സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരം കുണ്ടമൺ കടവിലെ ആശ്രമത്തിന് നേരെ ആക്രമണം. ഇന്ന് പുലര്‍ച്ചെയോടെയാണ് കുണ്ടമണ്‍ കടവിലെ ആശ്രമം അജ്ഞാതസംഘം ആക്രമിച്ചത്. ഇതിന് പിന്നിൽ രാഹുൽ ഈശ്വറും, സംഘപരിവാർ ആണെന്ന് സന്ദീപാനന്ദഗിരി ആരോപിച്ചു. ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്.

അക്രമികള്‍ ആശ്രമത്തിന് മുമ്പിലുണ്ടായിരുന്ന രണ്ട് കാറുകളും ഒരു ബൈക്കും തീയിട്ട് നശിപ്പിക്കുകയും ആശ്രമത്തിന് മുമ്പില്‍ റീത്ത് വെക്കുകയും ചെയ്തു. ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. തീ പടര്‍ന്ന് ആശ്രമത്തിലെ കോണ്‍ക്രീറ്റടക്കം ഇളകി നാശനഷ്ടമുണ്ടായിട്ടുണ്ട്.

സംഘപരിവാറും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ പി.എസ്.ശ്രീധരന്‍പിള്ളയും രാഹുല്‍ ഈശ്വറും താഴ്മണ്‍ തന്ത്രി കുടുംബവുമാണ് ആക്രമണത്തിന് പിന്നിലെന്നും ഇതുകൊണ്ടൊന്നും ഭയപ്പെട്ട് പിന്മാറില്ലെന്നും നാളെ എന്നെയും ഇതുപോലെ കത്തിച്ചേക്കാമെന്നും സ്വാമി പറഞ്ഞു.

ശബരിമല സത്രീപ്രവേശന വിഷയത്തിലടക്കം സംഘപരിവാറിന്റെയും തന്ത്രി കുടുംബത്തിന്റെയും നിലപാടുകളെ വിമര്‍ശിക്കുന്നയാളാണ് സ്വാമി സന്ദീപാനന്ദ ഗിരി. തനിക്ക് നേരെ ആക്രമണ ഭീഷണികളുണ്ടായിരുന്നതായി സന്ദീപാനന്ദ ഗിരി നേരത്തെ പറഞ്ഞിരുന്നു.