സംസ്ഥാനത്തെ പ്രളയബാധിത പ്രദേശങ്ങളില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം തുടരുകയാണ്. ഇതിനിടെയാണ് മനസ്സ് നിറക്കുന്നൊരു വാര്‍ത്ത എത്തുന്നത്.

ചെങ്ങന്നൂരില്‍ രോഗിയായ സ്ത്രീയെ ആശുപത്രിയിലേക്കു കൊണ്ടു പോകാനെത്തിയ എയര്‍ ആംബുലന്‍സിനായി രാഹുല്‍ യാത്ര വൈകിപ്പിച്ചു കാത്തുനിന്നു. ചെങ്ങന്നൂരിലെ പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിച്ചശേഷം രാഹുല്‍ തിരികെ ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ടിലെ ഹെലിപ്പാഡിലെത്തി. അവിടെ കാത്തുകിടന്ന ഹെലികോപ്റ്ററില്‍ രാഹുലും ചെന്നിത്തലയും എംഎം ഹസനും കയറുകയും ചെയ്തു.

അപ്പോഴാണ് അവിടെ ഒരു എയര്‍ ആംബുലന്‍സ് ഉള്ളത് കണ്ടത്. ‌രോഗിയായ സ്ത്രീയെ കോട്ടയത്തെ ആശുപത്രിയിലേക്കു കൊണ്ടുപോകാനുള്ള തയാറെടുപ്പിലായിരുന്നു അവര്‍. വിവരമറിഞ്ഞ രാഹുല്‍ എയര്‍ ആംബുലന്‍സ് പോയ ശേഷം മതി തന്റെ യാത്രയെന്നു നിര്‍ദേശിച്ച് കോപ്പ്റ്ററിനു സമീപം കാത്തു നില്‍ക്കുകയായിരുന്നു. പിന്നാലെ എയര്‍ ആംബുലന്‍സിന് അടുത്തെത്തി രാഹുല്‍ കാര്യങ്ങള്‍‌ തിരക്കുന്നതും കാണാം.

പിന്നീട് എയര്‍ ആംബുലന്‍സ് പുറപ്പെട്ട ശേഷമാണു അദ്ദേഹം ആലപ്പുഴയിലേക്കു യാത്ര തിരിച്ചത്. പിന്നീട് ആലപ്പുഴയിലെ പരിപാടിയില്‍ വൈകിയതിന്‍റെ കാരണം പറയുന്നതിനിടെ രാഹുല്‍ ഇക്കാര്യം പരാമര്‍ശിക്കുകയും ചെയ്തു.