര്യത്തില്‍ ഇന്ത്യക്കാരുടെ ഖത്തര്‍ യാത്രയും പ്രതിസന്ധിയിലാകുന്നു. ദോഹയിലേക്കുള്ള വിമാനങ്ങള്‍ തങ്ങളുടെ ആകാശത്ത് കൂടെ പറക്കുമ്പോള്‍ അനുമതി വാങ്ങണമെന്ന് യു.എ.ഇ ഇന്ത്യയ്ക്ക് നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. യു.എ.ഇ കടുത്ത തീരുമാനമാണ് സ്വീകരിക്കുന്നതെങ്കില്‍ ഇന്ത്യയില്‍ നിന്ന് ഖത്തറിലേക്കുള്ള യാത്രക്കാര്‍ക്കും ഈ  നടപടി പ്രതിസന്ധിയുണ്ടാക്കും.

വിമാന ടിക്കറ്റിന്റെ നിരക്ക് വര്‍ധനയാണ് പ്രത്യക്ഷത്തില്‍ നേരിടേണ്ടി വരുന്ന വലിയ പ്രശ്‌നം. യു.എ.ഇ നിയന്ത്രണം ഉണ്ടാവുകയാണെങ്കില്‍ ഇറാന്‍ വഴി ചുറ്റി പോകേണ്ടതിനാലാണ് നിരക്ക് കൂടുന്നത്. യാത്രയുടെ സമയവും ഇതു കാരണം നീളും. അറബിക്കടലിന് മുകളിലൂടെ ഇറാനിലെത്തിയ ശേഷം അവിടെ നിന്ന് പേര്‍ഷ്യന്‍ കടലിടുക്കിന് മുകളിലൂടെ വേണം ഖത്തറിലെത്താന്‍. ഖത്തറും ഇറാനും തമ്മില്‍ ഇപ്പോഴും ബന്ധമുള്ളതിനാല്‍ ഈ വഴിയിലൂടെ യാത്ര ഇപ്പോഴും സാധ്യമാണ്. ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്ക് വരാനും ഈ വഴിയെ തന്നെ ആശ്രയിക്കേണ്ടി വരും.

അതേസമയം ദല്‍ഹിയില്‍ നിന്ന് ഖത്തറിലേക്കുള്ള യാത്ര പാകിസ്താനു മുകളിലൂടെ ആയതിനാല്‍ ഈ യാത്രയ്ക്ക് പ്രശ്‌നങ്ങളുണ്ടാകില്ല. മറ്റ് വിമാനത്താവളങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് പ്രയാസം നേരിടേണ്ടി വരിക. ഖത്തര്‍ എയര്‍ വേയ്‌സും ഇന്ത്യന്‍ വിമാന കമ്പനികളുമാണ് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സര്‍വ്വീസ് നടത്തുന്നത്. അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലേക്ക് ദോഹ വഴി പോകുന്ന ദീര്‍ഘദൂര യാത്രക്കാര്‍ക്കും തിരിച്ചടിയുണ്ടാവാന്‍ സാധ്യതയുണ്ട്. താരതമ്യേന ചെലവ് കുറഞ്ഞ ഈ റൂട്ട് ഉപേക്ഷിക്കേണ്ടി വന്നാല്‍ മണിക്കൂറുകളാണ് യാത്രാസമയം വര്‍ധിക്കുക.