ന്യൂസ് ഡെസ്ക് മലയാളം യുകെ

നോർത്താംപ്ടൺ: യൂണിവേഴ്‌സിറ്റിയിലെ താമസം ഉപേക്ഷിച്ചു ഹോട്ടലിൽ മുറിയെടുത്ത വിദ്യാർത്ഥിനി പ്രതിവർഷം ലാഭിച്ചത് 4,300 പൗണ്ട്. നോർത്താംപ്ടൺ സർവകലാശാല വിദ്യാർത്ഥിനിയായ ടൈഗർലിലി ടെയ്‌ലർ (20) ആണ് ജീവിതചെലവ് കുറയ്ക്കാനായി ബുദ്ധിപരമായ മാർഗം കണ്ടെത്തിയത്. ഇത് പ്രതിപാദിച്ചുകൊണ്ടുള്ള ടെയ്‌ലറുടെ ടിക്ടോക് വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഇതുവരെ വീഡിയോ കണ്ടത് ആറരലക്ഷത്തിലേറെ പേരാണ്. 48,700 ലൈക്കുകളും നേടി. ഹെർട്ട്‌ഫോർഡ്‌ഷെയറിലെ ബെർകാംസ്റ്റഡിലാണ് താമസം. ചെലവ് ചുരുക്കിയുള്ള തന്റെ ജീവിതത്തെപറ്റി ടെയ്‌ലർ, മണിസൂപ്പർമാർക്കറ്റിനോട് പറഞ്ഞു.

യൂണിവേഴ്സിറ്റി താമസസൗകര്യത്തിനായി പ്രതിമാസം നൽകേണ്ട തുക 620 പൗണ്ടാണ്. ഹോട്ടൽ മുറിയിൽ ഒരു രാത്രി കഴിയുന്നതിനു 35 പൗണ്ട് ചിലവാകും. പല വിദ്യാർത്ഥികളും ഇപ്പോൾ ആഴ്ചയിൽ രണ്ട് ദിവസം മാത്രമാണ് സർവകലാശാലയിൽ പോകുന്നത്. മറ്റ് ദിവസങ്ങൾ ഓൺലൈൻ പഠനമാണ്. അതിനാൽ ഹോട്ടൽ മുറിയിൽ ആഴ്ചയിൽ ഒരു ദിവസമാണ് താമസിക്കുന്നത്. ഇതിലൂടെ ഒരു ഡബിൾ റൂമിനായി പ്രതിമാസം 140 പൗണ്ട് ചിലവാകും. യാത്രാചെലവ് ഉൾപ്പെടെ പ്രതിമാസം 260 പൗണ്ട് മതിയാകുമെന്ന് ടെയ്‌ലർ പറയുന്നു.

യൂണിവേഴ്സിറ്റിയിൽ നിന്ന് താമസം മാറിയപ്പോൾ പ്രതിമാസം 320 പൗണ്ട് ലാഭം ഉണ്ടായി. ഇതിലൂടെ ഒരു വർഷം 4,320 പൗണ്ടിന്റെ ലാഭം. ഇപ്പോഴത്തെ സാഹചര്യത്തിൽ പല വിദ്യാർത്ഥികൾക്കും ഈ മാർഗം അനുകരിക്കാവുന്നതാണെന്ന് മണിസൂപ്പർമാർക്കറ്റ് വ്യക്തമാക്കി. ചില ബാങ്കുകൾ പലിശ രഹിത ഓവർഡ്രാഫ്റ്റുകളും മറ്റ് ആനുകൂല്യങ്ങളും നൽകുന്നതിനാൽ യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾ ബാങ്ക് അക്കൗണ്ട് തുറക്കുന്നത് നല്ലതാണെന്നും അവർ കൂട്ടിച്ചേർത്തു.