ആക്രമിക്കപ്പെട്ട നടിക്ക് നുണ പരിശോധന വേണമെന്ന പരാമര്‍ശം നടത്തിയ നടന്‍ സലിംകുമാറിനെതിരെയും സ്ത്രീകളുടെ സിനിമാ കൂട്ടായ്മയായ വുമണ്‍ കളക്റ്റീവിനുമെതിരെ നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി.

ഒരു സിനിമയുടെ ഷൂട്ടിങ് തിരക്കായത്‌കൊണ്ടും ആ സ്ഥലത്ത് തീരെ കവറേജ് ഇല്ലാത്തത്‌കൊണ്ടും രാവിലെ ഏഴുമണിക്ക് പോവുകയും രാത്രി 10 മണിക്ക് മുറിയില്‍ എത്തുകയും ചെയ്യുമ്പോള്‍ മാത്രമാണ് വാര്‍ത്തകള്‍ അറിയുന്നത്.ഏറ്റവും ദുഖം തോന്നിയത് നടന്‍ സലീം കുമാറിന്റെ പ്രസ്താവനയാണെന്നു ഭാഗ്യലക്ഷ്മി ഫെയ്‌സ്ബുക്കില്‍ വ്യക്തമാക്കി.

ആ പെണ്‍കുട്ടി അന്ന് രാത്രി കാറില്‍ ആ നാല് നരജന്മങ്ങളുടെയിടയില്‍ അനുഭവിച്ച വേദനയും അപമാനവും ഭീതിയും മനസ്സാക്ഷിയുളള ഒരാളും മറക്കില്ല. ആ വേദന ഒരു പെണ്‍കുട്ടിയുടെ അച്ഛന്റെ സ്ഥാനത്ത് നില്‍ക്കുന്നവര്‍ക്കേ മനസിലാവൂ. എങ്ങിനെയാണ് താങ്കള്‍ക്ക് ഇത്തരത്തില്‍ നീചമായി അഭിപ്രായം പറയാന്‍ സാധിച്ചത്..? പെണ്‍മക്കളെക്കുറിച്ച് ഓര്‍ത്തില്ലേ സലീം കുമാര്‍? അതോ അന്ന് ആ പെണ്‍കുട്ടി അനുഭവിച്ചത് പോരാ എന്ന് തോന്നിയോ താങ്കള്‍ക്ക്?.നുണപരിശോധനയിലൂടെ ഇനിയും അവളാ പീഡനം ആവര്‍ത്തിക്കുന്നത് താങ്കള്‍ക്ക് കേട്ട് ആസ്വദിക്കണമായിരുന്നോ? വല്ലാത്ത ക്രൂരമായിരുന്നു ആ പ്രസ്താവന. വൈകിയാണെങ്കിലും താങ്കളാ പോസ്റ്റ് ഡിലീറ്റ് ചെയ്തത്, ഖേദം തോന്നിയിട്ടൊന്നുമായിരിക്കില്ല.

സമൂഹത്തിന്റേയും മാധ്യമങ്ങളുടെയും വിമര്‍ശനം ഭയന്ന് തന്നെയാണ്.എന്തിന്റെ പേരിലായാലും മായ്ച്ചതില്‍ സന്തോഷം. ഇവിടെ മലയാള സിനിമയില്‍ ഒരു സ്ത്രീ സംഘടന ഉണ്ടാക്കിയവരില്‍ ആരും അറിഞ്ഞില്ലേ ഇദ്ദേഹത്തിന്റെ ഈ നല്ല വാക്കുകള്‍.? നിങ്ങള്‍ക്ക് തോന്നുന്ന കാര്യത്തിന് മാത്രമേ പ്രതികരിക്കൂ എന്നാണോ സംഘടനാ തീരുമാനം. വുമണ്‍ കളക്റ്റീവാണോ വുമണ്‍ സെലക്റ്റീവാണോ എന്ന് ചോദിച്ചുകൊണ്ടാണ് ഭാഗ്യലക്ഷ്മി പോസ്റ്റ് അവസാനിപ്പിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് നടന്‍ ദിലീപിനെ പിന്തുണച്ചും ആക്രമിക്കപ്പെട്ട നടിയെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്നും ആവശ്യപ്പെട്ട് സലിംകുമാര്‍ ദീര്‍ഘമായ സ്റ്റാറ്റസ് ഫെയ്സ്ബുക്കിലിട്ടത്. ഇത് വിവാദമായതിനെ തുടര്‍ന്ന് തന്റെ പരാമര്‍ശം തികച്ചും സ്ത്രീവിരുദ്ധവും അപരാധവുമായിരുന്നുവെന്ന് വ്യക്തമാക്കി സലിംകുമാര്‍ മാപ്പ് ചോദിച്ചിരുന്നു.