ന്യൂസ് ഡെസ്ക് മലയാളം യുകെ

ബ്രിട്ടനിൽ കോവിഡ് രോഗികളായി ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുന്നവരിൽ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർ വളരെ കുറവാണെന്ന് എൻഎച്ച്എസ് അറിയിച്ചു. ഇതിനർത്ഥം വാക്സിനുകൾ കോവിഡിൽ നിന്ന് ഉയർന്ന പരിരക്ഷ നൽകുന്നു എന്നാണെന്ന് എൻഎച്ച്എസ് പ്രൊവൈഡേഴ്സ് തലവൻ ക്രിസ് ഹോപ്സൺ പറഞ്ഞു. വാക്സിൻ സ്വീകരിച്ചവരിൽ രോഗം വന്നാൽ പോലും മാരകമാകാനുള്ള സാധ്യത വളരെ കുറവാണെന്നാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. ഇതുവരെ 25 ദശലക്ഷം ജനങ്ങളാണ് പ്രതിരോധ കുത്തിവെയ്‌പ്പ് സ്വീകരിച്ചത്. ഇത് രാജ്യത്തിൻറെ ജനസംഖ്യയുടെ പകുതിയോളം വരും. ഇന്നലെ 3240 പേർക്കാണ് രോഗം ബാധിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. 6 പേരാണ് ഇന്നലെ കോവിഡ് ബാധിച്ച് മരണമടഞ്ഞത്. ഇന്ത്യൻ വേരിയന്റിനെ നേരിടാൻ 50 വയസ്സിന് മുകളിൽ പ്രായമുള്ളവരോട് എത്രയും പെട്ടെന്ന് തങ്ങളുടെ രണ്ടാമത്തെ ഡോസ് വാക്സിൻ സ്വീകരിക്കണമെന്നാണ് നിർദ്ദേശിക്കപ്പെട്ടിരിക്കുന്നത്.

ഇതിനിടെ എല്ലാ എൻഎച്ച്എസ് ജീവനക്കാരും വാക്സിൻ സ്വീകരിക്കണമെന്ന് വാക്സിനേഷൻെറ ചുമതലയുള്ള മിനിസ്റ്റർ നാദിം സഹാവി പറഞ്ഞു. രോഗബാധിതരെ ചികിത്സിക്കുന്നവർക്ക് വാക്സിൻ നൽകേണ്ടത് അത്യാവശ്യമാണെന്നും ഇതിന് ഉത്തമ ഉദാഹരണമാണ് ശസ്ത്രക്രിയാരംഗത്തുള്ള ഡോക്ടർമാർ എല്ലാവരും ഹെപ്പറ്റൈറ്റിസ് ബി ക്കെതിരെയുള്ള വാക്സിൻ സ്വീകരിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പ്രതിരോധകുത്തിവെയ്പ്പ് സ്വീകരിക്കാനുള്ള സ്വാതന്ത്ര്യം ജനങ്ങളുടേതാണെന്ന് ഗവൺമെൻറ് നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രി ബോറിസ് ജോൺസണും എല്ലാവരും വാക്സിൻ സ്വീകരിക്കുന്നത് നിർബന്ധമല്ല എന്നാണ് പറഞ്ഞിരുന്നത്. നിലവിൽ എൻഎച്ച്എസ് സ്റ്റാഫുകളിൽ ഏകദേശം 10 ശതമാനത്തോളം ആളുകൾ പ്രതിരോധകുത്തിവെയ്പ്പ് സ്വീകരിച്ചിട്ടില്ല. ഇതുവരെ യുകെയിൽ ഏകദേശം 40 മില്യൺ ജനങ്ങൾ ഫസ്റ്റ് ഡോസും 25 മില്യൺ ജനങ്ങൾ സെക്കൻഡ് ഡോസും സ്വീകരിച്ചു. ഇത് ജനങ്ങളുടെ സ്വന്തം ഇഷ്ടപ്രകാരം ആയിരുന്നു. വാക്സിൻ സ്വീകരിക്കാനുള്ള വിമുഖത ജനങ്ങളുടെ ഇടയിൽ ഉണ്ടായിട്ടും ഇത്രയും ജനങ്ങൾ വാക്സിൻ സ്വീകരിച്ചത് അഭിനന്ദനാർഹം ആണെന്ന് ചൂണ്ടികാണിക്കപ്പെടുന്നു .