ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടനിലെ മാരത്തോൺ മത്സരത്തിൽ ചരിത്രം കുറിച്ച് കെനിയൻ താരം സബാസ്റ്റ്യൻ സാവെ രണ്ട് മണിക്കൂറിന് താഴെ സമയം കൊണ്ട് ദൂരം പൂർത്തിയാക്കി ലോക റെക്കോർഡ് സൃഷ്ടിച്ചു. 1 മണിക്കൂർ 59 മിനിറ്റ് 30 സെക്കൻഡ് എന്ന അതിശയകരമായ പ്രകടനത്തിലൂടെയാണ് സാവെ വിജയിച്ചത്. മുൻ റെക്കോർഡ് നേടിയിരുന്ന കെൽവിൻ കിപ്റ്റത്തിന്റെ നേട്ടത്തെ 65 സെക്കൻഡ് മറികടന്നാണ് ഈ ചരിത്രവിജയം. ഏറെക്കാലമായി അസാധ്യമെന്ന് കരുതപ്പെട്ടിരുന്ന രണ്ട് മണിക്കൂറിന് താഴെയുള്ള മാരത്തോൺ നേട്ടം ഇതോടെ ഔദ്യോഗികമായി സാക്ഷാത്കരിക്കപ്പെട്ടു.

അതേസമയം, എത്യോപ്യൻ താരം യോമിഫ് കെജെൽചയും 1 മണിക്കൂർ 59 മിനിറ്റ് 41 സെക്കൻഡ് സമയം കുറിച്ച് രണ്ടാമതായി ഫിനിഷ് ചെയ്ത് രണ്ട് മണിക്കൂർ ഭേദിച്ച മറ്റൊരു താരമായി. മൂന്നാം സ്ഥാനത്തെത്തിയ ഉഗാണ്ടയുടെ ജേക്കബ് കിപ്ലിമോയുടെ 2 മണിക്കൂർ 00 മിനിറ്റ് 28 സെക്കൻഡ് സമയവും മുൻ ലോക റെക്കോർഡിനെ മറികടക്കുന്ന പ്രകടനമായിരുന്നു. ഇതോടെ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ മാരത്തോൺ മത്സരമായി ഈ വർഷത്തെ ലണ്ടൻ മാരത്തോൺ മാറി. വനിതാ വിഭാഗത്തിൽ എത്യോപ്യയുടെ ടിഗ്സ്റ്റ് അസെഫ 2 മണിക്കൂർ 15 മിനിറ്റ് 41 സെക്കൻഡ് സമയം കുറിച്ച് വിജയിച്ച് സ്വന്തം റെക്കോർഡ് മെച്ചപ്പെടുത്തി കിരീടം നിലനിർത്തി.

ലണ്ടൻ നഗരത്തിലെ തെരുവുകൾ സാക്ഷിയായ ഈ അപൂർവ നേട്ടങ്ങൾക്ക് പിന്നിൽ താരങ്ങളുടെ കഠിന പരിശീലനത്തിനൊപ്പം സാങ്കേതിക മുന്നേറ്റങ്ങളും നിർണായകമായി. പുതിയ തലമുറയുടെ ഷൂസുകളുടെ ഉപയോഗം പ്രകടനത്തെ ഗണ്യമായി ഉയർത്തിയെന്നാണ് വിലയിരുത്തൽ. ലോക കായികരംഗത്ത് പുതിയ മാനദണ്ഡങ്ങൾ നിർണ്ണയിച്ച ഈ മത്സരം ദീർഘദൂര ഓട്ടത്തിൽ മനുഷ്യശേഷിയുടെ അതിരുകൾ പുതുക്കി നിർവചിച്ച ദിനമായി ചരിത്രത്തിൽ രേഖപ്പെടും.











Leave a Reply