‘മോദി’ പരാമര്‍ശത്തിന്റെ പേരിലുള്ള അപകീര്‍ത്തിക്കേസില്‍ രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനും ആശ്വാസം. കേസില്‍ പരമാവധി ശിക്ഷ വിധിച്ച സൂറത്ത് വിചാരണ കോടതിയുടെയും ശിക്ഷ ശരിവച്ച ഗുജറാത്ത് ഹൈക്കോടതിയുടെയും നടപടി സ്‌റ്റേ ചെയ്തു. ഇതോടെ രാഹുലിന്റെ അയോഗ്യത നീങ്ങും. അദ്ദേഹത്തിന് എം.പി സ്ഥാനം തിരികെ ലഭിക്കും.

ഇത്തരമൊരു കേസില്‍ എന്തിനാണ് പരമാവധി ശിക്ഷയെന്ന് വിചാരണ കോടതി പറഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി വയനാട്ടിലെ ജനങ്ങളുടെ പൗരാവകാശം കൂടി പാലിക്കണം. വിചാരണ കോടതിയുടെ വിധിയില്‍ രാഹുല്‍ നല്‍കിയ അപ്പീലില്‍ വിധി വരുന്നത് വരെയാണ് സ്‌റ്റേ.

പരാമര്‍ശങ്ങളില്‍ രാഹുല്‍ ഗാന്ധി കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും സുപ്രീം കോടതി ഉപദേശിച്ചു. എന്തിനാണ് പരമാവധി ശിക്ഷ നല്‍കിയതെന്ന് വിചാരണ കോടതിയും അപ്പീല്‍ കോടതികളും വ്യക്തമാക്കുന്നില്ലെന്ന വിമര്‍ശനവും സുപ്രീം കോടതി നടത്തി. ശിക്ഷ ഒരു ദിവസം കൂടി കുറഞ്ഞിരുന്നെങ്കില്‍ ജനപ്രതിനിധ്യ നിയമം ബാധകമാകില്ലായിരുന്നുവെന്ന പരാമര്‍ശവും കോടതി നടത്തി. കീഴ്കോടതികള്‍ നടത്തിയ വിധിയിലെ രാഷ്ട്രീയ മാനം കൂടിയാണ് സുപ്രീം കോടതി വിമര്‍ശന വിധേയമാക്കിയത്.

രാഹുല്‍ ഗാന്ധിയുടെ അഭിഭാഷകനായ മനു അഭിഷേക് സിംഗ്‌വി ചൂണ്ടിക്കാട്ടിയ വാദങ്ങള്‍ കോടതി അംഗീകരിക്കുകയായിരുന്നു. അപകീര്‍ത്തി കേസില്‍ എന്തിനാണ് പരമാവധി ശിക്ഷയെന്നും ഒരു വ്യക്തിയുടെ അല്ല, അദ്ദേഹം പ്രതിനിധീകരിക്കുന്ന മണ്ഡലത്തിലെ ജനങ്ങളുടെ ശബ്ദമാണ് നിഷേധിക്കപ്പെടുന്നതെന്നും അദ്ദേഹം വാദിച്ചിരുന്നു.